അദാനിയുടെ കടം ₹2 ലക്ഷം കോടിക്ക് മുകളിലേക്ക്; പാതിയിലേറെയും വിദേശകടം

2023ന്റെ തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിട്ടിരുന്നു

Update:2024-03-06 16:02 IST

Image : adani.com

അദാനി ഗ്രൂപ്പിന്റെ മൊത്തം കടം വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് 26 ബില്യണ്‍ ഡോളറിലെത്തുമെന്ന് (ഏകദേശം 2.1 ലക്ഷം കോടി രൂപ) ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് നാലിലൊന്ന് വര്‍ധന. അതേസമയം പ്രധാന ബിസിനസ് വഴി നികുതിക്കും പലിശയ്ക്കും മുമ്പുള്ള ലാഭം 9.5 ബില്യണ്‍ ഡോളറിലധികം (78,000 കോടി രൂപ) ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മുന്‍ വര്‍ഷം ഇത് 57,000 കോടി രൂപയായിരുന്നു.

2023ന്റെ തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ശേഷം 2022-23 സമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഗ്രൂപ്പിന്റെ മൊത്തം കടം ഏകദേശം 21 ബില്യണ്‍ ഡോളറായിരുന്നു (1.7 ലക്ഷം കോടി രൂപ). നിലവിലുള്ള കടത്തിന്റെ 34 ശതമാനം ആഗോള ബോണ്ട് ഇഷ്യു വഴിയുള്ളതും 36 ശതമാനം വാനില ഡെറ്റും ബാക്കി ആഭ്യന്തര കടവും ഉള്‍ക്കൊള്ളുന്നു.

ഗ്രൂപ്പിന്റെ ബോണ്ടില്‍ നിക്ഷേപിച്ചവരില്‍ നാലിലൊന്ന് പേര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്, മൂന്നിലൊന്ന് ഏഷ്യയില്‍ നിന്നും ഏകദേശം 31 ശതമാനം വടക്കേ അമേരിക്കയില്‍ നിന്നുമാണ്. ബോണ്ട് ഹോള്‍ഡര്‍മാരില്‍ ബ്ലാക്ക്‌റോക്ക്, എ.ഐ.എ, ഫിഡിലിറ്റി, മെറ്റ്ലൈഫ്, ഗോള്‍ഡ്മാന്‍ സാക്‌സ്, ബാറിംഗ്‌സ് എന്നിവ ഉള്‍പ്പെടുന്നു. നിലവില്‍ വിമാനത്താവളങ്ങള്‍, ഗ്രീന്‍ എനര്‍ജി എന്നിവയും മറ്റെല്ലാ ബിസിനസുകളും മെച്ചപ്പെട്ട രൂതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രീന്‍ ഹൈഡ്രജന്‍ ബിസിനസില്‍ 60-70 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.


Tags:    

Similar News