ടിക്ക്‌ടോക്ക് പണിയാവുന്നു; ഗൂഗിളിന്റെ അറ്റാദായത്തില്‍ 27 ശതമാനം ഇടിവ്

പ്രതിസന്ധി മുന്നില്‍ കണ്ട് ഓഗസ്റ്റില്‍ തന്നെ പുതിയ നിയമനങ്ങള്‍ കമ്പനി നിര്‍ത്തിയിരുന്നു

Update:2022-10-26 15:19 IST

ആഗോള തലത്തില്‍ ടെക് കമ്പനികള്‍ നേരിടുന്ന തിരിച്ചടികള്‍ ഗൂഗിളിനേയും (Google) ബാധിക്കുന്നു. 2022 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് (Alphabet) 13.9 ബില്യണ്‍ ഡോളറിന്റെ അറ്റാദായം ആണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 27 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. അതേ സമയം വരുമാനം 6 ശതമാനം ഉയര്‍ന്ന് 69.1 ബില്യണ്‍ ഡോളറിലെത്തി.

ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 54.5 ബില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ പരസ്യവരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 1.4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ല. കമ്പനികള്‍ പരസ്യങ്ങള്‍ക്ക് നീക്കിവെയ്ക്കുന്ന തുക വെട്ടിക്കുറച്ചത് ഗൂഗിളിനെ ബാധിച്ചു. ക്രിപ്‌റ്റോ, ഇന്‍ഷുറന്‍സ്, ഗെയിമിംഗ് ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. ഡോളര്‍ ശക്തിപ്പെട്ടതും കമ്പനിയുടെ പ്രകടനത്തില്‍ പ്രതിഫലിച്ചു.

യൂട്യൂബിന്റെ പരസ്യവരുമാനം 1.9 ശതമാനം ഇടിഞ്ഞ് 7 ബില്യണ്‍ ഡോളറിലെത്തി. ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്ക്‌ടോക്ക് (Tiktok) സെപ്റ്റംബറില്‍ വീഡിയോകള്‍ക്കിടയില്‍ പരസ്യങ്ങള്‍ നല്‍കാന്‍ തുടങ്ങിരുന്നു. ഇത് യൂട്യൂബിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന നിരക്കും ആഗോള സാമ്പത്തിക സ്ഥിതിയും പരസ്യവരുമാനത്തിലെ വളര്‍ച്ചയെ ബാധിച്ചെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ പുതിയ ജീവനക്കാരുടെ നിയമിക്കുന്നത് കമ്പനി നിര്‍ത്തിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 186,779 ജീവനക്കാരാണ് ആല്‍ഫബെറ്റിന് ഉള്ളത്. മൂന്നാം പാദത്തില്‍ 12,000 നിയമനങ്ങളാണ് കമ്പനി നടത്തിയത്.

Tags:    

Similar News