ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠിപ്പിക്കാനൊരുങ്ങി ആമസോണ്‍
ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക
വന്‍കിട ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ആഗോള തലത്തിലുള്ള കംപ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠനത്തിന് അവസരമൊരുക്കുന്നു. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 900 ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാവും അവസരം.
ഗുണനിലവാരമുള്ള കംപ്യൂട്ടര്‍ സയന്‍സ് പഠനവും കരിയര്‍ അവസരങ്ങളും ലക്ഷ്യമിട്ടാണ് പദ്ധതി. രാജ്യാന്തര തലത്തിലുള്ള നോളജ് പാര്‍ട്ണര്‍ കോഡ് ഡോട്ട് ഒആര്‍ജിയുമായി സഹകരിച്ചാണ് ആമസോണ്‍ ഈ പദ്ധതി നടപ്പാക്കുന്നത്. കംപ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങള്‍ക്കൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് തുടങ്ങി ഭാവിയിലേക്ക് ആവശ്യമുള്ള വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പഠനം സാധ്യമാക്കും.
ആറാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ഉന്നം വെക്കുന്നത്. കൂടാതെ അധ്യാപകരെയും മറ്റു പരിശീലകരെയും പരിശീലിപ്പിക്കും.
കര്‍ണാടക, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി ആമസോണ്‍ യോജിച്ച് പ്രവര്‍ത്തിക്കും.
വരും വര്‍ഷങ്ങളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നു. കൂടാതെ സ്‌കോളര്‍ഷിപ്പുകള്‍, ഇന്റേണ്‍ഷിപ്പ്, ഹാക്കത്തണ്‍ ഈവന്റ്‌സ്, മെന്റര്‍ഷിപ്പ് പരിപാടികള്‍ തുടങ്ങിയവയും നടത്തും.