ഷപൂര്‍ജി പലോണ്‍ജിയുടെ ഒഡീഷ തുറമുഖം ഇനി അദാനിക്ക് സ്വന്തം; അദാനി പോര്‍ട്‌സ് ഓഹരികളില്‍ തിളക്കം
ഏറ്റെടുക്കുന്നത് കിഴക്കന്‍ തീരത്തെ നിര്‍ണായക തുറമുഖങ്ങളിലൊന്ന്
പ്രമുഖ വ്യവസായ ഗ്രൂപ്പായ ഷപൂര്‍ജി പലോണ്‍ജി ഗ്രൂപ്പില്‍ നിന്ന് ഒഡീഷയിലെ ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ (GPL) ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (APSEZ) ഗോപാൽപൂർ തുറമുഖത്തിന്റെ 95 ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നത്.
ഗോപാല്‍പൂര്‍ തുറമുഖത്തിന് 1,349 കോടി രൂപ ഓഹരിമൂല്യവും (Equity Value) സ്ഥാപനത്തിന് മൊത്തത്തില്‍ 3,080 കോടി രൂപ മൂല്യവും (Enterprise Value) വിലയിരുത്തിയാണ് ഓഹരികള്‍ ഏറ്റെടുക്കുകയെന്ന് അദാനി പോര്‍ട്‌സ് വ്യക്തമാക്കി. ഒരു കമ്പനിയുടെ ഓഹരികളുടെ മൊത്തമൂല്യമാണ് ഇക്വിറ്റി വാല്യു. അതേ കമ്പനിയുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ മൂല്യവും കൂടിച്ചേര്‍ത്തുള്ള മൊത്തമൂല്യമാണ് എന്റര്‍പ്രൈസ് വാല്യൂ. ഇതില്‍ ഓഹരിമൂല്യവും കടബാദ്ധ്യതകളും ഉള്‍പ്പെടെയുണ്ടാകും.
നിര്‍ണായക തുറമുഖം
ഇന്ത്യയുടെ കിഴക്കന്‍ തീരത്തെ നിര്‍ണായക തുറമുഖങ്ങളിലൊന്നാണ് ഒഡീഷയിലെ ഗോപാല്‍പൂര്‍. ഇരുമ്പയിര്, കല്‍ക്കരി, അലൂമിനിയ, ഇല്‍മനൈറ്റ്, ലൈംസ്‌റ്റോണ്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന തുറമുഖമാണിത്.
പ്രതിവര്‍ഷം 20 മില്യണ്‍ മെട്രിക് ടണ്‍ ചരക്കുനീക്ക ശേഷിയാണ് ഈ തുറമുഖത്തിനുള്ളത്. 2006ല്‍ ഒഡീഷ സര്‍ക്കാര്‍ ഗോപാല്‍പൂര്‍ തുറമുഖത്തിന് 30 വര്‍ഷത്തേക്ക് നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. നടപ്പുവര്‍ഷം 11.3 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് ഗോപാല്‍പൂര്‍ തുറമുഖം കൈകാര്യം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 39 ശതമാനം വളര്‍ച്ചയോടെ 520 കോടി രൂപ വരുമാനം നേടുമെന്നും കരുതുന്നു.
നിര്‍മ്മാണം, റിയല്‍ എസ്‌റ്റേറ്റ്, വസ്ത്രം, ഗൃഹോപകരണങ്ങള്‍, ഷിപ്പിംഗ്, ഊര്‍ജം, എന്‍ജിനിയറിംഗ് ഉത്പന്നങ്ങള്‍, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന സാന്നിദ്ധ്യമുള്ള ഗ്രൂപ്പാണ് ഷപൂര്‍ജി പലോണ്‍ജി. ഇവരില്‍ നിന്നാണ് ഗോപാല്‍പൂര്‍ തുറമുഖത്തിന്റെ 56 ശതമാനം ഓഹരികള്‍ അദാനി പോര്‍ട്‌സ് സ്വന്തമാക്കുന്നത്. ബാക്കി 39 ശതമാനം ഓഹരികള്‍ ഒറീസ സ്റ്റീവ്‌ഡോര്‍സില്‍ നിന്നും വാങ്ങും.
സമീപകാലത്ത് ഷപൂര്‍ജി പലോണ്‍ജി ഗ്രൂപ്പ് വിറ്റൊഴിയുന്ന രണ്ടാമത്തെ തുറമുഖമാണിത്. കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രയിലെ ധരംതാര്‍ തുറമുഖത്തിന്റെ 50 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന് വിറ്റിരുന്നു.
അദാനിയുടെ നേട്ടം
ഗോപാല്‍പൂര്‍ തുറമുഖവും സ്വന്തമാകുന്നതോടെ അദാനി പോര്‍ട്‌സിന് ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളില്‍ തുറമുഖ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ നിര്‍ണായക പ്രാധാന്യം ലഭിക്കും. അഖിലേന്ത്യാ തലത്തിലെ ചന്നെ ചരക്കുനീക്കത്തില്‍ ഇത് വലിയ കുതിപ്പാകുമെന്ന് അദാനി പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പ്രതികരിച്ചു. നിലവില്‍ 12 തുറമുഖങ്ങളാണ് അദാനി പോര്‍ട്‌സിന് കീഴില്‍ ഇന്ത്യയിലുള്ളത്. തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖവും ഇതിലുള്‍പ്പെടുന്നു.
ഓഹരികളില്‍ തിളക്കം
അദാനി പോര്‍ട്‌സ് ഓഹരികളില്‍ ഇന്ന് ഭേദപ്പെട്ട നേട്ടത്തിലാണുള്ളത്. വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഓഹരി 1.43 ശതമാനം വര്‍ധനയോടെ 1,299.30 രൂപയിലാണുള്ളത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 103 ശതമാനം നേട്ടം (Return) സമ്മാനിച്ച ഓഹരിയാണ് അദാനി പോര്‍ട്‌സ്.