ലക്ഷ്യം വെക്കുന്നത് മില്ലനിയലുകളെയോ സൂമേഴ്‌സിനേയോ; മാര്‍ക്കറ്റിംഗില്‍ ഈ ഘടകങ്ങള്‍ പരിഗണിക്കൂ
തലമുറകളുടെ മാറ്റം മാര്‍ക്കറ്റിംഗിലും പ്രതിഫലിക്കുന്നു. ഒരേ രീതിയില്‍ മൂന്നു തലമുറകളേയും സമീപിക്കുവാന്‍ സാധ്യമല്ല.;
നിങ്ങള്‍ സ്റ്റാര്‍ബക്‌സിലേക്ക് കയറിച്ചെല്ലുകയാണ്. കസേരകള്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നു. മൂലയിലെ ടേബിളില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ കോഫി ആസ്വദിക്കുകയും വര്‍ത്തമാനങ്ങള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും സെല്‍ഫി എടുക്കുകയുമൊക്കെ ചെയ്യുന്നു. നിങ്ങള്‍ തലതിരിച്ച് മറ്റൊരു ടേബിളിലേക്ക് നോക്കുന്നു. അവിടെ അതാ മറ്റൊരു കൂട്ടം ചെറുപ്പക്കാര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ തലപൂഴ്ത്തി പരിസരം മറന്നിരിക്കുന്നു.
പലതരത്തിലുള്ള വ്യക്തികള്‍, നിങ്ങള്‍ ആശയക്കുഴപ്പത്തിലാകുന്നു. നോക്കൂ, യാതൊരുവിധ ആശയക്കുഴപ്പത്തിന്റേയും ആവശ്യമില്ല. രണ്ടു വ്യത്യസ്തതരം ചെറുപ്പക്കാരെയാണ് നിങ്ങളിപ്പോള്‍ കണ്ടുമുട്ടിയത്. ഒന്നാമത്തെ ടേബിളില്‍ നിങ്ങള്‍ കണ്ടത് മില്ലനിയല്‍സിനെയാണ് (Gen Y) രണ്ടാമത്തെ ടേബിളിലോ നിങ്ങള്‍ കണ്ടത് സൂമേഴ്‌സിനേയും (Gen Z).
സൂമേഴ്‌സ് (Gen Z)
നമ്മുടെ ഏറ്റവും പുതിയ തലമുറ പിറന്നു വീണത് ടെക്‌നോളജിയുടെ മടിത്തട്ടിലേക്കാണ്. മില്ലനിയലുകള്‍ (Gen Y) കണ്ടതിനെക്കാളും അനുഭവിച്ചതിനെക്കാളും വലിയൊരു ടെക്‌നോളജി വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ് അവരുടെ വരവ്. മില്ലനിയലുകള്‍ ഇന്റര്‍നെറ്റില്ലാതെ ജീവിക്കാനാവാത്ത തലമുറയായി മാറി. നിര്‍മ്മിത ബുദ്ധിയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ക്വാണ്ടം കമ്പ്യൂട്ടിംഗും ബ്ലോക്ക് ചെയിനും കീഴടക്കിയ ലോകത്തെ കണ്ടു ജനിച്ച വളര്‍ന്ന പുതു തലമുറ സൂമേഴ്‌സിന്റെ (Gen Z) അഭിരുചികളും ശീലങ്ങളും മുന്‍ തലമുറകളില്‍ നിന്നും വ്യത്യസ്തമാണ്.
Gen Xന്റെ കാഴ്ചപ്പാടുകളില്‍ നിന്നും വലിയ ദൂരമുണ്ട് Gen Zന്റെ കാഴ്ചപ്പാടുകള്‍ക്ക്. Gen Z ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വേറൊരു തലത്തിലാണ്. ടെക്‌നോളജി അവരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലിക്ക് പോകുന്ന ഒരു Gen Z പെണ്‍കുട്ടിക്ക് തന്റെ വീട്ടുപകരണങ്ങള്‍ ഓഫീസിലിരുന്ന് നിയന്ത്രിക്കാം. ടെക്‌നോളജി ജീവിതത്തെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു.
മാര്‍ക്കറ്റിംഗ് - പഴയതും പുതിയതും
തലമുറകളുടെ മാറ്റം മാര്‍ക്കറ്റിംഗിലും പ്രതിഫലിക്കുന്നു. ഒരേ രീതിയില്‍ മൂന്നു തലമുറകളേയും സമീപിക്കാന്‍ സാധ്യമല്ല. കാലോചിതമായ മാറ്റം മാര്‍ക്കറ്റിംഗും ആവശ്യപ്പെടുന്നു. ഉപഭോക്താക്കളെ തിരിച്ചറിഞ്ഞുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മാത്രമേ ഫലപ്രദമാകൂ. Gen X കാലത്ത് അച്ചടി മാധ്യമങ്ങളും ടെലിവിഷനും റേഡിയോയുമൊക്കെ ഉല്‍പ്പന്നങ്ങള്‍ പ്രോമോട്ട് ചെയ്യാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് മാര്‍ക്കറ്റിംഗ് മറിച്ചു ചിന്തിച്ചു തുടങ്ങി. ടെക്‌നോളജി മാര്‍ക്കറ്റിംഗിനെ പുനര്‍നിര്‍വ്വചിച്ചു കഴിഞ്ഞു.
നിങ്ങള്‍ ഒരു ലിപ്സ്റ്റിക്ക് വിപണിയിലേക്ക് അവതരിപ്പിക്കുകയാണ്. കാലത്തിന്റെ മാറ്റം നിങ്ങളുടെ ലിപ്സ്റ്റിക്കിന്റെ പ്രൊമോഷനില്‍ കൊണ്ടുവരുന്ന വ്യത്യാസം ശ്രദ്ധിക്കാം.
Gen X മാര്‍ക്കറ്റിംഗ്
മുപ്പതോ നാല്‍പ്പതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്റര്‍നെറ്റ് ഇത്ര ജനകീയമായിട്ടില്ല. സ്മാര്‍ട്ട് ഫോണുകള്‍ നിലവിലില്ലാത്ത കാലമാണ്. ഇന്റെര്‍നെറ്റില്ലാതെ ജീവിച്ചിരുന്നൊരു കാലഘട്ടം എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. വളരെ സാമ്പ്രദായികമായ രീതിയിലുള്ള മാര്‍ക്കറ്റിംഗ് രീതിയാണ് അന്ന് അവലംബിക്കുക. പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങള്‍, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ പരമ്പരാഗത പരസ്യ മാര്‍ഗ്ഗങ്ങളാണ് ആശ്രയം.
Gen Y മാര്‍ക്കറ്റിംഗ്
ഇത് ഇന്റര്‍നെറ്റിന്റെ യുഗമാണ്. എല്ലാ കൈകളിലും സ്മാര്‍ട്ട് ഫോണുകള്‍ എത്തിയിരിക്കുന്നു. Gen Yയുടെ ജീവിതത്തില്‍ സാങ്കേതികത സ്വാധീനം ചെലുത്തിയിരിക്കുന്നു. അവര്‍ ഉണ്ണുന്നതും ഉറങ്ങുന്നതും ഇന്റര്‍നെറ്റിന്റെ മടിത്തട്ടിലാണ്. ഇവിടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മാറുന്നു. സമൂഹ മാധ്യമങ്ങള്‍ (Social Media) ശക്തിപ്രാപിച്ചിരിക്കുന്നു. കമ്പനികള്‍ ഇന്‍ഫ്‌ളുവന്‍സര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളിലൂടെയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൂടെയും ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ആരംഭിക്കുന്നു. മില്ലനിയലുകള്‍ ഉല്‍പ്പന്നങ്ങളുടെ ആധികാരികതയ്ക്കും ഉപയോഗിച്ചവരുടെ ആഭിപ്രായങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ഈ കാലഘട്ടത്തില്‍ Gen X മാര്‍ക്കറ്റിംഗില്‍ നിന്ന് വലിയൊരു ഗതിമാറ്റം സംഭവിക്കുന്നു.
Gen Z മാര്‍ക്കറ്റിംഗ്
നിങ്ങളുടെ ലിപ്സ്റ്റിക്ക് പുരട്ടിയാല്‍ എന്റെ ചുണ്ടുകള്‍ കൂടുതല്‍ ഭംഗിയുള്ളതാകുമോ? ഏത് നിറമായിരിക്കും എനിക്ക് കൂടുതല്‍ ഇണങ്ങുക? എന്റെ വ്യക്ത്വിത്വം മികച്ചതാകുമോ? ഉപഭോക്താവിന് തന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. വാങ്ങിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുന്‍പ് ഉപഭോക്താവിന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാലോ? മാര്‍ക്കറ്റിംഗ് Gen Z കാലഘട്ടത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വിധേയമാവുകയാണ്.
എ.ആര്‍ ഫില്‍റ്റേഴ്‌സ് (Augmented Reality Filters) ഡിജിറ്റല്‍ വസ്തുക്കളെ ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് ആവാഹിക്കുകയാണ്. ലിപ്സ്റ്റിക്ക് വാങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ക്കത് ചേരുന്നുണ്ടോയെന്ന് പരിശോധിക്കാം. ഒരു വസ്ത്രം നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്നുണ്ടോയെന്ന് കണ്ടെത്താം. Gen X കാലത്ത് ചിന്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉപഭോക്താക്കളുടെ അനുഭവങ്ങളില്‍ (Customer Experiences EX) അസാധാരണങ്ങളായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉല്‍പ്പന്നങ്ങളെ അറിയുക മാത്രമല്ല അനുഭവിപ്പിക്കുക കൂടി സാങ്കേതികതയുടെ ഉത്തരവാദിത്വമാണ്.
ഉപഭോക്താക്കളുടെ അഭിരുചികള്‍, മുന്‍ഗണനകള്‍, ആവശ്യങ്ങള്‍ മുതലായവ നിര്‍മ്മിത ബുദ്ധി കണ്ടെത്തുന്നു. ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ അത് തയ്യാറാകുന്നു. ഉപഭോക്താക്കളുടെ പര്‍ച്ചേസ് സ്വഭാവത്തെ അത് മനസ്സിലാക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താവിനെ സമീപിക്കാന്‍ കമ്പനികള്‍ക്ക് സാധ്യമാകുന്നു. പരസ്യങ്ങള്‍ ഉപഭോക്താക്കളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെ ടാര്‍ഗറ്റ് ചെയ്യുന്നു. മാര്‍ക്കറ്റിംഗില്‍ ഡേറ്റ വലിയൊരു റോള്‍ കൈകാര്യം ചെയ്യുന്നു.
യന്ത്രവല്‍ക്കരണവും സഹാനുഭൂതിയും
ഇന്‍ഡസ്ട്രി 4.0 യന്ത്രവല്‍ക്കരണത്തിന്റെ സമയമായിരുന്നു. വ്യവസായങ്ങളില്‍ നൂതനങ്ങളായ, സാങ്കേതിക മികവുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. റോബോട്ടുകള്‍ ഫാക്ടറികളുടെ അവിഭാജ്യ ഘടകങ്ങളായി. അതിയന്ത്രവല്‍ക്കരണവും ഡാറ്റയാല്‍ നയിക്കപ്പെടുന്ന മാര്‍ക്കറ്റിംഗും ഇന്‍ഡസ്ട്രി 4.0 ന്റെ മുഖമുദ്രകളായി. സാങ്കേതികത വ്യവസായങ്ങളുടെ അലകും പിടിയും മാറ്റിമറിച്ചു.
അതിയന്ത്രവല്‍ക്കരണത്തിന്റെ കാലത്ത് മാനുഷികമായ പല പരിഗണനകളും ഇല്ലാതെയായി. മനുഷ്യനെക്കാള്‍ ശ്രദ്ധ യന്ത്രങ്ങളും റോബോട്ടുകളും കവര്‍ന്നെടുത്തു. പരിസ്ഥിതി പാടെ അവഗണിക്കപ്പെട്ടു. കേവലം ബിസിനസിന് മാത്രമല്ല മുന്‍തൂക്കം നല്‍കേണ്ടതെന്ന ചിന്താഗതി ശക്തമായി. ഇന്‍ഡസ്ട്രി 5.0 ഉടലെടുക്കുന്നത് മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ്.
വ്യക്തിഗതമായ ആവശ്യകതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നൽകുന്നു. നിങ്ങളുടെ വാക്കുകള്‍ കൊണ്ടോ ആംഗ്യങ്ങള്‍ കൊണ്ടോ നിയന്ത്രിക്കാവുന്ന യന്ത്രങ്ങള്‍ എത്തുന്നു. കൂട്ടായ സഹപ്രവര്‍ത്തനത്തിലൂടെ മാത്രമേ തലമുറകള്‍ക്ക് നിലനില്‍ക്കാവുന്ന സുസ്ഥിരമായ പരിസ്ഥിതി സൃഷ്ടിച്ചെടുക്കുവാന്‍ സാധിക്കയുള്ളൂവെന്ന സത്യം വ്യവസായങ്ങള്‍ തിരിച്ചറിയുന്നു.
Gen Zല്‍ കാഴ്ചപ്പാടുകള്‍ക്ക് സമൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നര്‍ത്ഥം. നിര്‍മ്മിത ബുദ്ധി ഉപഭോക്താക്കളുടെ സ്വഭാവവും പെരുമാറ്റവും പ്രവചിക്കുക മാത്രമല്ല ചെയ്യാന്‍ പോകുന്നത്
വൈകാരികമായി ബന്ധപ്പെടുവാന്‍ കൂടി അവയ്ക്ക് സാധ്യമാകുന്നു. ഉപഭോക്താക്കളുടെ വികാരങ്ങളുമായി നിര്‍മ്മിത ബുദ്ധി താദാത്മ്യം പ്രാപിക്കും. സഹാനുഭൂതി കൂടി അവയുടെ പ്രക്രുതമാകും. വിര്‍ച്ച്വല്‍ അസിസ്റ്റന്റുകള്‍ ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് വെറുതെ ഉത്തരം പറയുക മാത്രമല്ല മറിച്ച് അവരുടെ വരാന്‍ പോകുന്ന ആവശ്യങ്ങള്‍ കൂടി മുന്‍കൂട്ടി മനസ്സിലാക്കി അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. ഉപഭോക്താക്കളുമായി അര്‍ത്ഥവത്തായ ബന്ധങ്ങള്‍ അവര്‍ സൃഷ്ടിക്കും.
സ്‌പോട്ടിഫൈയില്‍ നിങ്ങള്‍ ഗാനങ്ങള്‍ ശ്രവിക്കൂ. നിങ്ങള്‍ കേള്‍ക്കുന്ന ഗാനങ്ങളുടെ പ്രകൃതം മനസ്സിലാക്കി അത് നിങ്ങള്‍ക്ക് അത്തരം ഗാനങ്ങള്‍ കൂടുതലായി നല്‍കും. നിങ്ങളുടെ വ്യക്തിഗതമായ ആവശ്യങ്ങള്‍ അത് തിരിച്ചറിയുന്നു. നിങ്ങള്‍ അതുമായി കൂടുതല്‍ ഹൃദയബന്ധത്തിലാകുന്നു. നിങ്ങളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരു സുഹൃത്തിന്റെ സ്ഥാനം അത് നിങ്ങളുടെ ജീവിതത്തില്‍ നേടിയെടുക്കുന്നു. ഇത് അതിശയകരമാണ്. മനുഷ്യനും സാങ്കേതികതയും പരസ്പരം സംവദിക്കുന്നു കൈകള്‍ കോര്‍ത്ത് മുന്നോട്ടു കുതിക്കുന്നു.
ഇന്‍ഡസ്ട്രി 5.0 മാര്‍ക്കറ്റിംഗ്
നിങ്ങള്‍ ലക്ഷ്യം വെക്കുന്നത് മില്ലനിയലുകളെയോ (Gen Y) സൂമേഴ്‌സിനേയോ (Gen Z) ആവട്ടെ മാനുഷിക ഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുക. അവരുടെ വ്യക്തിഗതമായ ആവശ്യങ്ങള്‍ പരിഗണിക്കുക. കടന്നു വരുന്ന ഓരോ സാങ്കേതിക മാറ്റത്തേയും ഉള്‍ക്കൊള്ളുക. കേവലം യന്ത്രവല്‍ക്കരണം മാത്രമല്ല ലക്ഷ്യമെന്ന് മനസ്സില്‍ കുറിക്കുക. ബിസിനസും ഉപഭോക്താവും തമ്മില്‍ വൈകാരിക ബന്ധം ഉടലെടുക്കണം. അതിനായി മാനുഷിക പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കുക. അതിവേഗം മാറ്റങ്ങളെ പുല്‍കുന്ന സമൂഹത്തില്‍ ബന്ധങ്ങളാണ് ബിസിനസിനെ മുന്നോട്ട് നയിക്കുന്നത്.
യാത്ര മാറിക്കൊണ്ടേയിരിക്കാം എന്നാല്‍ ലക്ഷ്യം മാറുന്നതേയില്ല - ആധികാരികത, സഹാനുഭൂതി, ബന്ധം ഇവ മാറ്റമില്ലാതെ നിലനില്‍ക്കുന്നു. Gen Z മാര്‍ക്കറ്റിംഗ് പുതിയ ശബ്ദമാണ്. അത് പിന്തുടരുക.