ഫുട് വെയര്‍ റീറ്റെയ്ല്‍ രംഗത്തുള്ളവരെ സംബന്ധിച്ചിടത്തോളം അടുത്ത ഒരു വര്‍ഷം പിടിച്ചുനില്‍ക്കുക എന്നതാണ് പ്രധാനം. വിവിധ ആവശ്യങ്ങള്‍ക്കായി ഒരു ഉപഭോക്താവ് മൂന്നും നാലും മോഡലുകളിലുള്ള ചെരുപ്പുകള്‍ വാങ്ങുന്ന പ്രവണതയായിരുന്നു കോവിഡിന് മുമ്പുണ്ടായിരുന്നതെങ്കില്‍ ഇനി ആവശ്യത്തിനുള്ളതേ വാങ്ങൂ. ഫുട് വെയര്‍ വിപണിയെ മുന്നോട്ടു നയിച്ചിരുന്ന പല ട്രെന്‍ഡുകളും ഒറ്റയടിക്ക് വിപണിയില്‍ ഇല്ലാതെയായി. അതുകൊണ്ട് ഫുട്് വെയര്‍ റീറ്റെയ്ല്‍ മേഖലയിലുള്ളവര്‍ക്ക് അടുത്ത ഒരു വര്‍ഷം പിടിച്ചുനില്‍ക്കുക എന്നതുതന്നെയാണ് പ്രധാന കാര്യം.
ലാഭമല്ല, നിലനില്‍പ്പാണ് പ്രധാനം
മെട്രന്‍െഡ്‌സിന് കേരളത്തില്‍ 11 സ്റ്റോറുകളാണ് നിലവിലുള്ളത്. കോവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്‌റ്റോറുകളുടെ എണ്ണം 15 ആയേനെ. ലോക്ക്ഡൗണ്‍ നാളുകളില്‍ സ്‌റ്റോറുകള്‍ അടഞ്ഞപ്പോഴും ഞങ്ങള്‍ ഇനിയുള്ള കാലത്ത് ബിസിനസ് എങ്ങനെ നടത്താമെന്നാണ് ചിന്തിച്ചത്. അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി.
സാമൂഹിക അകലം പാലിക്കല്‍ നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാകും. നിലവില്‍ കേരളത്തിലെ 90 ശതമാനം പേരും പാദരക്ഷകള്‍ കടയില്‍ പോയി വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴി ആയിരം രൂപയില്‍ താഴെയുള്ള, വന്‍ വിലക്കിഴിവില്‍ ലഭിക്കുന്ന പാദരക്ഷകളാണ് കൂടുതലും പേര്‍ വാങ്ങുന്നത്.
ഇനിയുള്ള കാലത്ത് ഇ കോമേഴ്‌സ് വില്‍പ്പനയ്ക്കാണ് സാധ്യത. പക്ഷേ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ചെരുപ്പുകള്‍ പാകമായില്ലെങ്കിലോ ഇഷ്ടപ്പെട്ടില്ലെങ്കിലോ എളുപ്പത്തില്‍ അവ മാറ്റിവാങ്ങാന്‍ പറ്റണം. ഇതാകും ഉപഭോക്താവ് ഇനി നോക്കുക.
ഒരു ചെരുപ്പ് വാങ്ങാന്‍ നോക്കുന്നവന്‍ ഇനിയുള്ള കാലത്ത് പരിഗണിക്കുന്ന ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ബിസിനസ് മോഡലില്‍ മാറ്റം വരുത്തുന്നവര്‍ക്കേ ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റൂ. സോഫ്റ്റ് വെയര്‍ മുതല്‍ സ്റ്റോര്‍ മാനേജ്‌മെന്റ് വരെയുള്ള എല്ലാ തലത്തിലും ഞങ്ങള്‍ മാറ്റം വരുത്തി കഴിഞ്ഞു.
ജീവനക്കാരെ പിടിച്ചുനിര്‍ത്തണം, കൂടുതല്‍ വരുമാനത്തിനുള്ള അവസരം കൊടുക്കണം
ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ച് ഞങ്ങള്‍ തുറന്ന മൂന്ന് സ്‌റ്റോറുകളിലും വില്‍പ്പന 15-20 ശതമാനം മാത്രമാണുള്ളത്. എന്നാല്‍ കടകള്‍ തുറന്നതോടെ മറ്റെല്ലാം ചെലവുകളും കൂടി. വാടക, വൈദ്യുതി, വെള്ളം, ജീവനക്കാരുടെ യാത്രാ ചെലവ്, മറ്റ് ചെലവുകള്‍ എല്ലാം.
കച്ചവടം കുത്തനെ കുറയുകയും ചെലവ് കൂടുകയും ചെയ്യുമ്പോള്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഫുട്് വെയര്‍ റീറ്റെയ്‌ലേഴ്‌സ് ബഹുഭൂരിപക്ഷവും അടച്ചുപൂട്ടല്‍ ഭീഷണിയിലാകും. ഈ സാഹചര്യത്തില്‍ ഏറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഈ രംഗത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ സഹായം വേണ്ടിവരും.
ഈ രംഗത്തെ സംരംഭകര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിക്കും മുമ്പ്, അവരെ കാര്യക്ഷമമായി വിനിയോഗിച്ച് തൊഴിലുടമയ്ക്കും തൊഴിലാളികള്‍ക്കും നിലനില്‍ക്കാന്‍ പറ്റുന്ന ഒരു ഫോര്‍മുല വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്.
ഞങ്ങള്‍ അത്തരത്തിലുള്ള ബിസിനസ് ശൈലിയിലേക്ക് മാറി കഴിഞ്ഞു. ഇതുവരെയുണ്ടായതെല്ലാം മറന്നേക്കൂ. നമുക്ക് പുതിയ ശൈലിയില്‍ ബിസിനസ് നടത്താം എന്നാണ് ഞാന്‍ എന്റെ ടീമിനോട് പറഞ്ഞത്. ജീവനക്കാരെ കൂടി പങ്കാളികളാക്കികൊണ്ടുള്ള പുതിയ ബിസിനസ് മോഡലില്‍ ഓരോ സ്‌റ്റോറിലും വില്‍പ്പന കൂടിയാല്‍ ജീവനക്കാര്‍ക്കും കൂടുതല്‍ വേതനം കിട്ടുന്ന സ്ഥിതിയുണ്ടാകും. അടുത്ത മാര്‍ച്ച് 31 വരെയുള്ള പദ്ധതി ടീമിന് മുന്നില്‍ വെച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് വ്യക്തതയോടെ തൊഴില്‍ ചെയ്യാന്‍ പറ്റണം. സുതാര്യമായ പ്രവര്‍ത്തനശൈലിയാണെങ്കില്‍ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കാന്‍ ടീമംഗങ്ങള്‍ തയ്യാറാകും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ നേട്ടമുണ്ടാക്കാന്‍ പറ്റുന്ന പ്ലാനാണ് ഞങ്ങളുടേത്.
കേരളത്തിന് സാധ്യതയേറെ
കേരളത്തില്‍ ഫുട് വെയര്‍ മാനുഫാക്ചറിംഗ് രംഗത്ത് ഒട്ടനവധി നല്ല കമ്പനികളുണ്ട്. നാം ഈ രംഗത്ത് ഏറെ മുന്നില്‍ നടന്നവരുമാണ്. മാറിയ സാഹചര്യത്തില്‍ കേരളത്തിലെ കമ്പനികള്‍ക്ക് വലിയ സാധ്യതകളുണ്ട്. കാരണം ഇനി മുന്‍കാലങ്ങളിലേതുപോലെ പുറത്തുനിന്ന് വന്‍തോതില്‍ പാദരക്ഷകള്‍ ഇവിടേക്ക് വരണമെന്നില്ല. മലയാളികളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ്, നൂതനമായ രൂപകല്‍പ്പയില്‍, മികച്ച സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ നമുക്ക് ഇവിടെ തന്നെ പാദരക്ഷകള്‍ നിര്‍മിക്കാം. ഇവിടെ വിപണിയുമുണ്ട്. ഒപ്പം നമുക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള പുതിയ വിപണികളിലേക്ക് പോകാനും സാധിക്കും.
ബാധ്യതകള്‍ കൂടും, സഹായം വേണം
പ്രവര്‍ത്തന ദിവസങ്ങളും പ്രവര്‍ത്തന സമയവും ജീവനക്കാരുടെ എണ്ണവും പരിമിതപ്പെടുത്തി കച്ചവട സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കച്ചവടക്കാരന് കൂടുതല്‍ സാമ്പത്തികഭാരമാണ് ഉണ്ടായിരിക്കുന്നത്.
കടകള്‍ പൂട്ടിക്കിടന്നതോടെ കുറേയേറെ സ്‌റ്റോക്കുകള്‍ നശിച്ചുപോയിട്ടുണ്ട്. വിതരണക്കാരുടെ പേയ്‌മെന്റ് ബില്‍ കൊടുക്കണം. ജിഎസ്ടി സംബന്ധമായ കാര്യങ്ങള്‍ ഇതിനുപുറമേയുണ്ട്. ഇക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ കൂടി ഇടപെട്ട് വേണ്ട പിന്തുണയും സഹായവും നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ കച്ചവടക്കാരില്‍ ബഹുഭൂരിപക്ഷവും പൂട്ടിപോകേണ്ടി വരും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline