ഓൺലൈൻ വിൽപന ഇനി പണ്ടത്തെപ്പോലെ ആയിരിക്കില്ല. ഉപഭോക്താക്കളെയും ഇ-കോമേഴ്‌സ് കമ്പനികളേയും സംബന്ധിച്ച് വൻ മാറ്റങ്ങളാണ് ഉടൻ വരാൻ പോകുന്നത്. വിദേശ നിക്ഷേപ (FDI) ചട്ടങ്ങളിലെ ചില പഴുതുകൾ അടക്കാൻ ഓൺലൈൻ വെബ്സൈറ്റുകൾ വഴിയുള്ള വിൽപനയ്ക്ക് കൃത്യമായ നിയന്ത്രണങ്ങൾ നിർദേശിച്ചിരിക്കുകയാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി & പ്രൊമോഷൻ (ഡിഐപിപി).
ഫെബ്രുവരി ഒന്നുമുതൽ പുതിയ നയങ്ങൾ നടപ്പിൽ വരും. നിർദേശങ്ങൾ ഇവയാണ്:
- ഒരു കമ്പനിയുടെ പുതിയതായി പുറത്തിറക്കിയ ഉൽപന്നം ഏതെങ്കിലും ഒരു ഇ-കോമേഴ്‌സ് സൈറ്റിൽ മാത്രമായി വിൽപന (എക്സ്ക്ലൂസിവ് സെയിൽ) നടത്താൻ പാടില്ല. ഉദാഹരണത്തിന് കഴിഞ്ഞ മാസം ആമസോൺ വൺ പ്ലസ് 6ടി യുടെ എക്സ്ക്ലൂസിവ് വിൽപന നടത്തിയിരുന്നു. ഇതുപോലെ എല്ലാ പ്രമുഖ ഓൺലൈൻ സൈറ്റുകളും എക്സ്ക്ലൂസിവ് വിൽപന നടത്താറുണ്ട്. എന്നാൽ ഇനി അത് സാധിക്കില്ല.
- പുതിയ ചട്ടമനുസരിച്ച്, ഇ-കോമേഴ്‌സ് കമ്പനികൾ ഇനിമുതൽ വളരെ വലിയ ഡിസ്‌കൗണ്ടുകൾ നൽകാൻ പാടില്ല.
- ഇതുകൂടാതെ, ഇ-കോമേഴ്‌സ് സൈറ്റുകൾ ഏതെങ്കിലും ഒരു ഉല്പാദകന്റെ 25 ശതമാനത്തിലധികം പ്രൊഡക്ടുകൾ വാങ്ങാനും പാടില്ല.
- ഇ-കോമേഴ്‌സ് കമ്പനികൾക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ഉൽപന്നങ്ങൾ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വിൽപന നടത്താൻ പാടില്ല. ചുരുക്കത്തിൽ ഇ-കോമേഴ്‌സ് കമ്പനികളുടെ സ്വകാര്യ ലേബലുകൾ ഇനി അവർക്ക് തന്നെ വിൽക്കാൻ കഴിയില്ലെന്നർത്ഥം.
- ഇ-കോമേഴ്‌സ് കമ്പനിയെന്നാൽ ബിസിനസ്-ടു-ബിസിനസ് വ്യാപാരമായിരിക്കണമെന്നും ബിസിനസ്-ടു-കൺസ്യൂമർ അല്ലെന്നും ഡിഐപിപി വ്യക്തമാക്കി.
- രാജ്യത്ത് നിലവിലുള്ള മാർക്കറ്റ്പ്ലെയ്‌സ് മോഡലിൽ 100 ശതമാനം എഫ്ഡിഐ (automatic route) അനുവദിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ്-ടു-കൺസ്യൂമർ വ്യാപാരം നടത്തിയാൽ ഇത് ഇൻവെന്ററി മോഡൽ ആയി മാറും. ഇതിൽ മേൽപറഞ്ഞ 100 ശതമാനം എഫ്ഡിഐ അനുവദനീയമല്ല.
- എല്ലാ പ്രമുഖ കമ്പനികൾക്കും പ്രൈവറ്റ് ലേബൽ ഉൽപന്നങ്ങൾ ഉണ്ട്.
- ആമസോണിന്റെ ആമസോൺ ബേസിക്‌സ്, ഫ്ലിപ്കാർട്ടിന്റെ പെർഫെക്ട് ഹോംസ്, മാർക്യൂ തുടങ്ങിയവ പ്രൈവറ്റ് ലേബലുകളാണ്.
- ഇന്ത്യയിൽ ഇത്തരത്തിലുള്ള പ്രൈവറ്റ് ലേബലുകളുടെ മാർക്കറ്റ് വിഹിതം വെറും ആറ് ശതമാനം മാത്രമാണ്. എന്നിരുന്നാലും, ഇ-കോമേഴ്‌സ് കമ്പനികൾക്ക് വിലയിലും ഉൽപ്പന്നങ്ങളുടെ ലഭ്യതയിലും ഉള്ള വിടവ് നികത്താനും മറ്റ് കമ്പനികളേക്കാളും ഉയർന്ന മാർജിൻ നേടാനും പ്രൈവറ്റ് ലേബലുകൾ സഹായിച്ചിരുന്നു.