എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ തലപ്പത്തേക്ക് അലോക് സിംഗ്; വലിയ മാറ്റങ്ങളുമായി ടാറ്റ ഗ്രൂപ്പ്
ലയനത്തിന് ശേഷം സ്ഥാപനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന് ബ്രാന്‍ഡ് ചെയ്യും. 2023 അവസാനത്തോടെ ലയനം പൂര്‍ത്തിയാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു
ടാറ്റ ഗ്രൂപ്പിന്റെ ചെലവ് കുറഞ്ഞ എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സിഇഒ ആയി അലോക് സിംഗ് 2023 ജനുവരി 1 മുതല്‍ ചുമതലയേല്‍ക്കും. എയര്‍ഏഷ്യ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സംയോജിപ്പിച്ചാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിര്‍മ്മിക്കുന്നത്. ഇരു കമ്പനികളുടേയും ലയന പ്രക്രിയ നടന്നു വരുന്ന സാഹചര്യത്തില്‍ പുതിയ സിഇഒയെ നിയമിക്കുന്നത് ഈ പ്രക്രിയ കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ വ്യക്തതയും ഏകീകൃത ഉത്തരവാദിത്തവും നല്‍കുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
നേരത്തെ എയര്‍ ഇന്ത്യയുടെയും ഒമാന്‍ എയറിന്റെയും ഉന്നത സ്ഥാനങ്ങളില്‍ അലോക് സിംഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 നവംബര്‍ 9 ന് സര്‍ക്കാരിന്റെ നോ-ഫ്രില്‍സ് എയര്‍ലൈന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അദ്ദേഹം ചുമതലയേറ്റിരുന്നു. ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി സിഎപിഎ സൗത്ത് ഏഷ്യയുടെ മുന്‍ ഉപദേഷ്ടാവ് കൂടിയായിരുന്നു അദ്ദേഹം.
ഇത് കൂടാതെ നിലവിലെ എയര്‍ഏഷ്യ ഇന്ത്യ സിഇഒ സുനില്‍ ഭാസ്‌കരന്‍ ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയുടെ നേതൃത്വം ഏറ്റെടുക്കും. ഈ വര്‍ഷം ജനുവരിയില്‍ നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം എയര്‍ലൈന്‍ ബിസിനസ് ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ്.
എയര്‍ ഇന്ത്യ ഗ്രൂപ്പിന് കുറഞ്ഞ നിരക്കില്‍ ഒരൊറ്റ വിമാനക്കമ്പനിയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ലയനത്തിന് ശേഷം, സ്ഥാപനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്ന് ബ്രാന്‍ഡ് ചെയ്യും. 2023 അവസാനത്തോടെ ലയനം പൂര്‍ത്തിയാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എയര്‍ഏഷ്യ ഇന്ത്യ 2014 ലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2005 ലുമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.