ഭവന, വാഹന, വ്യക്തിഗത വായ്പാപ്പലിശ ഉടനെ കുറയുമെന്ന പ്രതീക്ഷ വേണ്ട

വിലക്കയറ്റം താഴേക്ക് ആഗ്രഹിക്കുന്ന തരത്തില്‍ എത്തുന്നില്ല

Update:2024-02-13 11:35 IST

Image : Canva

നടപ്പുവര്‍ഷത്തെ (2023-24) അവസാന ധനനയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതി (MPC) ഫെബ്രുവരി 8ന് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ പലിശനിരക്കുകളില്‍ മാറ്റംവരുത്താന്‍ എം.പി.സി തയ്യാറായില്ല.

വിലക്കയറ്റം (പണപ്പെരുപ്പം) ഇനിയും കണക്കുകൂട്ടലനുസരിച് കുറഞ്ഞിട്ടില്ല. ഭക്ഷ്യ വസ്തുക്കളുടെ, പ്രത്യേകിച്ച് പച്ചക്കറിയുടെ, വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതാണ് പ്രധാന കാരണം. കോര്‍ വിലക്കയറ്റം (ഭക്ഷ്യ വസ്തുക്കളും ഇന്ധനവും ഒഴിച്ചുള്ളത്) ഡിസംബറില്‍ 3.8 ശതമാനമായി നിന്നപ്പോള്‍ ഭക്ഷ്യ വസ്തുക്കളും ഇന്ധനവും ചേര്‍ത്തുള്ള വിലക്കയറ്റം (Retail Inflation) 5.7 ശതമായിരുന്നു. മുഴുവനും ജനങ്ങളെയും ബാധിക്കുന്ന രണ്ടു കാര്യങ്ങളാണ് ഭക്ഷണവും ഇന്ധനവും. ഈ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം മാറ്റി നിറുത്തിക്കൊണ്ട് വിലക്കയറ്റം താഴുന്നു എന്ന വിലയിരുത്തലിന് അതുകൊണ്ടുതന്നെ വലിയ പ്രസക്തിയില്ല. ധനനയത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നത് മുന്നോട്ടുള്ള യാത്രയില്‍ വിലക്കയറ്റത്തിന്റെ ഗതി നിശ്ചയിക്കുക ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തന്നെയായിരിക്കും എന്നാണ്. അതാകട്ടെ, വലിയ അനിശ്ചിതാവസ്ഥവയിലുമാണ്. പ്രതികൂലമായ കാലാവസ്ഥ വിളവിനെ ബാധിക്കും. കൂടാതെ വര്‍ദ്ധിക്കുന്ന അന്തര്‍ദേശീയ, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ചരക്കുനീക്കത്തെ സാരമായി ബാധിക്കുകയും അത് വിലയില്‍ അപ്രതീക്ഷിതമായ വര്‍ദ്ധന സൃഷ്ടിക്കുകയും ചെയ്യാം. ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കവും ഇന്ധന നീക്കവും തടസ്സപ്പെടുന്നത് ഇതിന് ഉദാഹരണമായി കാണാം.
അന്തര്‍ദേശീയ തലത്തില്‍ പൊതുവെ വിലക്കയറ്റം പിടിച്ചു നിറുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാമ്പത്തികരംഗം ആഗ്രഹിക്കുന്ന തരത്തിലേക്ക് ഉണര്‍ന്നിട്ടില്ല. തൊഴില്‍ രംഗത്തുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ലക്ഷ്യമിടുന്ന രണ്ട് ശതമാനം നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിട്ടില്ലെങ്കിലും അമേരിക്കയിലും വിലക്കയറ്റം നിയന്ത്രണത്തിലാണ്. ഈ വിധ സാഹചര്യങ്ങള്‍ എല്ലാം വിലയിരുത്തികൊണ്ടു അമേരിക്കയിലെ കേന്ദ്രബാങ്ക് കഴിഞ്ഞമാസം തീരുമാനിച്ചത് നിരക്കുകള്‍ കുറയ്ക്കാന്‍ സമയമായിട്ടില്ല എന്നാണ്. എന്ന് കുറയ്ക്കാന്‍ കഴിയുമെന്നും പറയാനാവില്ല എന്നുമാണ് നിലപാട്. ഈ തീരുമാനം നിരക്കുകള്‍ തല്‍സ്ഥിതി നിലനിറുത്താന്‍ റിസര്‍വ് ബാങ്കിന് സഹായകരമായിട്ടുണ്ട്.
ബാങ്കുകളുടെ വിഭവ സ്വരൂപണ ചെലവ് കൂടാം
മറ്റൊന്ന്, സാമ്പത്തിക വര്‍ഷം അവസാനിക്കിരിക്കെ സമ്പദ്‌വ്യവസ്ഥയില്‍ അടിസ്ഥാന സൗകര്യ വികസനവും മറ്റുമായി വരാനിരിക്കുന്ന കൂടിയ പണമൊഴുക്കാണ്. നിലവിലുള്ള ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും തിരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതുമായ സര്‍ക്കാര്‍ ചെലവുകള്‍ പണമായി എത്തും. ഇത് മുന്നില്‍ കണ്ടാകും റിസര്‍വ് ബാങ്ക് ഇത്തവണ കൂടുതല്‍ ലിക്വിഡിറ്റി വേണ്ട എന്ന തീരുമാനത്തിലെത്തിയത്. എന്നാല്‍ ബാങ്കിംഗ് രംഗത്ത് ലിക്വിഡിറ്റിയുടെ കുറവ് (liquidity deficit) നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. ഇത് 1.50 ലക്ഷം കോടി രൂപയോളമാണ്.
ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ വളര്‍ച്ചാ നിരക്ക് 16-17 ശതമാനത്തില്‍ നില്‍കുമ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമാണ്. ബാങ്കുകളുടെ നിക്ഷേപ-വായ്പ അനുപാതം ഇപ്പോള്‍ 80 ശതമാനമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദം ഇപ്പോഴും ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഉച്ചാവസ്ഥയിലായിരിക്കും. വായ്പയുടെ ആവശ്യവും അളവും കൂടും. അതുകൊണ്ട് വായ്പ തുടര്‍ന്ന് നല്‍കണമെങ്കില്‍ കൂടുതല്‍ നിക്ഷേപം സ്വരൂപിച്ചേ പറ്റൂ. അപ്പോള്‍ നിക്ഷേപത്തിന് കൂടുതല്‍ പലിശ നല്‍കേണ്ടിവരുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിഭവം വായ്പയുടെ ആവശ്യത്തിന് തികയുന്നില്ലെങ്കില്‍ നിയമപരമായി നിര്‍ബന്ധമായും ചെയ്യേണ്ട ഇന്‍വെസ്റ്റ്‌മെന്റുകള്‍ക്ക് (മിനിമം SLR മുതലായവ) പുറമെ കൈയിലുള്ള സെക്യൂരിറ്റികള്‍ വില്‍ക്കാം. അല്ലെങ്കില്‍ പണയം വെക്കാം. അല്ലെങ്കില്‍ റിസര്‍വ് ബാങ്കിന്റെ റിപ്പോ ഓക്ഷനുകള്‍ വഴി (VRR) താത്കാലികമായി കടമെടുക്കാം. എന്നാല്‍ ഇതെല്ലാം ബാങ്കുകളുടെ പലിശ ഇനത്തിലും മറ്റുമുള്ള ചിലവുകള്‍ വര്‍ധിപ്പിക്കും. സ്വഭാവികമായും വായ്പകളുടെ പലിശ ഉയര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിരാകും.
റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയില്ല എന്നിരിക്കിലും ബാങ്ക് വായ്പയുടെ പലിശ കൂടാന്‍ ഈ സ്ഥിതി കാരണമാകാം. ഭവന വായ്പയും വാഹനവായ്പയും വ്യക്തിഗത വായ്പയും അടക്കമുള്ള എല്ലാത്തരം ബാങ്ക് വായ്പകളിലും പലിശ നിരക്കുകള്‍ ഉടനെ കുറയുമെന്ന പ്രതീക്ഷ വേണ്ട എന്നര്‍ത്ഥം.
സാധാരണക്കാരുടെ ദുഃഖം
ഒരുവശത്തു ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നു നില്‍ക്കുന്നു. അതുകൊണ്ട് വിലക്കയറ്റം താഴേക്ക് ആഗ്രഹിക്കുന്ന തരത്തില്‍ എത്തുന്നില്ല. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന 5.1 ശതമാനം വിലക്കയറ്റം ഏതായാലും സാധ്യമാകില്ല എന്ന് ഉറപ്പായി. അതിനാല്‍ ഈ വര്‍ഷം വിലക്കയറ്റലക്ഷ്യം 5.4 ശതമാനമെന്നു പുതിക്കിയിരിക്കുകയാണ്. ഈ വര്‍ഷം ലക്ഷ്യമിട്ട 5.4 ശതമാനം 2025 മാര്‍ച്ചില്‍ എത്തുമെന്നാണ് പുതിയ വിലയിരുത്തല്‍. ഇത് 2026 മാര്‍ച്ചില്‍ 4.5 ശതമാനത്തിലേക്ക് കുറയ്ക്കാനും ഉന്നമിടുന്നു. അപ്പോഴും റിസര്‍വ് ബാങ്ക് ഉന്നംവെക്കുന്ന 4 ശതമാനം വിലക്കയറ്റമെന്ന് ലക്ഷ്യം പിന്നെയും ദൂരെയാണ്. 2023-24 സാമ്പത്തിക വര്‍ഷം ജി.ഡി.പി വളര്‍ച്ച 7.3 ശതമാനത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അടുത്ത വര്‍ഷം 7 ശതമാനമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന നിലപാടായിരിക്കും കേന്ദ്ര ബാങ്കിന്റേത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമ്പദ്ഘടനയില്‍ ആവശ്യത്തിന് പണമൊഴുക്ക് ഉണ്ടായിരുന്നാല്‍ മാത്രമേ ഇത് സാധ്യമാകൂ. അതിനാല്‍ പണമൊഴുക്കും വികസനവും വിലക്കയറ്റവും തമ്മിലുള്ള സമീകരണമാണ് റിസര്‍വ് ബാങ്കിന്റെ വെല്ലുവിളി. ഈ വെല്ലുവിളിയെ നേരിടുമ്പോള്‍ വിശാലമായ സാമ്പത്തിക കാഴ്ചപ്പാടുകള്‍ കൈകൊള്ളുമ്പോഴും എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ച് സാധാരണക്കാരെ ബാധിക്കുന്ന, ഭക്ഷ്യ-പച്ചക്കറി സാധനങ്ങളുടെ വില വര്‍ദ്ധന കാണാതെ പോകരുത്.
Tags:    

Similar News