അതിരില്ലാത്ത ആകാശം തേടുന്ന എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ
എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക.
എയര്‍ ഇന്ത്യയുടെ മുഖം മിനുക്കി ടാറ്റ ഗ്രൂപ്പ്. ഇനി എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറന്നുയരുക 'ദി വിസ്റ്റ' എന്ന് പേരിട്ടിരിക്കുന്ന ലോഗോയുമായാണ്. സ്വര്‍ണം, ചുവപ്പ്, പര്‍പ്പിള്‍, എന്നീ നിറങ്ങളിലുള്ള ആധുനിക ഡിസൈനാണ് പുതിയ ലോഗോയിലുള്ളത്. പരിധിയില്ലാത്ത അവസരങ്ങളെയാണ് ലോഗോ സൂചിപ്പിക്കുന്നതെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.
ഡിസംബറില്‍ എത്തും
2023 ഡിസംബര്‍ മുതലാണ് 'ദി വിസ്റ്റ' എന്ന പുതിയ ലോഗോ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ പ്രത്യക്ഷപ്പെടുക. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ അനന്തമായ സാധ്യതയെ മാത്രമല്ല മികച്ച വളര്‍ച്ചയെയും കമ്പനിയുടെ ദൃഢമായ ഭാവിയെയും സൂചിപ്പിക്കുന്നൂവെന്ന് കമ്പനി അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന എയര്‍ഇന്ത്യയെ 2022 ജനുവരിയില്‍ 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് എറ്റെടുക്കുകയായിരുന്നു.
മഹാരാജയെ ഒഴിവാക്കിയിട്ടില്ല
ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുമുള്ള അതിഥികള്‍ക്ക് സേവനം നല്‍കുന്ന ലോകോത്തര വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റാനുള്ള ലക്ഷ്യത്തിന്റെ തുടക്കാമാണ് ഈ പുതിയ ബ്രാന്‍ഡിംഗ് എന്ന് കമ്പനി പറയുന്നു.പുതിയ ലോഗോയില്‍ എയര്‍ ഇന്ത്യയുടെ മുഖമായിരുന്ന മഹാരാജ ഇല്ല. എന്നാല്‍ മഹാരാജയെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നും കമ്പനിയുടെ ഭാവി പദ്ധതികളില്‍ ഉള്‍പ്പെടുത്തുമെന്നും എയര്‍ ഇന്ത്യ സി.ഇ.ഒ കാംപെല്‍ വില്‍സണ്‍ പറഞ്ഞു.