വെളുക്കാന്‍ തേച്ചത് പാണ്ടായോ? സ്വര്‍ണ്ണ കള്ളക്കടത്ത് തുടര്‍ക്കഥയാകുന്നതിന് പിന്നില്‍...

Update: 2020-07-21 05:53 GMT

ഇന്ത്യയില്‍ അല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് ഇത്രയും വലിയ വാര്‍ത്തയായി കേട്ടറിവില്ല. കാരണം വളരെ ലളിതമാണ്. ലോകത്തിലെ മൊത്തം സ്വര്‍ണ്ണ ഉപഭോഗത്തിന്റെ 40 ശതമാനത്തോളം ഇന്ത്യയിലാണ്. ഇന്ത്യന്‍ ജനതയുടെ പ്രത്യേകിച്ച് കേരളീയരും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധം ഏറെ പ്രശസ്തമാണല്ലോ.

സ്വര്‍ണ്ണ ഇറക്കുമതിയും ആഭ്യന്തര ഉപയോഗവും കുറയ്ക്കാന്‍ നടപടികളെടുക്കുന്ന സര്‍ക്കാര്‍ ഒരു വശത്ത്. നിയമപരവും അല്ലാത്തതുമായ വഴികളിലൂടെ സ്വര്‍ണ്ണകച്ചവടം കൊഴുപ്പിക്കുന്ന സ്വര്‍ണ്ണവ്യാപാരികള്‍ മറുവശത്ത്. ഇവര്‍ തമ്മിലുള്ള പരസ്പര വിരുദ്ധതയില്‍ നിന്നാണ് സ്വര്‍ണ്ണ് കള്ളക്കടത്ത് ഉണ്ടാകുന്നത്.

കള്ളക്കടത്തിന്റെ വ്യാപ്തി

ഒരു വര്‍ഷം ഇന്ത്യയിലേക്ക് തീരുവ നല്‍കി ഇറക്കുമതി ചെയ്യുന്നത് ഏതാണ്ട് 800 മുതല്‍ 850 ടണ്‍ സ്വര്‍ണ്ണം വരെയാണ്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെന്‍സിന്റെ കണക്കുകള്‍ പ്രകാരം 200-250 ടണ്‍ സ്വര്‍ണ്ണം വരെ കള്ളക്കടത്തിലൂടെ ഇന്ത്യയില്‍ എത്തുന്നുണ്ട്. എന്നുവെച്ചാല്‍ ഒരു ദിവസം ഏതാണ്ട് 700 കിലോഗ്രാം സ്വര്‍ണ്ണം വരെ കള്ളക്കടത്തായി ഇന്ത്യയില്‍ എത്തുന്നുണ്ടെന്ന് അനുമാനിക്കാം.

സ്വര്‍ണ്ണകള്ളക്കടത്തിന് വേണ്ടിവരുന്ന മുതല്‍ മുടക്കും, ഒരുക്കേണ്ട സന്നാഹങ്ങളും, നഷ്ടം വരാനുള്ള സാദ്ധ്യതകളും, നിയമവിരുദ്ധ പ്രവര്‍ത്തനം ആയതിനാല്‍ നേരിടേണ്ടി വന്നേക്കാവുന്ന നിയമനടപടികളും നോക്കുമ്പോള്‍ എന്താണ് ഇതില്‍ നിന്ന് കിട്ടുന്ന സാമ്പത്തിക ലാഭം? അത് ചെറുതല്ല. അതുകൊണ്ടാണല്ലോ ഇത്രയും സാഹസപ്പെട്ട് സ്വര്‍ണ്ണം കടത്തുന്നത്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പല സ്വര്‍ണ്ണ കള്ളക്കടത്തുകള്‍ക്ക് പിന്നിലും അത് തടയുവാന്‍ ചുമതലയുള്ളവര്‍ തന്നെ സഹായികളായി മാറുന്ന ദുരവസ്ഥ നമ്മുക്ക് പരിചിതമാണ്. അനധികൃത ധനസമ്പാദനം ലക്ഷ്യമാകുമ്പോള്‍ കള്ളനായാലും പോലീസായാലും മാര്‍ഗ്ഗം നീചവും നിയമവിരുദ്ധമാവുക സ്വാഭാവികം.

എന്തുകൊണ്ട് സ്വര്‍ണ്ണ കള്ളക്കടത്ത് കൂടുന്നു?

ചരിത്രം പരിശോധിച്ചാല്‍ സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ 1960കള്‍ മുതലേ നടപ്പാക്കിയിരുന്നു എന്ന് കാണാം. സ്വര്‍ണ്ണ  ഇറക്കുമതിയിലൂടെ വിദേശ കരുതല്‍ ധനത്തില്‍ ഉണ്ടാകുന്ന കുറവും രൂപയുടെ വിലയിടിവുമാണ് ഇത്തരത്തില്‍ ഉള്ള നിയന്ത്രണങ്ങള്‍ക്ക് കാരണമായത്. കൂടാതെ ആഭ്യന്തര ഉപയോഗം നിയന്ത്രിക്കുന്നതിനായി സ്വര്‍ണ്ണ ഈടിന്മേലുള്ള വായ്പകള്‍ നിര്‍ത്തിലാക്കിയും സ്വര്‍ണ്ണത്തിന്റെ അവധി വ്യാപാരം നിരോധിച്ചും സ്വര്‍ണ്ണ  ഇറക്കുമതിയും ആഭ്യന്തര ഉപയോഗവും കുറക്കാന്‍ ഇക്കാലയളവില്‍ തീവ്രശ്രമങ്ങള്‍ ഉണ്ടായിരുന്നു.

പക്ഷേ ഈ നടപടികളില്‍ ഒന്നും തന്നെ പ്രതീക്ഷിച്ച ഫലങ്ങള്‍ കാണാതിരുന്നതുകൊണ്ട് അന്നത്തെ കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി ഗോള്‍ഡ് കണ്‍ട്രോള്‍ ആക്ട്, 1968പാസാക്കി. ഈ നിയമപ്രകാരം സ്വര്‍ണ്ണ നാണയങ്ങളും സ്വര്‍ണ്ണ  കട്ടികളും കൈവശം വെക്കുന്നത് കുറ്റകരമായി. സ്വര്‍ണ്ണ  പണിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കുകയും ചെയ്തു. പക്ഷേ പിന്നീട് വന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി 1990 ല്‍ ഈ നിയമം പിന്‍വലിക്കുകയും അനിയന്ത്രിതമായി സ്വര്‍ണ്ണം കൈവശം വയ്ക്കാവുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ഉദാരവല്‍ക്കരണ നാളുകളില്‍ സ്വര്‍ണ്ണ  ഇറക്കുമതി കുറക്കാന്‍ നാം വീണ്ടും കൊണ്ടുവന്ന ഇറക്കുമതി തീരുവയാണ് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണകള്ളക്കടത്തിന് വഴിവെച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കള്ളക്കടത്തില്‍ നിന്ന് കിട്ടുന്ന ലാഭം

'സിറ്റി ഓഫ് ഗോള്‍ഡ്' എന്നറിയപ്പെടുന്ന ദുബായില്‍ നിന്നാണ് മുഖ്യമായും കള്ളക്കടത്തിലൂടെ സ്വര്‍ണ്ണം ഇന്ത്യയില്‍ എത്തിക്കുന്നത്. സ്വര്‍ണ്ണക്കട്ടികളുടെ മൊത്ത വ്യാപാരത്തിന് ഇവിടെയുള്ള നികുതിയിളവും സ്വര്‍ണ്ണകള്ളക്കടത്തിന് ആക്കം കൂട്ടുന്നു എന്ന് പറയാം. ഒരുഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ദുബായിയിലെ വില 4350 രൂപയും (ജൂലൈ 12, 2020) ഇന്ത്യയിലെ വില 5061 രൂപയും (ജൂലൈ 12, 2020) ആണ്. ഇന്ത്യയിലേക്ക് ഒരു ഗ്രാം സ്വര്‍ണ്ണം ദുബായില്‍ നിന്നും ഇറക്കുമതി ചെയ്യണമെങ്കില്‍ നിലവില്‍ 12.5 ശതമാനം കസ്റ്റംസ് തീരുവയും 3% ജി.എസ്.ടിയും നല്‍കണം. എന്നു വെച്ചാല്‍ 1 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ 5025 രൂപയോളം വേണ്ടി വരും. ഇങ്ങനെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുകയാണ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിലൂടെ ഇന്ത്യാ ഗവണ്‍മെന്റ് ലക്ഷ്യം വച്ചത്. തീരുവ ഇല്ലാതെ സ്വര്‍ണ്ണം ഇന്ത്യയില്‍ എത്തിയാല്‍ ക്യാരറ്റ് വ്യത്യാസം അനുസരിച്ച് 400-700 രൂപാ വരെ ഒരു ഗ്രാമില്‍ ലാഭം ഉണ്ടാക്കാം.

ചുരുക്കിപ്പറഞ്ഞാല്‍ 1 കിലോ സ്വര്‍ണ്ണം തീരുവകളല്ലാതെ ഇന്ത്യയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവന്നാല്‍ നാല് മുതല്‍ ഏഴ് ലക്ഷം രൂപവരെ ലാഭിക്കാം. ഈ സാദ്ധ്യത ഉപയോഗപ്പെടുത്തുകയാണ് കള്ളക്കടത്തുകാരുടെ ലക്ഷ്യം. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നതുപോലെ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം സ്വര്‍ണ്ണം ഇറക്കുമതിയില്‍ കാര്യമായ കുറവ് ഉണ്ടായതുമില്ല എന്നാല്‍ സ്വര്‍ണ്ണകളളക്കടത്ത് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു.

എന്തുകൊണ്ട് തീരുവ പിന്‍വലിക്കുന്നില്ല

സ്വര്‍ണ്ണ കള്ളക്കടത്തിലൂടെയുള്ള പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നുളള ആരോപണം ആണ് പ്രധാനമായും തീരുവ പിന്‍വലിക്കണം എന്നതിനുള്ള ന്യായീകരണം. കൂടാതെ സ്വര്‍ണ്ണ വ്യാപാരികളുടെ നിരന്തരമായ ആവശ്യങ്ങളില്‍ ഒന്നാണ് തീരുവ കുറക്കല്‍. പക്ഷേ കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റില്‍ തീരുവ 10 ല്‍ നിന്നും 4% ആയി കുറക്കും എന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് അത് 12.5% ആക്കി ഉയര്‍ത്തുകയാണ് ഉണ്ടായത്. നിയമാനുസൃതമായ സ്വര്‍ണ്ണ ഇറക്കുമതിയുടെ നാലില്‍  ഒന്നോളം നിയമവിരുദ്ധമായി കടത്തുന്ന ഇന്ത്യയില്‍ സ്വര്‍ണ്ണകള്ളക്കടത്തിന് പിടിയിലായ വാര്‍ത്തകള്‍ ഇല്ലാത്ത ദിവസങ്ങള്‍ വിരളമാണ്. പിന്നെയും എന്തുകൊണ്ടാണ് തീരുവ നിലനിര്‍ത്തപ്പെടുന്നത്. ആരുടെയൊക്കെയോ ധനാഗമന സ്രോതസ്സിനെ നിലനിര്‍ത്തുകയാണോ ഉയര്‍ന്ന തീരുവ എന്ന സംശയം നിസ്സാരമായി തള്ളിക്കളയാന്‍ ആകില്ല.

സ്വര്‍ണ്ണകള്ളക്കടത്ത് നിയമത്തെ നോക്കുകുത്തിയാക്കി നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. കള്ളക്കടത്തുകാര്‍ക്കുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളാണ് മിക്കപ്പോഴും ഇക്കൂട്ടര്‍ക്ക് തണലേകുന്നത്. കള്ളക്കടത്തിനായി നിയമ സംവിധാനങ്ങളെപ്പോലും ദുരുപയോഗം ചെയ്യാന്‍ കെല്‍പ്പുള്ള ഇക്കൂട്ടര്‍ എന്തിനും ശക്തരാണ്. ഇടനിലക്കാരോ, സ്വര്‍ണ്ണ വാഹകരോ ആണ് സാധാരണ ഗതിയില്‍ ഇതിന്റെ പേരില്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയില്‍ ഇത് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കപ്പെടുന്നു എന്നുള്ളതും ആശങ്കാജനകമാണ്. ആത്മാര്‍ത്ഥമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് ഇത് നിര്‍ത്തിലാക്കാനുള്ള ശ്രമങ്ങള്‍ ആണ് സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

(കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഫിനാന്‍സ് പ്രൊഫസറാണ് ലേഖകന്‍)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News