ബ്രാന്‍ഡ് ബില്‍ഡിംഗ് പ്രധാനം; റീറ്റെയ്ല്‍ മന്ത്രങ്ങള്‍ പങ്കുവച്ച് മൈജിയുടെ എ കെ ഷാജി

Update: 2019-10-23 05:37 GMT

ഒരു ചെറിയ ഷോറൂമില്‍ നിന്ന് ആരംഭിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഗാഡ്ജറ്റ് റീറ്റെയ്ല്‍ ശൃംഖലയെന്ന തലത്തിലേക്ക് വളര്‍ന്ന മാജിക്കാണ് കോഴിക്കോട് ആസ്ഥാനമായ മൈജി ഡിജിറ്റല്‍ ഹബിന്റേത്. 12,000 ചതുരശ്രയടിയുള്ള കേരളത്തിലെ ഏറ്റവും വലിയ ഗാഡ്ജറ്റ് ഷോറൂം അടുത്തിടെയാണ് കോഴിക്കോട് പൊറ്റമ്മലില്‍ നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 100 ഷോറൂമുകള്‍ എന്ന ലക്ഷ്യം വെക്കുന്ന മൈജിയുടെ സാരഥി എ കെ ഷാജി, എങ്ങനെയാണ് മൈജി വേറിട്ടു നില്‍ക്കുന്നതെന്നും റീറ്റെയ്ല്‍ മേഖലയില്‍ തളര്‍ന്നു പോകാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുന്നു.


1. മാന്ദ്യകാലത്തു മൈജി എങ്ങനെയാണ് മികച്ച പ്രകടനം നടത്തുന്നത്?

വിപണിയിലെ മാന്ദ്യം ഒരവസരം കൂടിയാണ്. ഞങ്ങളുടെ കോര്‍ പ്രോഡക്റ്റ് പോര്‍ട്ട്‌ഫോളിയോ ആയ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, ടെലിവിഷന്‍ തുടങ്ങിയവയ്ക്ക് മാന്ദ്യ കാലത്തും ഒരു ഡിമാന്‍ഡ് ഉണ്ടാകും. പ്രത്യേകിച്ച് ഓണം പോലെയുള്ള സീസണ്‍ സമയത്ത്. വിപണിയിലെ ആകെ ഡിമാന്‍ഡ് കുറയുമെന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞകാലങ്ങളില്‍ എല്ലാ ഡീലര്‍മാരും കൂടി 50,000 യൂണിറ്റ് വിറ്റിരുന്നുവെങ്കില്‍ ഇപ്പോള്‍ 30,000 യൂണിറ്റിന്റെ ഡിമാന്‍ഡ് മാത്രമേയുള്ളൂ എന്ന നിലയിലാണത്.

ഇവിടെയാണ് 'ബ്രാന്‍ഡ് പുള്‍' പ്രയോജനപ്പെടുന്നത്. ബ്രാന്‍ഡ് ബില്‍ഡിംഗ്, ഉപഭോക്തൃ സേവനം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതിന്റെ നേട്ടമാണ് മൈജിക്ക് ലഭിക്കുന്നത്. ഇത്തരത്തിലുള്ള മാന്ദ്യ കാലഘട്ടത്തെ
മറികടക്കാന്‍ മൈജിയെ പ്രാപ്തമാക്കുന്നതും അതാണ്.


2. ഗാഡ്ജറ്റ് വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്താണ്?

ഇപ്പോള്‍ യഥാര്‍ത്ഥ ആവശ്യക്കാര്‍ മാത്രമേ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുള്ളൂ. കാഷ്വല്‍ പര്‍ച്ചേസിനും അപ്ഗ്രഡേഷനും ഒന്നും ഉപഭോക്താക്കള്‍ തയാറാവുന്നില്ല. സ്റ്റോക്ക് മാനേജ്‌മെന്റ് വൈദഗ്ധ്യം വളരെ ആവശ്യമായ സമയമാണിത്.

3. മാന്ദ്യം മറികടക്കാന്‍ റീറ്റെയ്ല്‍ മേഖലയ്ക്ക് നല്‍കുന്ന ഉപദേശമെന്ത്?

സ്റ്റോക്ക് മാനേജ്‌മെന്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. ഉപഭോക്തൃ സേവനത്തിലും അവരുടെ വിശ്വാസം ആര്‍ജിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. ഈ സമയത്ത് ഒരു വിധത്തിലുള്ള കുറുക്കുവഴികളും തേടി അവരുടെ വിശ്വാസം നഷ്ടപ്പെടുത്തരുത്. ക്ഷമയോടെ, ഈ കാലം കടന്നു പോകുന്നതു വരെ പിടിച്ചു നില്‍ക്കാനുള്ള തന്ത്രങ്ങള്‍ മെനയുക.

4. റീറ്റെയ്ല്‍ വിപണിയിലെ സാധ്യതകള്‍ എന്തൊക്കെയാണ്?

ഓണ്‍ലൈന്‍ വിപണി വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ പോകുകയാണ്. രാജ്യാന്തര റീറ്റെയ്ല്‍ ഭീമന്മാര്‍ നമ്മുടെ രാജ്യത്തിലും എന്തിനേറെ നമ്മുടെ സംസ്ഥാനത്തേക്ക് വരെ കടന്നു വന്നുകൊണ്ടിരിക്കുന്നു. പരമ്പരാഗത ബിസിനസ് ശൈലിയില്‍ നിന്നും മാറി ചിന്തിക്കേണ്ട സമയമാണിത്.

5. മൈജിയിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?

ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡുകളും മോഡലുകളും ഒരിടത്ത് ലഭിക്കുക മൈജിയിലാകും. 50 ലേറെ ബ്രാന്‍ഡുകള്‍, നാന്നൂറിലേറെ മോഡലുകള്‍ തുടങ്ങി ഉപഭോക്താവിന് ആവേശം പകരുന്ന അനുഭവം ഒരുക്കിയിട്ടുണ്ട്. മികച്ച അഫോര്‍ഡബിലിറ്റിയാണ് മറ്റൊരു പ്രത്യേകത. 1000 ത്തില്‍ താഴെ വിലയുള്ള ഫോണുകള്‍ പോലും തവണ വ്യവസ്ഥയില്‍ നല്‍കുന്നു. മികച്ച ഇഎംഐ സ്‌കീമുകളും പലിശയില്ലാത്ത വായ്പയുമൊക്കെ നല്‍കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel - https://t.me/dhanamonline

Similar News