സൈബറിടം അമളിയിടം; കേട്ടാൽ ചിരി വരും വിർച്വൽ അറസ്റ്റ്

ഓൺലൈനായി കൈയാമം വെക്കാൻ പറ്റുമോ? പക്ഷേ, കഥയിൽ​ ചോദ്യമില്ല

Update:2024-08-25 12:19 IST

CYBER CRIMES

നിയമപാലകരുടെ ബന്ധനത്തിലും ബന്തവസിലുമാക്കുന്ന നിയമനടപടിയാണ് അറസ്റ്റ്. ബന്ധപ്പെട്ട വ്യക്തിയും അന്വേഷണ ഏജൻസിയുമായി നേരിട്ട് സമ്പർക്കത്തിൽ വരാതെ അറസ്റ്റ് നടത്താനാവുമോ? ഈ ലളിതമായ യാഥാർഥ്യം ചിന്തിക്കാൻ പോലും അവസരം നൽകാതെയാണ് സൈബറിടങ്ങളിൽ തട്ടിപ്പുകാരുടെ അഴിഞ്ഞാട്ടം. വിർച്വലായി അറസ്റ്റു ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞ് കൈയാമം വെച്ചു കഴിഞ്ഞ പ്രതീതിയുണ്ടാക്കുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർധിച്ചു വരുന്നത് പൗരന്മാരുടെ നിയമബോധത്തെ തന്നെ വെല്ലുവിളിച്ചാണ്.
തട്ടിപ്പുകാർ വീഡിയോ കോളിലൂടെ വ്യാജമായ കോർട്ട് മുറിയും ജഡ്ജിമാരുടെയും പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വേഷത്തിലുള്ള ആളുകളെയും കാണിക്കുന്നു. ഇവർ ഭീതിപ്പെടുത്തുന്ന വിവരങ്ങൾ പങ്കുവെക്കുന്നു. മകനോ മകളോ മയക്കു മരുന്നു കേസിൽ പിടിക്കപ്പെട്ടിരിക്കുന്നുവെ​ന്നു വരെ തട്ടിവിടും. കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്, കേസിൽ നിന്നും രക്ഷപ്പെടാൻ ഗവർണ്മെന്റ് അക്കൗണ്ടിൽ പണമടക്കാൻ ആവശ്യപ്പെടുന്നു. ഈ അക്കൗണ്ടുകളാകട്ടെ, എല്ലാം തട്ടിപ്പുകാരുടേതായിരിക്കും.

സംയമനം പാലിക്കുക

ഇത്തരം സന്ദർഭങ്ങളിൽ സംയമനം പാലിക്കുക എന്നതാണ് പരമ പ്രധാനം.എല്ലാ സന്ദേശങ്ങൾക്കും ഫോൺകോളുകൾക്കും ചെവി കൊടുത്താൽ അപകടത്തിലാകും. നമ്മുടെ നിയമ സംഹിതയിൽ വെർച്വൽ അറസ്റ്റിനും വെർച്വൽ കോടതികൾക്കും സാധുതയില്ല എന്നോർക്കുക. കൂടാതെ പൊലീസോ മറ്റു നിയമപാലകരോ വീഡിയോ കോളിലൂടെ ബന്ധപെടുകയില്ല.
മറ്റൊരു തട്ടിപ്പു സംവിധാനമാണ് മാൽവെയർ. മലീഷ്യസ് സോഫ്റ്റ്‌വെയർ (malicious software) എന്നതിന്റെ ചുരുക്കമാണ് മാൽവെയർ (malware). മാൽവെയറുകൾ കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് തുടങ്ങിയ ഉപകരണകളിൽ അനധികൃതമായി പ്രവേശിച്ച് അതിലെ വിവരങ്ങൾ നശിപ്പിക്കുകയോ ചോർത്തുകയോ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുകയോ ചെയ്യുന്നു.

എങ്ങനെ തടയാം?

-അപ്രതീക്ഷിത ലിങ്കുകൾ, ഇമെയിലുകൾ, ഡൗൺലോഡുകൾ ഒഴിവാക്കുക. മുൻപരിചയം ഇല്ലാത്ത സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
-ആന്റി-വൈറസ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുക.
-നഷ്ടം സംഭവിച്ചാൽ ഉപകരണം ഓഫ് ചെയ്യുക, ഇന്റർനെറ്റ് ബന്ധം വിച്ചേദിക്കുക
-ആന്റി-വൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിശദമായ സ്കാൻ നടത്തുക. കൃത്യമായ സുരക്ഷാ രീതി പാലിച്ചു മാൽവെയർ നീക്കം ചെയ്യാം.
-ബാങ്കിങ് വിവരങ്ങൾ മാൽവെയർ വഴി ചോർത്തിയതായി സംശയമുണ്ടെങ്കിൽ ബാങ്കിനെ ഉടനെ അറിയിക്കുക. അക്കൗണ്ട് ബ്ലോക്ക് ചെയ്യുക.
എല്ലാ തട്ടിപ്പുകളും നമുക്ക് മുൻകൂട്ടി കാണാൻ പറ്റുന്നതല്ല. ഇതിന്റെ രൂപവും ഭാവവും മാറിമറിഞ്ഞു കൊണ്ടിരിക്കും. തട്ടിപ്പുകളുടെ സാധ്യത മുന്നിൽക്കണ്ട് ഓരോ ഇന്റർനെറ്റ് ഉപഭോക്താവും മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതുപോലെ തന്നെ, ശക്തമായ സൈബർ നിയമങ്ങളും നമുക്ക് ആവശ്യമുണ്ട്.

റിസർവ് ബാങ്ക് മാർഗ നിർദേശങ്ങൾ

ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ എന്തെല്ലാമെന്ന് നോക്കാം.
-ഉപയോക്താവിന്റെ ഭാഗത്തു നിന്ന് യാതൊരു വീഴ്ചയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പണം നഷ്ടപ്പെട്ടതെങ്കിൽ മുഴുവൻ പണവും ഉടനടി ബാങ്ക് നൽകേണ്ടതാണ്. ബാങ്കിന്റെ നിസഹകരണമോ കാലതാമസമോ ഉണ്ടായെങ്കിൽ ബാങ്കിങ് ഓംബുഡ്‌സ്മാന് റിപ്പോർട്ട് ചെയ്യുക.
-സമയബന്ധിതമായി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യണ്ടതാണ്. സാധാരണഗതിയിൽ 10 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കേണ്ടതാണ്.
-ഉപയോക്താവിന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടങ്കിൽ, വീഴ്ചയുടെ തോതും ബാങ്കിന്റെ പോളിസിയും അനുസരിച്ചു നഷ്ടപെട്ട തുകയുടെ ഒരു നിശ്ചിത ശതമാനം തുക നൽകുന്നു.
-റിസർവ് ബാങ്ക് മാർഗനിർദേശമനുസരിച്ച് നിക്ഷേപകർ കൃത്യ സമയത്തിനുള്ളിൽ റിപ്പോർട്ട് ചെയ്‌താൽ നടപടികളിൽ ബാങ്ക് സഹകരിച്ചു മുന്നോട്ട് പോകേണ്ടതാണ്.തട്ടിപ്പിന് ഇരയായവർ ഉടൻ റിപ്പോർട്ട് ചെയ്യണ്ടതിന്റെ പ്രാധാന്യത്തെയാണ് ഇത് കാണിക്കുന്നത്.

സൈബർ പോലീസ് സ്റ്റേഷൻ/സൈബർ ക്രൈം പോർട്ടൽ

ഓൺലൈൻ ക്രൈമുകൾ,സൈബർ തട്ടിപ്പുകൾ,ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക വിഭാഗമാണിത്. കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമായിരുന്നു സൈബർ പോലീസ് സ്റ്റേഷൻ ഉണ്ടായിരുന്നത്. കേസുകൾ വർധിച്ചതോടെ കൊച്ചിയിലും സൈബർ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു.
-1930 എന്ന ടോൾ ഫ്രീനമ്പറിൽ വിളിച്ച് ക്രൈം റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതൊരു നാഷണൽ നമ്പറാണെങ്കിലും കേരളത്തിൽ നിന്നുള്ള കോളുകൾ തിരുവനന്തപുരം സ്റ്റേഷനിലാണ് എത്തുക.
-പരാതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ ഇവിടെ നൽകുക.
-നൽകിയ വിവരങ്ങൾ ബന്ധപ്പെട്ട പോലീസ് യൂണിറ്റിന് അല്ലെങ്കിൽ സ്റ്റേഷനിലേക്ക് കൈമാറും. നിങ്ങളുടെ സ്ഥലത്തിനടുത്ത അധികാരികൾ തന്നെ കേസ് കൈകാര്യം ചെയ്യും.
-പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ ലഭിക്കും. പരാതിയുടെ തുടർന്നുള്ള സ്ഥിതിഗതികൾ പിന്തുടരുന്നതിന് ഇത് വളരെ പ്രധാനമാണ്.
-ആവശ്യമെങ്കിൽ സൈബർ ക്രൈംയൂണിറ്റ് പ്രാദേശിക പൊലീസ് സ്റ്റേഷനുകളുമായി സഹകരിക്കുകയും കൂടുതൽ അന്വേഷണം നടത്തി പ്രതികളെ പിന്തുടരുകയും ചെയ്യും.
-സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വിവരം കൈമാറും. പണം വീണ്ടെടുക്കാനുള്ള സാധ്യതകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണിത്.
-റഫറൻസ് നമ്പർ പ്രകാരം സൈബർ ക്രൈം യൂണിറ്റുമായി തുടർനടപടികൾ വിലയിരുത്താൻ സാധിക്കും.

സൈബർ ക്രൈം പോർട്ടൽ

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പോർട്ടലാണ് സൈബർ ക്രൈം പോർട്ടൽ. സൈബർ കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അവയെ അന്വേഷിക്കുന്നതിനും വേണ്ടി നിയുക്തമായ സംവിധാനമാണിത്.
-www.cybercrime.gov.in പോർട്ടലിൽ നിങ്ങളുടെ സൈബർ ക്രൈം പരാതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയും.
-പരാതി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു റഫറൻസ് നമ്പർ ലഭിക്കും.
-ഈ റഫറൻസ് വഴി നിങ്ങളുടെ പരാതിയുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ കഴിയും.
-ടോൾ ഫ്രീ നമ്പർ 1930ൽ വിളിച്ച് റഫറൻസ് നമ്പർ നൽകിയാൽ പരാതിയുടെ തൽസ്ഥിതി പരിശോധിക്കാം.
1930 എന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യുന്നതൊപ്പം സൈബർ ക്രൈം പോർട്ടലിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവ രണ്ടും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖകൾ നൽകേണ്ടതായിട്ടുണ്ട്.
(അവസാനിച്ചു)
Tags:    

Similar News