കേന്ദ്ര ബജറ്റ്: ഇന്‍കം ടാക്‌സില്‍ എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം 

Update: 2019-07-03 05:47 GMT

ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ജൂലൈ 5 ന് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ആളുകളുടെ പ്രതീക്ഷകള്‍ ആകാശത്തോളമാണ്. നികുതി കുറയ്ക്കുകയാണ് പൗരന്മാരുടെ, പ്രത്യേകിച്ച് ഇടത്തരം വരുമാനക്കാരുടെ പ്രധാന ആവശ്യം. മൊത്തം നികുതി കുറവു വരുത്തണം, അല്ലെങ്കില്‍ അവരുടെ വീട്ടു ചെലവുകള്‍ കുറയ്ക്കുന്ന നികുതി കിഴിവു നല്‍കണം.

ഈ ആവശ്യങ്ങളെല്ലാം ഗവണ്‍മെന്റ് പരിഗണിക്കാനിടയില്ലെങ്കിലും ഇടത്തരക്കാരുടെ നികുതി ലഘൂകരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടേക്കാം. നിലവിലെ സാമ്പത്തിക അവസ്ഥ അനുസരിച്ച് വലിയ മാറ്റങ്ങളൊന്നും വരുത്താനുള്ള സാധ്യതയില്ലെന്ന് സാമ്പത്തിക വിധഗ്ദ്ധര്‍ സൂചന നല്‍കുന്നു.

സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ഡിമാന്‍ഡ് വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ക്കാകും ഗവണ്‍മെന്റ് പ്രാധാന്യം നല്‍കുകയെന്നാണ് നികുതി വിദഗ്ധര്‍ പറയുന്നത്. നിര്‍മ്മല സീതാരാമന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാവുന്ന ചില ആദായ നികുതി മാറ്റങ്ങള്‍:

നികുതി ഇളവ്

ഇടക്കാല ബജറ്റില്‍ സെഷന്‍ 87 എ പ്രകാരം പൂര്‍ണ നികുതി ആനുകൂല്യം പ്രഖ്യാപിച്ചതിനാല്‍ വീണ്ടും നികുതി ഇളവില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. സാധാരണ പൗരന്മാരും വ്യവസായ സംഘടനകളുമൊക്കെ നിലവിലെ നികുതി കിഴിവ് 2.5 ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മോശമായതിനാല്‍ അത് പരിഹരിക്കുന്നതിനായിരിക്കും പരിഗണന എന്നതിനാല്‍ നികുതി കിഴിവു നടപടികള്‍ക്ക് സാധ്യതയില്ലെന്ന് ജനങ്ങള്‍ മനസിലാക്കണം.

പലരും പ്രതീക്ഷിക്കുന്നത് ഗവണ്‍മെന്റ് പരിധി ഉയര്‍ത്തുമെന്നാണ്, എന്നാല്‍ ഇത് നിലവിലെ നികുതിദായകരുടെ എണ്ണത്തില്‍ (ടാക്‌സ് ബേസ്)ഇത് കുറവു വരുത്തും. അതായത് കൂടുതല്‍ ആളുകള്‍ നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കപ്പെടും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ടാക്‌സ് ബേസ് കൂട്ടാനാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതെന്നതിനാല്‍ ഇത്തരമൊരു നീക്കത്തിന് സാധ്യത കുറവാണ്.

നികുതി കിഴിവ്

നികുതി ഒഴിവാക്കല്‍ പരിധിയില്‍ വര്‍ധന പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശരാകേണ്ടി വരാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ ഇന്‍കം ടാക്്‌സ് ആക്ടിന്റെ വിവിധ സെഷനുകള്‍ക്ക് കീഴില്‍ ഉയര്‍ന്ന കിഴിവ് നല്‍കി ഗവണ്‍മെന്റ് നികുതിദായകരെ സന്തോഷിപ്പിച്ചേക്കും.

നിലവില്‍ സെഷന്‍ 80 സി പ്രകാരം 1.5 ലക്ഷമാണ് നികുതി കിഴിവ്, ഇത് രണ്ട് ലക്ഷമോ അതിന് മുകളിലോ ആക്കി ഉയര്‍ത്തിയേക്കാം. പിപിഎഫ്, ഇപിഎഫ്, എന്‍എസ്‌സി, ഫിക്‌സഡ് ഡെപ്പോസിറ്റ്‌സ്, എന്‍പിഎസ് തുടങ്ങിയ 80 സിക്ക് കീഴില്‍ വരുന്ന നിക്ഷേപങ്ങളിേേലക്ക് കൂടുതലായി നിക്ഷേപിക്കാന്‍ ഇത് വഴിയൊരുക്കും.

ആരോഗ്യ മേഖല

ഹെല്‍ത്ത് കെയര്‍ മേഖലയിലുള്ള ടാക്‌സ് സേവിംഗ് ഇന്‍സ്ട്രമെന്റുകള്‍ക്ക് കൂടുതല്‍ ഡിഡക്ഷന്‍ നല്‍കാനുള്ള സാധ്യതയുണ്ട്. വിവിധ വ്യവസായ സംഘടനകള്‍ ഇതിനകം തന്നെ സെക്ഷന്‍ 80 ഡി പ്രകാരമുള്ള ടാക്‌സ് സേവിംഗ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിധി നിലവിലെ 25000 ത്തില്‍ നിന്ന് ഉയര്‍ത്തിയേക്കാം. അറുപതു വയസിനു മുകളിലുള്ളവര്‍ക്കുള്ള സെക്ഷന്‍ 80(ഡി) പ്രകാരമുള്ള കിഴിവും ഉയര്‍ത്തിയേക്കാം. നിലവില്‍ 60 വയസിനു മുകളിലുള്ള ആളുകളുടെ പരിധി 50000 രൂപയാണ്.

ഭവനവായ്പാ കിഴിവ്

റിയല്‍ എസ്‌റ്റേറ്റ് മേഖല അത്യന്തം തളര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ബയേഴ്‌സിന് കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കാനും ഈ മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായേക്കാം. പുതിയ വിവരങ്ങള്‍ പ്രകാരം സെക്ഷന്‍ 24 ബി പ്രകാരം 2 ലക്ഷം രൂപ വരെ പരമാവധി കിഴിവ് അവകാശപ്പെടാവുന്നതാണ്. ഡിമാന്‍ഡ് ഉയര്‍ത്താന്‍ ഗവണ്‍മെന്റ് വീണ്ടും ഈ പരിധി ഉയര്‍ത്തിയാക്കാം. വീടിന്റെ പണി പൂര്‍ത്തിയാകുന്ന വര്‍ഷം മുതല്‍ ഇത് ക്ലെയിം ചെയ്യാനാകും.

ടാക്‌സ് ഫ്രീ ബോണ്ടുകള്‍

അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധ പതിപ്പിക്കുക. കാരണം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഡിമാന്‍ഡ് ഉയര്‍ത്താനും ഇതാവശ്യമാണ്. ഇത്തരം അവസരത്തില്‍ ടാക്‌സ് ഫ്രീ ബോണ്ടുകള്‍ തിരിച്ചു വന്നാല്‍ അത്ഭുതപ്പെടാനില്ല.

ടാക്‌സ് ഫ്രീ ബോണ്ടുകളിലൂടെ ഗവണ്‍മെന്റിന് മൂലധനം സമാഹരിക്കാനാകും. ഇതില്‍ ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ നികുതി മുക്തമാണ്.

Similar News