ഫൈസര്‍ വാക്‌സിന് എഫ്ഡിഎയുടെ പൂര്‍ണാനുമതി
മറ്റ് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് ലഭിച്ചിട്ടുള്ളത്.
യുഎസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) കോവിഡിനെതിരെയുള്ള ഫൈസര്‍ വാക്‌സിന് പൂര്‍ണാനുമതി നല്‍കി. കോവിഡിനെതിരെയുള്ള വാക്‌സിനുകളില്‍ പൂര്‍ണാനുമതി ലഭിക്കുന്ന ആദ്യ വാക്‌സിനാണ് ഫൈസര്‍. 12-16 പ്രായക്കാരില്‍ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഉപയോഗാനുമതി തുടരും.
വാക്‌സിനെടുത്ത 44,000 പേരെ വിലയിരുത്തിയശേഷമാണ് പൂര്‍ണ അനുമതി. മൂന്നാഴ്ചത്തെ ഇടവേളയില്‍ വാക്‌സിനെടുക്കുന്നത് 91 ശതമാനവും ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നായിരുന്നു ഫൈസര്‍ വാക്‌സിന് യുഎസ് അടിയന്തരാനുമതി നല്‍കിയത്. എല്ലാ വാക്‌സിനുകള്‍ക്കും അടിയന്തര ഉപയോഗാനുമതി മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഫൈസറിന് പൂര്‍ണാനുമതി നല്‍കിയതോടെ സ്വകാര്യ വിപണിയില്‍ വാക്‌സിന്‍ ലഭ്യത വര്‍ധിക്കും.
യുഎസിലെ 20 കോടിയില്‍പരം പേരില്‍ ഫൈസര്‍ ഡോസുകള്‍ ഇതിനോടകം കുത്തിവച്ചുകഴിഞ്ഞു. 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് അനുമതി. ഇന്ത്യയില്‍ കോവിഷീല്‍ഡും കോവാക്‌സിനുമുള്‍പ്പെടെ 6 വാക്‌സിനുകള്‍ക്കും അടിയന്തരാനുമതി മാത്രമാണുള്ളത്.