വ്യത്യസ്തമായ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കി വിപണി വാഴുന്ന അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍
പ്രീമിയം വില നല്‍കി ബ്രാന്‍ഡ് സ്വന്തമാക്കണോ? അതോ സ്വന്തം ആവശ്യകതയ്ക്കുതകുന്ന ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ സ്വന്തമാക്കണോ?;
നിങ്ങള്‍ കടയില്‍ നിന്നും തീപ്പെട്ടി വാങ്ങുന്നു. ചില ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതു പോലെ പ്രത്യേക ബ്രാന്‍ഡിലുള്ള തീപ്പെട്ടി തന്നെ വേണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നില്ല. സത്യത്തില്‍ തീപ്പെട്ടിയുടെ ബ്രാന്‍ഡ് നിങ്ങള്‍ ശ്രദ്ധിക്കാറില്ല. കൊള്ളി ഉരച്ചാല്‍ കത്തണം. തീപ്പെട്ടിയുടെ പുറത്തെഴുതിയിരിക്കുന്ന പേരു പോലും നിങ്ങള്‍ നോക്കാറില്ല. ഓരോ തവണ വാങ്ങുമ്പോഴും വ്യത്യസ്ത പേരുകളുള്ള തീപ്പെട്ടിയായിരിക്കും. സത്യത്തില്‍ തീപ്പെട്ടിയുടെ ബ്രാന്‍ഡില്‍ നിങ്ങള്‍ക്ക് യാതൊരു താല്‍പ്പര്യവും തോന്നാറില്ല.
ഇങ്ങനെ അറിയപ്പെടുന്ന പേരിലല്ലാത്ത അല്ലെങ്കില്‍ തിരിച്ചറിയാന്‍ പാകത്തിലുള്ള ബ്രാന്‍ഡ് നാമമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയുടെ വലിയൊരു ഭാഗം വിപണിയില്‍ കൈയ്യടക്കി വെച്ചിരിക്കുന്നു. ഇത്തരം അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക കമ്പനിയുമായോ ട്രേഡ് മാര്‍ക്കുമായോ ബന്ധപ്പെട്ടവയല്ല. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ അതേ പ്രവര്‍ത്തനയോഗ്യതയോടെ (Functionality) ഇവ ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയില്‍ വിപണിയില്‍ ലഭ്യമാകുന്നു.
അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ നേട്ടങ്ങള്‍
1. കുറഞ്ഞ വിലയില്‍ ലഭിക്കുന്നു
ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെപ്പോലെ മാര്‍ക്കറ്റിംഗിനോ ബ്രാന്‍ഡിംഗിനോ വേണ്ടി പണം ചെലവഴിക്കേണ്ട ആവശ്യം അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കില്ല. ഇത് ചെലവ് ചുരുക്കാനും ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും സഹായിക്കുന്നു.
2. തിരഞ്ഞെടുക്കാന്‍ ധാരാളം ഉല്‍പ്പന്നങ്ങള്‍
ലഭ്യമായ നിരവധി ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ നിന്നും സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായത് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ബ്രാന്‍ഡിന്റെ വിശ്വാസ്യതയെക്കാള്‍ ഉല്‍പ്പന്നങ്ങളുടെ ഫീച്ചേഴ്‌സിനാണ് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നത്.
3. കടുത്ത മത്സരവും വിലക്കുറവും
അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ കടുത്ത മത്സരം തന്നെ കാഴ്ചവെയ്ക്കുന്നു. ഇത് ഒരേ തരം ഉല്‍പ്പന്നങ്ങളുടെ വിലക്കുറവിന് കാരണമാകുന്നു. വിപണിയില്‍ അനാവശ്യ വിലക്കയറ്റത്തിന് ഇത് തടയിടുന്നു.
അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ കോട്ടങ്ങള്‍
1. മേന്മയിലുള്ള സംശയം
അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ മേന്മയില്‍ ഉപഭോക്താക്കള്‍ക്ക് സംശയം ഉടലെടുക്കാം. കുറഞ്ഞ വില മേന്മയെ ബാധിക്കുമെന്ന കാഴ്ചപ്പാട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാം. ഇത് അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെ എത്രമാത്രം ആശ്രയിക്കാമെന്ന സംശയത്തിലേക്ക് ഉപഭോക്താക്കളെ നയിക്കുന്നു.
2. വാറന്റി ലഭിക്കാതിരിക്കുക
ചിലപ്പോള്‍ ചില അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വാറന്റിയോ കസ്റ്റമര്‍ സപ്പോര്‍ട്ടോ ഉണ്ടാവില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എങ്ങനെ അവ പരിഹരിക്കുമെന്ന സംശയം ഉപഭോക്താക്കളില്‍ ഉണ്ടാവാം.
3. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാതാകുക
അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിശദവിവരങ്ങളോ കസ്റ്റമര്‍ റിവ്യൂകളോ ലഭിക്കാതെ വരാം. കസ്റ്റമറില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം.
ആര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ലോഗോകളും പേരുകളും അടക്കി വാഴുന്ന വിപണിയില്‍ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അത്യന്തം വ്യത്യസ്തമായ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് നടക്കുന്നത്. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ നിരന്തരമായ പരസ്യങ്ങളിലൂടെ, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ കസ്റ്റമറെ സമീപിക്കുമ്പോള്‍ ഇതൊന്നുമില്ലാതെ ബ്രാന്‍ഡിന് ഉപരിയായ മൂല്യത്തോടെ എങ്ങിനെയാണ് അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിലയുറപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. ഈ മനശാസ്ത്രം നമുക്കൊന്ന് കാണാം.
1. മൂല്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്
ബ്രാന്‍ഡഡ് അല്ലാത്ത സാധാരണ മരുന്നുകള്‍ ബ്രാന്‍ഡഡായ മരുന്നുകളുടെ അതേ ഫലം നല്‍കുകയും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യുന്നു. മേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ ഗുണനിലവാരമുള്ള ഇത്തരം മരുന്നുകള്‍ ലഭ്യമാകുമ്പോള്‍ ബ്രാന്‍ഡഡ് മരുന്നുകളുടെ വില താങ്ങാന്‍ കഴിയാതെ വരുന്ന ഉപഭോക്താക്കള്‍ക്ക് അത് ആശ്വാസമാകുന്നു. അവര്‍ ഇത്തരം മരുന്നുകളുടെ മൂല്യത്തില്‍ വിശ്വാസമര്‍പ്പിച്ചു തുടങ്ങുന്നു.
2. ബ്രാന്‍ഡിനേക്കാള്‍ മുകളില്‍ പ്രവര്‍ത്തന യോഗ്യത
അണ്‍ബ്രാന്‍ഡഡായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളെ ശ്രദ്ധിക്കൂ. അവര്‍ ഉല്‍പ്പന്നങ്ങളുടെ ഫീച്ചേഴ്‌സിനും പ്രവര്‍ത്തന യോഗ്യതയ്ക്കും പ്രാധ്യാന്യം നല്‍കുന്നു. ബ്രാന്‍ഡ് വിശ്വാസ്യതയെക്കാള്‍ (Brand Loyalty) പ്രവര്‍ത്തന യോഗ്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഉപഭോക്താക്കള്‍ ഇത്തരം അണ്‍ബ്രാന്‍ഡഡ് ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നു. എന്തിന് ബ്രാന്‍ഡ് നാമത്തിനായി പ്രീമിയം വില നല്‍കണം എന്നവര്‍ ചിന്തിക്കുന്നു.
3. വിലക്കുറവ്
സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടിട്ടില്ലേ. അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വിലക്കുറവുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നു. മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ പ്രീമിയം പ്രൈസ് ടാഗില്ലാതെ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ അവര്‍ ശ്രമിക്കുന്നു. വിലയുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളായ ഉപഭോക്താക്കള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നു.
4. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു
ബ്രാന്‍ഡില്‍ ആകൃഷ്ടരാകാതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ബ്രാന്‍ഡിന്റെ പളപളപ്പില്‍ കണ്ണുമഞ്ഞളിക്കാതെ സ്വന്തം ആവശ്യകതയ്ക്കും പോക്കറ്റിനും പ്രാധാന്യം നല്‍കാന്‍ ഉപഭോക്താക്കള്‍ ഇതുമൂലം തയ്യാറാകുന്നു.
5. സുതാര്യതയും സത്യസന്ധതയും
പൊടിക്കുന്ന മില്ലില്‍ നിന്നും നേരിട്ടു വാങ്ങുന്ന കറിപ്പൊടികളും മറ്റും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വാസമാണ്. ഉല്‍പ്പന്നങ്ങളുടെ കൂട്ടുകളും ചേരുവകളും കൂടുതല്‍ സുതാര്യതയുറപ്പാക്കുന്നതും സത്യസന്ധവുമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഇവിടെ ബ്രാന്‍ഡിന് യാതൊരു പ്രാധാന്യവും അവര്‍ നല്‍കുന്നില്ല.
6. പറഞ്ഞു പറഞ്ഞ്
വാങ്ങിയ ഒരാള്‍ പറഞ്ഞായിരിക്കും മറ്റൊരാള്‍ ഉല്‍പ്പന്നത്തെക്കുറിച്ച് അറിയുക. സ്വയം പ്രകീര്‍ത്തിക്കുന്ന പരസ്യങ്ങള്‍ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കില്ല. പങ്കുവെയ്ക്കപ്പെടുന്ന അനുഭവങ്ങളിലൂടെ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ പ്രചരിക്കപ്പെടുന്നു. സംതൃപ്തരായ ഉപഭോക്താക്കള്‍ വീണ്ടും വാങ്ങുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുന്നു. വ്യക്തിപരമായ ബന്ധങ്ങളിലൂടെ മാര്‍ക്കറ്റിംഗ് നടക്കുന്നു. ബ്രാന്‍ഡിംഗിനോ മാര്‍ക്കറ്റിംഗിനോ ചെലവേയില്ല.
7. ട്രെന്‍ഡ്
ട്രെന്‍ഡുകളെ പെട്ടെന്ന് സ്വീകരിക്കാന്‍ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നു. ഇതില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ പരിമിതികള്‍ അവയ്ക്കില്ല. സമകാലിക ശൈലികളെ സ്വീകരിച്ച് അതിവേഗം വിപണിയിലേക്കെത്താന്‍ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കാകുന്നു. ട്രെന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് പ്രീമിയം നല്‍കാതെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഇത് ആകര്‍ഷിക്കുന്നു.
അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുടെ മനശാസ്ത്രം തിരിയുന്നത് പ്രവര്‍ത്തന യോഗ്യതയുടേയും സുതാര്യതയുടെയും വിലക്കുറവിന്റേയും ചുറ്റുമാണ്. കസ്റ്റമര്‍ സെന്‍ട്രിക് സമീപനമാണ് ഈ മനശാസ്ത്രത്തിന്റെ കാതല്‍. പ്രീമിയം വില നല്‍കി ബ്രാന്‍ഡ് സ്വന്തമാക്കണോ? അതോ സ്വന്തം ആവശ്യകതയ്ക്കുതകുന്ന ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ സ്വന്തമാക്കണോ? ഇതിനുള്ള സ്വാതന്ത്ര്യം കസ്റ്റമര്‍ക്ക് നല്‍കാന്‍ അണ്‍ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുന്നു.