വിലയെഴുതുമ്പോഴും ശ്രദ്ധിക്കാനുണ്ട് കാര്യങ്ങള്‍

ഉല്‍പ്പന്നത്തിന്റെ പുറത്ത് ചുമ്മാ വിലയെഴുതി വെയ്ക്കരുത്. പിന്നെ ?

Update: 2022-03-21 06:00 GMT

ഇത് രസകരമായി തോന്നും. ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കുമ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കണം എന്ന് നിങ്ങള്‍ക്ക് ഇതുവരെ തോന്നിയിട്ടേയില്ല. അതിനും ഒരു തന്ത്രം (Strategy) സ്വീകരിക്കേണ്ടതുണ്ടോ?, തീര്‍ച്ചയായും വേണം. എന്താണെന്നു വെച്ചാല്‍ കസ്റ്റമര്‍ മനഃശാസ്ത്രം (Customer Psychology) സങ്കീര്‍ണമാണ്. അതറിഞ്ഞ് വേണം ഉല്‍പ്പന്നങ്ങളുടെ വില ഉപഭോക്താക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍.

നാം സംസാരിക്കുന്നത് ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയമേയല്ല. മറിച്ച് നിര്‍ണ്ണയിച്ച വിലയുടെ പ്രദര്‍ശനമാണ് (Display). വില നിര്‍ണ്ണയം (Pricing) പോലെ തന്നെ പ്രധാനമാണ് ആ വില ഉപഭോക്താവിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിങ്ങളൊരു വസ്ത്രശാലയില്‍ കയറുന്നു. അതാ മുന്നില്‍ മനോഹരമായ ഒരു ഡ്രസ്സ്. നിങ്ങളതിന്റെ പ്രൈസ് ടാഗ് നോക്കുന്നു. വിലയെഴുതിയിരിക്കുന്നത് ഇങ്ങിനെയാണ് - 999.00. പെട്ടെന്ന് നിങ്ങള്‍ക്ക് ആ വസ്ത്രത്തിന്റെ വില വളരെ കൂടുതലായി തോന്നുന്നു.

എന്തുകൊണ്ട് വില കൂടുതലായി അനുഭവപ്പെട്ടു? വിലയുടെ മുന്നിലുള്ള രൂപയുടെ ചിഹ്നം പിന്നെ വാലറ്റത്തുള്ള ദശാംശവും പൂജ്യങ്ങളും. എല്ലാം കൂടി വിലയുടെ നീളം വര്‍ദ്ധിപ്പിച്ചു. ഇത് വില കൂടുതലായി അനുഭവപ്പെടാന്‍ ഇടയാക്കി. ആ വില 999 എന്നോ 999 എന്നോ മാത്രം കൊടുത്തിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിലക്കൂടുതല്‍ എന്ന ചിന്ത ഉളവാകുകയേ ഉണ്ടാകുമായിരുന്നില്ല. വില കാണുമ്പോള്‍ ഉപഭോക്താവില്‍ ഉടലെടുക്കുന്ന ആദ്യ ചിന്തയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതായിരിക്കും ഉല്‍പ്പന്നം വാങ്ങണോ വേണ്ടയോ എന്ന തീരുമാനം അവരെക്കൊണ്ട് എടുപ്പിക്കുന്നത്.

പ്രൈസ് ടാഗില്‍ ഒരിക്കലും പ്രൈസ് മാത്രമല്ല എഴുതിയിരിക്കുന്നത്. ഉല്‍പ്പന്നത്തിന്റെ വിവരങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയെക്കുറിച്ചുമുള്ള വിവരങ്ങളുമൊക്കെ അതിലുണ്ടാകും. അതിനിടയില്‍ വളരെ ചെറിയ അക്കങ്ങളിലായിരിക്കും വില രേഖപ്പെടുത്തിയിട്ടുണ്ടാവുക. അല്ലാതെ വില കസ്റ്റമര്‍ ശരിക്കും കണ്ടോട്ടെ എന്ന രീതിയില്‍ വളരെ വലുപ്പത്തില്‍ കൊടുക്കാറില്ല. അതായത് വില എഴുതുന്ന Font Size പോലും ശ്രദ്ധിക്കേണ്ടതുണ്ട്.

വിലയെഴുതുമ്പോള്‍ കൂടുതല്‍ വലുപ്പം നല്‍കിയാല്‍ ആ വില കൂടുതലാണ് എന്ന തോന്നല്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. വില പ്രദര്‍ശിപ്പിക്കുമ്പോള്‍ അനാവശ്യ വലുപ്പവും അലങ്കാരങ്ങളും ഒഴിവാക്കുന്നത് ഉല്‍പ്പന്നങ്ങള്‍ വേഗം വിറ്റുപോകാന്‍ സഹായകരമാകും. എഴുത്തിന്റെ നീളവും വലുപ്പവും ഉപഭോക്താവിനെ സ്വാധീനിക്കും. ചിഹ്നങ്ങളും അലങ്കാരങ്ങളും തൊങ്ങലുമൊക്കെ വിലയില്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ വില വായിക്കുവാന്‍ ഉപഭോക്താവിന് കൂടുതല്‍ സമയം വേണ്ടി വരുന്നു. നീളം കൂടുതലുള്ള വില കൂടുതലായും നീളം കുറവുള്ള വില കുറവായും ഉപഭോക്താവിന്റെ മനസ്സ് വായിക്കുന്നു.

റെസ്‌റ്റോറന്റ് മെനു ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. എത്ര ലളിതമായാണ് വിലകള്‍ അതില്‍ എഴുതിയിരിക്കുന്നതെന്ന് നോക്കൂ. അനാവശ്യ നീളമില്ല, വലുപ്പമില്ല. അലങ്കാരങ്ങളുടെ മോടികള്‍ കൂടാതെ വില എഴുതിയിരിക്കുന്നു. വിലയില്‍ ചിഹ്നങ്ങളും കുത്തുകളും പൈസയുമൊക്കെ കാണിച്ച് ഒരിക്കലും മെനുവിനെ സങ്കീര്‍ണ്ണമാക്കുന്നില്ല. അത് ലളിതമാണ്. മനസ്സിനെ ചിന്താക്കുഴപ്പത്തിലാക്കുവാന്‍ അതൊരിക്കലും ശ്രമിക്കുന്നില്ല.

ഫാന്‍സി വിലകള്‍ കാണുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ അവ എഴുതുന്നത് ഒരു പ്രത്യേക രീതിയിലായിരിക്കും. '1.99'' എന്ന് എഴുതുമ്പോള് 1 നേക്കാള്‍ അല്‍പ്പം വലുപ്പം കുറവായിരിക്കും '.99'' ന്. അതായത് ഇങ്ങിനെ 1.99. ഉപഭോക്താവിന്റെ ശ്രദ്ധ ആദ്യം പോകുന്നത് വലുപ്പം കൂടിയ ഒന്നിലേക്കായിരിക്കും. ഇത് അവരുടെ തീരുമാനത്തെ സ്വാധീനിക്കും.

വിലയിടുമ്പോള്‍ മാത്രമല്ല സംരംഭകന്‍ ശ്രദ്ധിക്കേണ്ടത് അവ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്കണം എന്നുകൂടി പഠിച്ചിരിക്കണം. വില ആകര്‍ഷകമെങ്കിലും അവയുടെ പ്രദര്‍ശനം പാളിയാലോ? അതുകൊണ്ട് സൂക്ഷ്മതയോടെയാവട്ടെ വിലയുടെ പ്രദര്‍ശനവും.




Tags:    

Similar News