അലിബാബ ക്ലൗഡ് 5,000 ടെക്കികളെ നിയമിക്കുന്നു

Update: 2020-06-09 11:44 GMT

ആഗോളതലത്തില്‍ 5,000 സാങ്കേതിക പ്രതിഭകളെ ഇക്കൊല്ലം നിയമിക്കുമെന്ന് അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന്റെ കീഴിലുള്ള സംരംഭമായ അലിബാബ ക്ലൗഡ്. നെറ്റ്‌വര്‍ക്ക്, ഡാറ്റാബേസ്, സെര്‍വര്‍, ചിപ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) തുടങ്ങിയ മേഖലകളിലാകും നിയമനം.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് ഭീമന്‍ 28 ബില്യണ്‍ ഡോളര്‍ അധികമായി നിക്ഷേപിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിലവിലെ പ്രഖ്യാപനമുണ്ടായിട്ടുള്ളത്. ഏപ്രില്‍ 2020 ലെ ഗാര്‍ട്ട്നര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ഏറ്റവും വലിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന ദാതാവാണ് അലിബാബ ക്ലൗഡ്. ചൈനയില്‍  5 വര്‍ഷം കൊണ്ടു നടപ്പാക്കാന്‍ ലക്ഷ്യമിട്ട ഡിജിറ്റലൈസേഷന്‍ പദ്ധതി കോവിഡ് സാഹചര്യത്തില്‍ ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാനാണ് അലിബാബ ക്ലൗഡ് തയ്യാറെടുക്കുന്നത്.

അലിബാബ ക്ലൗഡിന് ഇന്ത്യയില്‍ രണ്ട് ഡാറ്റാ സെന്ററുകള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ എത്ര പേരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി, എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, ഇന്‍ഗ്രാം മൈക്രോ എന്നിവയുമായി ചേര്‍ന്ന് അലിബാബ ക്ലൗഡ് ഒരു സംരംഭത്തിലേര്‍പ്പെട്ടിട്ടുണ്ട്. പ്രാദേശിക ചാനല്‍ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയുടെ സംരംഭങ്ങള്‍, ചെറുകിട, ഇടത്തരം ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ക്ലൗഡ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News