''ആ പ്രതിസന്ധിയാണ് ഞങ്ങളെ കൂടുതല്‍ വളര്‍ത്തിയത്'' വിജു ജേക്കബ് എഴുതുന്നു

Update:2020-05-28 13:22 IST

സിന്തൈറ്റ് ഗ്രൂപ്പ് വിപണിയിലിറക്കുന്ന മാരിഗോള്‍ഡ് എന്ന ഉല്‍പ്പന്നത്തിന് നല്ല ഡിമാന്റുള്ള സമയം. എല്ലാം വളരെ നന്നായി പോകുന്നു. പെട്ടെന്ന്  ചൈനയില്‍ നിന്ന് അതിന് ശക്തമായ ഒരു മല്‍സരമുണ്ടായി. അവര്‍ വില വളരെ കുറച്ച് വില്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ഞങ്ങള്‍ക്ക് അത്രത്തോളം വില താഴ്ത്തി വില്‍ക്കാനുമാകില്ല. സിന്തൈറ്റ് ആധിപത്യം പുലര്‍ത്തിയിരുന്ന ചില വിപണികള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയത് വലിയ പ്രതിസന്ധിയിലാഴ്ത്തി. എന്നാല്‍ തോറ്റുപിന്മാറാന്‍ തയാറായിരുന്നില്ല. ഈ പ്രതിസന്ധി പുതിയ വിപണികള്‍ തേടാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി. പുതിയ വിപണികളില്‍ പഠനം നടത്തി  ഓരോ വിപണിക്കും അനുയോജ്യമായ രീതിയില്‍ ഉല്‍പ്പന്നത്തില്‍ മാറ്റം വരുത്തി അവിടെ ഉല്‍പ്പന്നം വില്‍ക്കാന്‍ തുടങ്ങി. ഒന്ന് പോയാല്‍ രണ്ട് എന്ന രീതിയില്‍. അതിന്റെ ഫലം ആവേശജനകമായിരുന്നു. പുതിയ വിപണികളിലേക്ക് പടര്‍ന്നുപന്തലിക്കുകവഴി മുമ്പത്തേതിനെക്കാള്‍ അതിവേഗം വളരാന്‍ സാധിച്ചു. ഇന്ന് ഗ്രൂപ്പിന് 95 രാജ്യങ്ങളില്‍ സാന്നിധ്യവും 30 ശതമാനത്തിന് മുകളില്‍ ആഗോള വിപണിവിഹിതവും ഉണ്ട്. ഇന്നത്തെ ഈ വളര്‍ച്ചയില്‍ അന്നത്തെ പ്രതിസന്ധിക്കും പങ്കുണ്ട്.

വലിയൊരു പ്രതിസന്ധിയിലൂടെയാണ് ഇന്ന് സമൂഹം കടന്നുപോകുന്നത്. എന്നാല്‍  പ്രതിസന്ധികളെ നാം ശത്രുതാമനോഭാവത്തോടെയല്ല കാണേണ്ടത്. ക്രിയാത്മകമായി ചിന്തിച്ച് സ്ഥാപനത്തില്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാഹചര്യമൊരുക്കുന്ന ചാലകശക്തികളാണ് പ്രതിസന്ധികള്‍.

സംരംഭകര്‍ വളരെ ശ്രദ്ധാപൂര്‍വ്വം മുന്നോട്ടുപോകേണ്ട സമയമാണിത്. ഏറെ കരുതലോടെ ബയിംഗ് നടത്തുക. അധികം ഇന്‍വെന്ററികള്‍ സൂക്ഷിക്കാതിരിക്കുക. അതുപോലെ വിപണിയെയും നിങ്ങളുടെ ഉപഭോക്താക്കളെയും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുക. ആളുകളുടെ വാങ്ങല്‍ശേഷി കുറഞ്ഞിരിക്കുകയാണ്. അതിനനുസരിച്ച് പ്രൊഡക്ഷന്‍ ഉള്‍പ്പടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുക. സിന്തൈറ്റിനെ സംബന്ധിച്ചടത്തോളം സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വളരെ കരുതലോടെയാണ് ഞങ്ങള്‍ ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്. എവിടെയൊക്കെ ചെലവു കുറയ്ക്കാമോ അതൊക്കെ ചെയ്യുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News