പ്രവര്‍ത്തനമികവിന് അംഗീകാരം; ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്ക് സാരഥ്യത്തില്‍ തുടരും

Update: 2020-07-17 07:15 GMT

ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി ശ്യാം ശ്രീനിവാസനെ പുനര്‍നിയമിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അംഗീകാരം. നിലവിലെ കാലാവധി തീരുന്ന സെപ്തംബര്‍ 23 മുതല്‍ 2021 സെപ്തംബര്‍ 22 വരെ ബാങ്കിന്റെ സാരഥ്യത്തില്‍ തുടരാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്നത്.

2010 സെപ്തംബര്‍ 23നാണ് ശ്യാം ശ്രീനിവാസന്‍ ഫെഡറല്‍ ബാങ്കിന്റെ സാരഥ്യത്തിലേക്ക് എത്തിയത്. ഇന്ത്യന്‍ ബാങ്കിംഗ് രംഗം ഒന്നിനു പിറകെ മറ്റൊന്നായി പ്രതിസന്ധികളിലൂടെ കടന്നുപോയ ഈ ഒരു ദശക കാലത്തിനുള്ളില്‍ ഫെഡറല്‍ ബാങ്കിനെ വളര്‍ച്ചാ പാതയിലൂടെ നയിക്കാന്‍ ശ്യാം ശ്രീനിവാസന് സാധിച്ചു.

കഴിഞ്ഞ ദിവസമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദഫലം ബാങ്ക് പുറത്തുവിട്ടത്. ജൂണ്‍ 30ന് അവസാനിച്ച ആദ്യപാദത്തില്‍ 932.38 കോടി രൂപ ബാങ്ക് പ്രവര്‍ത്തന ലാഭം ഉണ്ടാക്കി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് 19.11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഒരു ദശകം, നിര്‍ണായക വളര്‍ച്ച

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ബാങ്കിംഗ് രംഗത്ത് ഗണ്യമായ തോതില്‍ വിപണി വിഹിതം ഉയര്‍ത്താന്‍ ഫെഡറല്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. ശ്യാം ശ്രീനിവാസന്റെ സാരഥ്യത്തില്‍ ഫെഡറല്‍ ബാങ്ക് കരുത്തുറ്റ ദേശീയ ബാങ്കെന്ന പ്രതിച്ഛായ ആര്‍ജ്ജിച്ചെടുക്കുകയായിരുന്നു. വളര്‍ച്ചയുടെയും വിജയത്തിന്റെയും പുതിയ പാതയിലൂടെ ഫെഡറല്‍ ബാങ്കിനെ നയിക്കുമ്പോഴാണ് ശ്യാം ശ്രീനിവാസന് ഒരു വര്‍ഷം കൂടി കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അങ്ങേയറ്റം യാഥാസ്ഥിതികമായ വളര്‍ച്ചാ നിരക്കാണെങ്കില്‍ പോലും അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഫെഡറല്‍ ബാങ്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വളരുമെന്ന വിശ്വാസമാണ് ശ്യാം ശ്രീനിവാസന്‍ പങ്കുവെയ്ക്കുന്നത്.

തന്ത്രപരമായ നീക്കങ്ങള്‍

ചാക്രികമായി ബിസിനസ് രംഗത്തുണ്ടാകുന്ന കയറ്റിറക്കങ്ങള്‍ കാര്യമായി ബാങ്കിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാത്ത വിധം തന്ത്രപരമായ നീക്കങ്ങളാണ് ശ്യാം ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക് കഴിഞ്ഞ കാലങ്ങളായി സ്വീകരിക്കുന്നത്. ''എല്ലാ ബിസിനസുകള്‍ക്കും ചാക്രികമായ ഒരു ക്രമമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആ പ്രതിഭാസത്തില്‍ പെട്ട് ബാങ്കിന് ക്ഷീണം സംഭവിക്കാന്‍ പാടില്ല. അതുകൊണ്ട് ബിസിനസിനെ, കോര്‍പ്പറേറ്റ്, എംഎസ്എംഇ, റീറ്റെയ്ല്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് കൃത്യമായി ശ്രദ്ധയൂന്നുകയാണ്,'' ധനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ശ്യാം ശ്രീനിവാസന്‍ വ്യക്തമാക്കി.

വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും കൃത്യമായ ആസൂത്രണത്തോടെയാണ് ഫെഡറല്‍ ബാങ്ക് മുന്നോട്ടുപോകുന്നത്. ശക്തമായ സാന്നിധ്യമുള്ള കേരളം പോലുള്ള വിപണികളില്‍ ആധിപത്യം ആര്‍ജ്ജിക്കുന്നതിനൊപ്പം സാന്നിധ്യമുള്ള എല്ലാ വിപണികളിലും നിര്‍ണായക ശക്തിയായി വളരാനുമുള്ള നീക്കങ്ങളാണ് ഫെഡറല്‍ ബാങ്ക് നടത്തുന്നത്.

ഈ ഘട്ടത്തില്‍ ശ്യാം ശ്രീനിവാസന് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയത് അതുകൊണ്ട് തന്നെ ഫെഡറല്‍ ബാങ്കിന്റെ വളര്‍ച്ചയ്ക്കും ഏറെ സഹായകരമാകും. ഡിജിറ്റല്‍ രംഗത്തും വിപ്ലവകരമായ നീക്കങ്ങളാണ് ശ്യാം ശ്രീനിവാസന്റെ സാരഥ്യത്തില്‍ ഫെഡറല്‍ ബാങ്ക് നടത്തുന്നത്.

എന്‍ഐറ്റി ട്രിച്ചി, ഐഐഎം കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്യാം ശ്രീനിവാസന്‍ ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ചെയ്തിട്ടുണ്ട്. രാജ്യാന്തര ബാങ്കുകളില്‍ ഇന്ത്യയിലും വിദേശത്തും വിവിധ റോളുകള്‍ വഹിച്ച ശേഷമാണ് ഫെഡറല്‍ ബാങ്കിലേക്ക് അദ്ദേഹം എത്തിയത്. ക്രിക്കറ്റ് പ്രേമിയായ, പരന്ന വായനയുള്ള ശ്യാം ശ്രീനിവാസന്‍ ടെക്‌നോളജി രംഗത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ബാങ്കിംഗ് വിദഗ്ധന്‍ കൂടിയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News