എയര്‍പോര്‍ട്ട് സിറ്റിയായി ഉയരാന്‍ തിരുവനന്തപുരം വിമാനത്താവളവും; വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

ഏഴ് വിമാനത്താവളങ്ങളുടെ വികസനത്തിനായി 60,000 കോടിയുടെ നിക്ഷേപം

Update: 2024-03-12 16:46 GMT

തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടിയുടെ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുമായി ബന്ധപ്പെട്ട വികസനത്തിനായി 30,000 കോടിരൂപയും അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ വിമാനത്താവളങ്ങളോടനുബന്ധിച്ച് ഹോട്ടലുകള്‍, പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വകസനിത്തിനായി 30,000 കോടിരൂപയും നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.

ടെര്‍മിനല്‍ വികസനവും പഞ്ചനക്ഷത്ര ഹോട്ടലും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 4,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക.
വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ടെര്‍മിനലിന് തൊട്ടരുകിലായി 240 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുള്ള പദ്ധതിക്ക് സര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 660 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലാണ് ഉദ്ദേശിക്കുന്നത്. യാത്രക്കാര്‍ക്കും വിമാനക്കമ്പനി ജീവനക്കാര്‍ക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാന്‍ ഇതോടെ സാധിക്കും.
കൂടാതെ ടെര്‍മിനല്‍ വികസനത്തിനായും പദ്ധതിയുണ്ട്. യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി നീണ്ടനേരം കാത്തുനില്‍ക്കേണ്ട സ്ഥിതി ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. കൂടാതെ റണ്‍വേ വികസനത്തിന് ബ്രഹ്‌മോസിനടുത്ത് ഭൂമി അനുവദിക്കാന്‍ നീക്കം നടക്കുന്നുണ്ട്.
തിരുവനന്തപുരം കൂടാതെ മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ഗുവാഹട്ടി, ജയ്പൂര്‍  വിമാനത്താവളങ്ങളിലാണ് അദാനി ഗ്രൂപ്പ് വികസന പദ്ധതികള്‍ നടപ്പാക്കുക.


Tags:    

Similar News