പേപ്പര്‍ പാക്കേജിംഗ് സംവിധാനം ഇന്ത്യയിലേക്കും എത്തിക്കാന്‍ ആമസോണ്‍

ലക്ഷ്യം പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക

Update:2023-11-09 13:00 IST

Image courtesy: canva/ amazon

പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് പുനരുപയോഗിക്കാവുന്ന പേപ്പര്‍ പാക്കേജിംഗിനായുള്ള നൂതന സംവിധാനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആമസോണ്‍. ഉല്‍പ്പന്നങ്ങള്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള വഴികളില്‍ ആമസോണ്‍ വര്‍ഷങ്ങളായി ഗവേഷണം നടത്തിവരികയാണ്.

യു.എസ്സില്‍ പദ്ധതി വിജയം

യു.എസ് ഓഹായോയിലെ കമ്പനിയുടെ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് പാക്കേജിംഗിന് പകരം പുനരുപയോഗിക്കാവുന്ന പേപ്പര്‍ പാക്കേജിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. പ്ലാസ്റ്റിക്കിന് പകരം പേപ്പര്‍ ഉപയോഗിക്കുന്നതിന് നിലവിലുള്ള യന്ത്രങ്ങള്‍ ഉള്‍പ്പെടെ കമ്പനി പുനര്‍നിര്‍മ്മിച്ചു. പുനരുപയോഗിക്കാവുന്ന ഫിറ്റ്-ടു-ഫിറ്റ് പാക്കേജുകള്‍ ഉണ്ടാക്കുന്ന പുതിയ മെഷീനുകള്‍ കമ്പനി വികസിപ്പിച്ചു.ഇത്തരത്തില്‍ യു.എസ്സിലെ ഈ കേന്ദ്രത്തില്‍ നിന്നുള്ള പാക്കേജിംഗ് പൂര്‍ണ്ണമായും പേപ്പര്‍ ഉപയോഗിച്ചുള്ളതായി.

ഇന്ത്യയിലും ഉടന്‍

ഇന്ത്യ പോലൊരു വിപണിയുടെ വലിപ്പവും വ്യാപ്തിയും കണക്കിലെടുത്ത് ഇത്തരമൊരു ചുവടുവയ്പ്പ് നടത്തുന്നത് അല്‍പം പ്രയാസമാണെങ്കിലും പ്രാദേശിക തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായി നടത്തിവരികയാണെന്ന് ആമസോണ്‍ അറിയിച്ചു. വൈകാതെ പുനരുപയോഗിക്കാവുന്ന പേപ്പര്‍ പാക്കേജുകള്‍ ഉണ്ടാക്കുന്ന സംവിധാനം ഇന്ത്യയിലും കൊണ്ടുവരും.ഈ സംവിധാനം വീട്ടില്‍ തന്നെ അവ റീസൈക്കിള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കും.

കമ്പനി ബബിള്‍ റാപ്പുകള്‍ക്ക് പകരമായി പാക്കിംഗ് പേപ്പറും പേപ്പര്‍ കുഷ്യനുകളും ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. 2022ല്‍ മാത്രം പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള പാക്കേജിംഗ് വിപുലീകരിച്ചുകൊണ്ട് ആഗോള തലത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കേജിംഗ് ആമസോണ്‍ 11.6% കുറച്ചിരുന്നു.

Tags:    

Similar News