ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് സാക്ഷാല്‍ എലോണ്‍ മസ്‌ക്; എതിര്‍പ്പുമായി റിലയന്‍സ് ജിയോ
മസ്‌കിന്റെയും ആമസോണ്‍ അടക്കമുള്ള വിദേശ കമ്പനികളുടെയും ഏറെക്കാലത്തെ ആവശ്യത്തിനാണ് കേന്ദ്രം പച്ചക്കൊടി വീശുന്നത്
ഇന്ത്യയുടെ ടെലികോം, ഇന്റര്‍നെറ്റ് രംഗത്ത് വന്‍ ചലനം സൃഷ്ടിച്ചും എതിരാളികളെ നിഷ്പ്രഭരാക്കിയുമാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കടന്നുവന്നത്. ഇപ്പോഴിതാ, അംബാനിയെയും ജിയോയെയും നേരിടാന്‍ സാക്ഷാല്‍ എലോണ്‍ മസ്‌ക് കച്ചകെട്ടിയെത്തുന്നു.
സ്‌പെക്ട്രം ലേലങ്ങളില്‍ എതിരാളികളേക്കാളേറെ പണമെറിഞ്ഞാണ് ജിയോ അപ്രമാദിത്തം കാട്ടിയിരുന്നത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്‌പെക്ട്രത്തിന് ലേല സമ്പ്രദായം വേണ്ടെന്നും കമ്പനികള്‍ക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് ലൈസന്‍സ് ലഭ്യമാക്കണമെന്നുമുള്ള എലോണ്‍ മസ്‌ക് നയിക്കുന്ന കമ്പനിയായ സ്റ്റാര്‍ലിങ്കിന്റെയും മറ്റും ആവശ്യത്തിന് പച്ചക്കൊടി വീശുകയാണ് കേന്ദ്രസര്‍ക്കാര്‍.
ഇനി ലൈസന്‍സ് രാജ്!
കേന്ദ്രം കൊണ്ടുവന്ന പുതിയ ടെലികോം ബില്ലിന്റെ ഭാഗമായാണ് സ്‌പെക്ട്രം ലേലം ഒഴിവാക്കി ലൈസന്‍സ് സമ്പ്രദായം കൊണ്ടുവരുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളുള്ളത്.
ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ്, ട്വിറ്റര്‍ (എക്‌സ്) എന്നിവയുടെ മേധാവിയുമായ എലോണ്‍ മസ്‌കിന്റെ കീഴിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ഈ കമ്പനിക്ക് പുറമേ ആമസോണിന്റെ പ്രോജക്റ്റ് ക്യൂപ്പര്‍, ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുണയുള്ള വണ്‍വെബ് തുടങ്ങിയ വിദേശ കമ്പനികളും ലൈസന്‍സ് സമ്പ്രദായമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടിരുന്നു.
ലേല നടപടികള്‍ ഫലത്തില്‍ നിക്ഷേപ, പ്രവര്‍ത്തനച്ചെലവ് കുത്തെനെ കൂട്ടുകയാണ് ചെയ്യുന്നതെന്നും ഇന്ത്യയുടെ ഈ ശൈലി മറ്റ് രാജ്യങ്ങള്‍ പിന്തുടര്‍ന്നാല്‍ ആഗോളതലത്തില്‍ തന്നെ നിക്ഷേപവും ചെലവും അപ്രാപ്യമാകുമെന്നുമുള്ള ആശങ്ക വിദേശ കമ്പനികള്‍ പ്രകടിപ്പിച്ചിരുന്നു.
എതിര്‍പ്പുമായി അംബാനി
അതേസമയം 5ജി സ്‌പെക്ട്രത്തിന്റേത് പോലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്‌പെക്ട്രത്തിനും ലേല സമ്പ്രദായം മതിയെന്നാണ് മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ആവശ്യപ്പെടുന്നത്. ലൈസന്‍സ് അനുവദിച്ചാല്‍ വിദേശ കമ്പനികള്‍ വോയിസ് കോള്‍, ഡേറ്റാ സേവനങ്ങളും നല്‍കിത്തുടങ്ങുമെന്നും ഇത് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ചൂണ്ടിക്കാട്ടുന്നത്. 2030ഓടെ 190 കോടി ഡോളര്‍ (16,000 കോടി രൂപ) മൂല്യത്തിലേക്ക് പ്രതിവര്‍ഷം ശരാശരി 36 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി ഇന്ത്യയുടെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിപണി എത്തുമെന്നാണ് വിലയിരുത്തലുകള്‍.