'ആറന്മുള കണ്ണാടി'യില്‍ നോക്കി പഠിക്കാം ഈ വിജയതന്ത്രം!

ബിസിനസുകള്‍ക്ക് എതിരാളികള്‍ക്ക് മേല്‍ മുന്‍തൂക്കം നല്‍കുന്ന ക്യാമ്പിംഗ് സ്ട്രാറ്റജി എന്താണെന്ന് നോക്കാം

Update: 2021-10-11 09:15 GMT

ഭാര്യ കപ്പിലേക്ക് ചായ പകരുകയാണ്. സ്വര്‍ണ്ണത്തിന്റെ നിറമുള്ള ചായ കപ്പില്‍ നിറയുന്നു. അതില്‍ നിന്നും ഉയരുന്ന ചായയുടെ ഗന്ധം നിങ്ങള്‍ ആസ്വദിക്കുന്നു. ചായ കുടിക്കുമ്പോള്‍ സ്വാദ് നാവില്‍ കിനിയുന്നു. ഉന്മേഷം നിങ്ങളില്‍ ഉണരുന്നു. നിങ്ങള്‍ കുടിക്കുന്നത് ഡാര്‍ജിലിംഗ് ടീയാണ്. നിങ്ങളുടെ ഭാര്യ അതാണ് വാങ്ങുന്നതും വീട്ടില്‍ ഉപയോഗിക്കുന്നതും. ചായപ്പൊടി വാങ്ങുമ്പോള്‍ ആ ബ്രാന്‍ഡ് നോക്കിയാണ് ഭാര്യ തിരഞ്ഞെടുക്കുന്നത്.

ചായകളിലെ ഷാംപെയ്ന്‍ (Champagne of Teas) എന്നാണ് ഡാര്‍ജിലിംഗ് ടീ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചായപ്പൊടികളിലൊന്ന്. ഡാര്‍ജിലിംഗ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ചായയുടെ രുചി നാവില്‍ ഊറിവരും. ചായപ്പൊടിക്കൊപ്പം ഡാര്‍ജിലിംഗ് എന്ന സ്ഥലനാമം കൂടി ചേരുമ്പോള്‍ വിപണിയില്‍ അതിന്റെ മൂല്യം ഉയരാന്‍ മറ്റൊന്നും ആവശ്യമില്ല. ഡാര്‍ജിലിംഗ് എന്ന സ്ഥലം ചായപ്പൊടിയുടെ വിപണനത്തില്‍ (Marketing) വലിയ പങ്ക് വഹിക്കുന്നു.

നിങ്ങള്‍ക്ക് ഒരു കണ്ണാടി വാങ്ങണം. നിങ്ങള്‍ കടയില്‍ കയറുന്നു. ധാരാളം ബ്രാന്‍ഡുകള്‍ അവിടെ ലഭ്യമാണ്. എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ ഉടക്കുന്നത് ഒരേയൊരു കണ്ണാടിയിലാണ്. കാരണം ആ കണ്ണാടിയെക്കുറിച്ച് മറ്റൊരു വിവരണം നിങ്ങള്‍ക്ക് ആവശ്യമില്ല. അതിന്റെ മേന്മയെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമേയില്ല. ആ കണ്ണാടിയുടെ പേരാണ് ആറന്മുള കണ്ണാടി. ഇവിടെയും ആറന്മുള എന്ന സ്ഥലനാമം കണ്ണാടിയുടെ മൂല്യത്തില്‍ വരുത്തുന്ന വ്യത്യാസം തിരിച്ചറിയാം.

ബിസിനസുകള്‍ സ്ഥലത്തിന്റെ പ്രത്യേകതകള്‍ തങ്ങളുടെ ബ്രാന്‍ഡിംഗിനായും പരസ്യത്തിനായും ഉപയോഗിക്കുന്നത് നമുക്ക് കാണാം. ഉഡുപ്പി ഹോട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന ചിത്രം എന്തായിരിക്കും? ഇതിനെ നമുക്ക് ക്യാമ്പിംഗ് സ്ട്രാറ്റജി (Camping strategy) എന്നുപറയാം. എതിരാളികള്‍ക്ക് എതിരേയുള്ള ശക്തമായ തന്ത്രമാണിത്. കാഞ്ചീപുരം പട്ട് എന്ന ബ്രാന്‍ഡിനെ വെല്ലുക മറ്റേതെങ്കിലും സ്ഥലത്ത് നിര്‍മ്മിച്ച പട്ടിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. വിപണനത്തിനായി ഭൂമിശാസ്ത്രപരമായ നേട്ടങ്ങള്‍ (Locational Advantages)ബുദ്ധിപരമായി ഉപയോഗിക്കാന്‍ സാധിക്കും.

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി വിദൂരമായ ഒരു സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും അവിടെനിന്നും ദൂരത്തില്‍ നഗരത്തിലാണ് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതെന്നും വിചാരിക്കുക. നിങ്ങള്‍ സെയില്‍സ് ഓഫീസ് സ്ഥാപിക്കുക ഒരിക്കലും ഫാക്ടറിയുടെ അടുത്തായിരിക്കില്ല മറിച്ച് നഗരത്തിലായിരിക്കും. സെയില്‍സ് ടീമിന് ഒത്തുകൂടുവാനും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുവാനും നെറ്റ്‌വര്‍ക്കിംഗ് നടത്തുവാനുമൊക്കെ ഓഫീസിന്റെ സ്ഥാനം കൂടുതല്‍ സഹായകരമാകുക അവിടെയായിരിക്കും.

നിങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുകയാണെങ്കില്‍ ഓഫീസിനായി തിരഞ്ഞെടുക്കുക ഇന്‍ഫോ പാര്‍ക്കോ ടെക്‌നോപാര്‍ക്കോ പോലുള്ള സ്ഥലങ്ങളായിരിക്കും. ബിസിനസിന്റെ സ്വഭാവമനുസരിച്ച് കൂടുതല്‍ ഗുണകരമാകുക അത്തരം സ്ഥാനങ്ങളായിരിക്കും. എന്നാല്‍ നിങ്ങളൊരു സ്‌റ്റോക്ക് ട്രേഡിംഗ് ബിസിനസ് നടത്തുമ്പോള്‍ തിരഞ്ഞെടുക്കുക സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് അടുത്തുള്ള ഒരു സ്ഥലമായിരിക്കും. ഭൂമിശാസ്ത്രപരമായ സ്ഥാനം ബിസിനസിന് നേട്ടങ്ങള്‍ സമ്മാനിക്കുകയാണെങ്കില്‍ അത്തരം സ്ഥാനങ്ങള്‍ തെഞ്ഞടുക്കാന്‍ സംരംഭകന് സാധിക്കണം.

ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളുടെ പ്രത്യേകതകള്‍ നേട്ടങ്ങള്‍ക്കായി വിനിയോഗിക്കുന്ന തന്ത്രമാണ് ക്യാമ്പിംഗ് സ്ട്രാറ്റജി(Camping Strategy). ഒരു റീറ്റയ്ല്‍ ഷോപ്പുള്ള തിരക്കുള്ള ഒരു തെരുവില്‍ സ്ഥാപിക്കുന്നതു പോലുള്ള സാധാരണ തന്ത്രമല്ല ക്യാമ്പിംഗ് സ്ട്രാറ്റജി. വളരെ സര്‍ഗാത്മകമായി ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളെ (Geographical Locations) ഉപയോഗിച്ച് ബിസിനസിന് എതിരാളികളെക്കാള്‍ മുന്‍തൂക്കം സൃഷ്ടിക്കുക എന്ന അസാധാരണ തന്ത്രമാണിത്. യുദ്ധത്തില്‍ എതിരാളിയേക്കാള്‍ തന്ത്രപ്രധാനമായ സ്ഥാനത്ത് നിലയുറപ്പിക്കുന്നത് പോലെയുള്ള നേട്ടം ക്യാമ്പിംഗ് സ്ട്രാറ്റജിക്ക് ബിസിനസില്‍ നല്‍കുവാന്‍ സാധിക്കും.



Tags:    

Similar News