'നമ്മൾ മലയാളികളെന്താ ഇങ്ങനെ?'

Update:2019-03-15 15:32 IST

മലയാളികളുടെ ബിസിനസിനോടുള്ള കാഴ്ചപ്പാട് മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സംവിധായകനും പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് മേധാവിയുമായ വി എ ശ്രീകുമാര്‍ മേനോൻ. കേരളത്തിലെ സംരംഭകർ ഫ്യൂച്വർ-റെഡി ആയിരിക്കണമെന്നും ഭാവിയെ മുന്നിൽക്കണ്ടുകൊണ്ട് തീരുമാനങ്ങൾ എടുക്കണമെന്നും ധനം റീറ്റെയ്ൽ & ബ്രാൻഡ് സമ്മിറ്റിൽ നടത്തിയ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

"കേരളത്തിലെ മിക്ക പ്രമുഖ സംരംഭങ്ങളും കുടുംബ ബിസിനസുകളാണ്. എന്നാൽ പലപ്പോഴും ഇവ ഒരു പരിധിക്കപ്പുറം വളരുന്നില്ല. ഇതിന് കാരണം അവർ മുന്നോട്ട് ചിന്തിക്കുന്നില്ല എന്നതാണ്," ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്ന് വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുള്ള അപൂർവം കമ്പനികളിൽ ഒന്നാണ് കല്യാൺ ജൂവലേഴ്‌സെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാൺ ബ്രാൻഡിനെ പരസ്യപ്പെടുത്തുന്നതിൽ പണം നിക്ഷേപിച്ചപ്പോൾ മറ്റുള്ളവർ ഉത്പന്നങ്ങളിലാണ് നിക്ഷേപിച്ചത്. അതുകൊണ്ടുതന്നെ കമ്പനിയുടെ വാല്യൂവേഷൻ കുതിച്ചുയർന്നു.

കേരളത്തിൽ നിന്നും എത്ര കമ്പനികൾ പബ്ലിക് ഇഷ്യൂവിന് പോകുന്നുണ്ടെന്നും എത്ര കമ്പനികൾ പ്രൈവറ്റ് ഇക്വിറ്റി നേടുന്നുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. സംരംഭം തുടങ്ങി മൂന്നോ നാലോ വർഷം ആകുമ്പോഴേക്കും പ്രൈവറ്റ് ഇക്വിറ്റി നേടി, 10 വർഷത്തിലെത്തുമ്പോഴേക്കും പബ്ലിക് ഇഷ്യൂവിന് പോകണമെന്ന് കണക്കാക്കി പ്ലാൻ ചെയ്ത് ബിസിനസ് തുടങ്ങുന്ന ആളുകൾ കേരളത്തിൽ വളരെ കുറവാണ്.

അതേസമയം, വടക്കൻ സംസ്ഥാനങ്ങളിൽ ഒരാൾ ബിസിനസ് തുടങ്ങുമ്പോഴേ തീരുമാനിക്കും താൻ കുടുംബത്തിന്റെ പണം ബിസിനസിൽ രണ്ടു വർഷത്തേയ്ക്ക് മാത്രമേ നിക്ഷേപിക്കൂ എന്ന്. കമ്പനിയെ ഒരു ബ്രാൻഡ് ആക്കി വളർത്തിയാൽ ഉടനെ പ്രൈവറ്റ് ഇക്വിറ്റി കൊണ്ടുവരും, പിന്നീട് പബ്ലിക് ഇഷ്യൂവും.

വാല്യൂവേഷന്റെ അടിസ്ഥാനത്തിൽ ബിസിനസിനെ കാണുമ്പോഴേ വളർച്ചയുണ്ടാകൂവെന്ന് ശ്രീകുമാർ ചൂണ്ടിക്കാട്ടി. മൂന്നോ നാലോ വർഷങ്ങൾ മുൻപോട്ട് ചിന്തിക്കണം. ഇവിടെ പലരും അന്നാന്നത്തെ നിലനിൽപ്പിനെക്കുറിച്ചാണ് ആലോചിക്കുന്നത്. എന്റെ ബ്രാൻഡിനെ അടുത്ത മാർക്കറ്റിൽ എങ്ങനെ അവതരിപ്പിക്കാമെന്നാലോചിക്കുന്നതിന് പകരം നാളത്തെ ചെക്ക് എങ്ങനെ പാസാക്കാം എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ള സംരംഭകന് ബ്രാൻഡിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള മനസോ സമയമോ ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.

"നമ്മൾ ഒരു ബിസിനസ് തുടങ്ങുമ്പോൾ തന്നെ പ്രൈവറ്റ് ഇക്വിറ്റിക്കും പബ്ലിക് ഇഷ്യൂവിനും തയ്യാറായിരിക്കണം. ഇവർ വന്ന് ബിസിനസ് മുഴുവൻ കൊണ്ടുപോകുമോയെന്ന് ഇവിടെ പലർക്കും ഭയമാണ്. ഇനി നിക്ഷേപത്തിന് ആരെങ്കിലും തയ്യാറായി വന്നാൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമുക്ക് കൃത്യമായ മറുപടിയും ഉണ്ടാകില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തിനേയും ചോദ്യം ചെയ്യുന്ന സ്വഭാവമാണ് മലയാളിക്ക്. എന്നാൽ നമ്മോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നമ്മൾ ബാധ്യസ്ഥരാണെന്നുള്ള ചിന്ത മലയാളിക്കില്ല. നമ്മൾ എന്താണ് ഇങ്ങനെ? ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കേണ്ട സമയമായിരിക്കുന്നു.

കുടുംബ ബിസിനസിനെക്കുറിച്ച്

  • ഫാമിലി ബിസിനസുകളിൽ തീരുമാനങ്ങൾ എടുക്കപ്പെടുന്നത് ബ്രേക്ക്ഫാസ്റ്റ് ടേബിളിലാണ്. ചിലപ്പോൾ വീട്ടിലെ ജോലിക്കാരും ഈ ബ്രേക്ക്ഫാസ്റ്റ് ടേബിൾ ചർച്ചയുടെ ഭാഗമാവാറുണ്ട്. അവരെല്ലാം തെറ്റായ ആളുകളോടാണ് അഭിപ്രായം ചോദിക്കുന്നത്. പക്ഷെ പലപ്പോഴും നമ്മൾ അഭിപ്രായം ചോദിക്കുന്ന ആളുകൾ നമ്മുടെ ബിസിനസിന്റെ ടാർഗറ്റ് കൺസ്യൂമർ ആയിരിക്കില്ല എന്നതാണ് സത്യം.
  • ഇത്തരം തീരുമാനങ്ങൾ പലപ്പോഴും വിജയിക്കാറുണ്ട്, എന്നാൽ പരാജയപ്പെടാൻ സാധ്യതയും കൂടുതലാണ്.
  • ചർച്ചകൾ ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ നിന്ന് ബോർഡ് റൂമിലേക്ക് മാറുമ്പോൾ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നില്ലെന്നതാണ് പല കുടുംബ ബ്രാൻഡുകളുടെയും വീഴ്ചയിലേക്ക് നയിക്കുന്നത്.
  • നമ്മുടെ ഒരു വ്യക്തിയുടെ കഴിവുകൊണ്ട് ഒരു ബ്രാൻഡിനെ ഒരു നിശ്ചിത ഘട്ടം വരെ എത്തിക്കാൻ സാധിക്കും. അതിനു ശേഷം പ്രൊഫഷണൽ മാനേജ്മെന്റ് സപ്പോർട്ട് വേണമെന്നും പ്രൊഫഷണൽ അഡ്വൈസ് വേണമെന്നും ഒരുപാട് മാർക്കറ്റ് ഇൻഫോമേഷൻ വേണമെന്നും മനസിലാക്കാൻ കഴിയാതെ പോകുന്നവർ പരാജയപ്പെടും. അത് കൃത്യസമയത്ത് മനസിലാക്കുന്നവർ വിജയിക്കുന്നത് നമുക്ക് കാണാൻ കഴിയും.
  • കമ്പനിയുടമ തന്നെയാണ് അയാളുടെ ബ്രാൻഡിന്റെ ഏറ്റവും വലിയ ശത്രു. ഇക്കൂട്ടർ സിഇഒ, സിഒഒ, സിഎഫ്ഒ എന്നിങ്ങനെയുള്ള പോസ്റ്റുകളിൽ പ്രൊഫഷണലുകളെ നിയമിക്കും. വലിയ മീറ്റിംഗുകൾ കൂടും. പക്ഷെ അവർ പറയുന്നത് ശ്രദ്ധിക്കുകയില്ല, ശ്രദ്ധിച്ചാൽ തന്നെ അംഗീകരിക്കുകയുമില്ല. ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ തീരുമാനങ്ങൾ എടുക്കുന്ന അതേ ഉത്സാഹത്തോടുകൂടി ഈ മീറ്റിങ്ങുകളിൽ തീരുമാനങ്ങൾ എടുക്കുന്നില്ല. ഇതിന് പിന്നിൽ ഒരൊറ്റ കാരണമേ ഉള്ളൂ: ഈഗോ.
  • പ്രൊഫഷണലുകളെ നിയമിക്കാൻ വളരെയധികം പണം ചെലവാക്കുകയും അവരുടെ പ്രൊഫഷണൽ കഴിവുകളെ ഉപയോഗിക്കാതെ പാഴാക്കുകയുമാണ് നമ്മൾ ഇവിടെ ചെയുന്നത്.
  • ഫാമിലി ബിസിനസുകൾ ഇമോഷണൽ ഡിസിഷൻസ് ആണെടുക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താവും ബ്രാൻഡുമായും വളരെ അടുത്ത ബന്ധമാണുണ്ടാവുക. ഒരു പരിധി കഴിയുമ്പോൾ അത് പൊട്ടും. അതിന്റെ അപ്പുറത്തേയ്ക്ക് വളരേണ്ട ഒരു സാഹചര്യം വരുമ്പോൾ ഉപഭോക്താവുമായുള്ള ഇമോഷണൽ കണക്ട് നിലനിർത്താൻ കഴിയാതെ വരും.
  • ബിസിനസ് തുടങ്ങി അത് വളർത്തി ഒരു നിലയിലാക്കുന്ന ഘട്ടം വരെ യുക്തിപരമായി തീരുമാനമെടുത്തിരുന്നവർ, നിർണായക ഘട്ടത്തിലെത്തുമ്പോൾ ഇമോഷണൽ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങും. ഇത് ബ്രാൻഡിന് ദോഷകരമാണ്.
  • റിലയൻസും, ടാറ്റയും ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളെല്ലാം കുടുംബ ബിസിനസുകൾ പടുത്തുയർത്തിയതാണ്. കൃത്യമായ സമയത്ത് പ്രൊഫഷണൽ വൈദഗ്ധ്യം തേടിയതുകൊണ്ടാണ് അവരിൽ പലരും ലോകോത്തര ബ്രാൻഡുകളായി വളർന്നത്.
  • കുടുംബ ബിസിനസുകൾ നേരിടുന്ന മറ്റൊരു പ്രശ്നം പ്രൊഫഷണലുകൾക്ക് അവർ അർഹിക്കുന്ന അംഗീകാരം നൽകുന്നില്ല എന്നതാണ്. വലിയ പേ പാക്കേജിന് പുറമേ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന അംഗീകാരം അവർക്ക് വളരെ വിലപ്പെട്ടതാണ്. പല സ്ഥാപന ഉടമകളും പ്രൊഫഷണലുകളുടെ ആശയങ്ങൾ കേൾക്കുകയും അത് സ്വന്തം ആശയം എന്ന രീതിയിൽ നടപ്പാക്കുകയും ചെയ്യും. ഇത് അവരുടെ പ്രൊഡക്ടിവിറ്റിയെ ബാധിക്കും.

Similar News