പ്രതിദിന കേസുകള്‍ 75 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
24 മണിക്കൂറിനിടെ 60,471 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം കണ്ടെത്തിയത്
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ്. 75 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം. 60,471 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം കണ്ടെത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം പ്രതിദിന കേസുകള്‍ കുത്തനെ കുറഞ്ഞിട്ടും രാജ്യത്തെ മരണസംഖ്യ രണ്ടായിരത്തിന് മുകളിലാണ്. ഇന്നലെ മാത്രം 2,726 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,77,031 ആയി. പുതുതായി 60,471 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,95,70,881 ആയി. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണവും കുത്തനെ കുറഞ്ഞിട്ടുണ്ട്. 9,13,378 പേരാണ് ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്, 4.39 ശതമാനം. പ്രതിദിന ടെസ്റ്റ് പോസിറ്റീവ് നിരക്ക് 3.45 ശതമാനമാണ്. തുടര്‍ച്ചയായ എട്ട് ദിവസമായി ഇത് എട്ട് ശതമാനത്തില്‍ താഴെയാണ്.