കണ്ണൂരില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് കൂട്ടാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
യു.എ.ഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് ഉയര്‍ത്തുന്നു
എയര്‍ ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍ വിഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് കൂട്ടുന്നു. നിലവില്‍ കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകള്‍ക്ക് മികച്ച സ്വീകാര്യതയുള്ള പശ്ചാത്തലത്തിലാണിത്.
യു.എ.ഇക്ക് പുറമേ ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസ് കൂട്ടാനാണ് ആലോചന. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ഗള്‍ഫുമായി ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ ഉയര്‍ത്താനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്ദേശിക്കുന്നുണ്ട്. ഇത് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്ന് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജിംഗ് ഡയറക്ടര്‍ അലോക് സിംഗ് പറഞ്ഞു.
കൂടുതല്‍ വിമാനങ്ങള്‍ യു.എ.ഇയിലേക്ക്
നിലവില്‍ യു.എ.ഇയിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. ദുബൈയിലേക്ക് മാത്രം ആഴ്ചയില്‍ 80 സര്‍വീസുകളുണ്ട്. ഷാര്‍ജയിലേക്ക് 77, അബുദബിയിലേക്ക് 31, റാസ് അല്‍ ഖൈമയിലേക്ക് 5, അല്‍ ഐനിലേക്ക് രണ്ട് എന്നിങ്ങനെയും സര്‍വീസുകള്‍ നടത്തുന്നു. ഗള്‍ഫ് മേഖലയിലേക്ക് ആകെ ആഴ്ചയിലുള്ളത് കമ്പനിക്ക് 308 സര്‍വീസുകളാണ്.
പുതിയ മേഖലകളിലേക്കും
ഗള്‍ഫിന് പുറമേ മറ്റ് മേഖലകളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉയര്‍ത്താന്‍ ഉന്നമിടുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്.