തുടര്‍ച്ചയായ അഞ്ചാം മാസവും ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍

എയര്‍ടെല്‍ 4.05 ദശലക്ഷം വരിക്കാരെയാണ് ഡിസംബര്‍ മാസത്തില്‍ നേടിയത്

Update: 2021-02-19 05:08 GMT

തുടര്‍ച്ചയായ അഞ്ചാം മാസമായ 2020 ഡിസംബറിലും ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍. വിഐ (വോഡഫോണ്‍ ഐഡിയ) യില്‍ നിന്നുള്ള ഉപഭോക്താക്കളാണ് എയര്‍ടെല്ലിലേക്ക് മാറുന്നതെന്നാണ് സൂചന.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജിയോ 0.47 ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയപ്പോള്‍ എയര്‍ടെല്‍ 4.05 ദശലക്ഷം വയര്‍ലെസ് വരിക്കാരെയാണ് ഡിസംബര്‍ മാസത്തില്‍ നേടിയത്. വിഐ (വോഡഫോണ്‍ ഐഡിയ) ക്ക് 5.7 ദശലക്ഷം ഉപഭോക്താക്കളെയാണ് ഡിസംബര്‍ മാസത്തില്‍ നഷ്ടമായത്.
ട്രായുടെ മൊബൈല്‍ ഉപഭോക്തൃ ഡാറ്റ (Mobile user data) പ്രകാരം ഡിസംബറില്‍ എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 338.70 ദശലക്ഷമായി ഉയര്‍ത്തിയപ്പോള്‍ ജിയോയുടേത് 408.77 ദശലക്ഷം ആയി ഉയര്‍ന്നു. പ്രതിസന്ധി നേരിടുന്ന വിഐയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 284.25 ദശലക്ഷമായി കുറഞ്ഞു.
ആക്ടീവ്, ഇനാക്ടീവ് എന്നീ രണ്ട് വിഭാഗങ്ങളിലായുള്ള ഉപഭോക്താക്കളാണ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ക്കുള്ളത്. എന്നാല്‍ ജിയോയെക്കാള്‍ ഈ രണ്ട് വിഭാഗം ഉപഭോക്താക്കളും തിരഞ്ഞെടുക്കുന്നത് എയര്‍ടെലാണ്. എയര്‍ടെല്ലിന്റെ വിപണി നിര്‍വ്വഹണം പ്രതീക്ഷകളേക്കാള്‍ മികച്ചതാണെന്നും അതിന്റെ ഏറ്റവും അടുത്ത എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരമായി ഉയര്‍ന്ന 4 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാന്‍ മൊബൈല്‍ദാതാവിന് കഴിയുന്നുണ്ടെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.


Tags:    

Similar News