ആമസോണ്‍ ഡെലിവെറിക്ക് ഇലക്ട്രിക്ക് പെട്ടി ഓട്ടോ

Update: 2020-01-20 12:27 GMT

ഇന്ത്യയില്‍ അധികം വൈകാതെ ഇലക്ട്രിക്ക് പെട്ടി ഓട്ടോറിക്ഷയില്‍ ആമസോണ്‍ ഡെലിവെറിയെത്തിത്തുടങ്ങും. ഇ-കൊമേഴ്സ് വെബ്‌സൈറ്റ് ഉടമ ജെഫ് ബെസോസ് വീഡിയോ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനം കഴിഞ്ഞു അമേരിക്കയിലേക്കു മടങ്ങുംമുമ്പ് ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപവും, 1 മില്യണ്‍ പേര്‍ക്ക് തൊഴിലും ഇന്ത്യയ്ക്കായി വാഗ്ദാനം ചെയ്തിരുന്നു ബെസോസ്. ഇലക്ട്രിക്ക്  റിക്ഷ വഴിയുള്ള ഡെലിവെറിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ജെഫ് ബെസോസോ, ആമസോണ്‍ ഇന്ത്യയോ പുറത്തുവിട്ടിട്ടില്ലെങ്കിലും, 34 സെക്കന്റ് മാത്രം നീണ്ടു നില്‍ക്കുന്ന വീഡിയോ ട്വീറ്റില്‍ കറുപ്പ് നിറത്തിലുള്ള ഇലക്ട്രിക്ക് പെട്ടി ഓട്ടോ ജെഫ് ബെസോസ് ഓടിക്കുന്നത് കാണാം.

കമ്പനിയുടെ പരിസ്ഥിതി സൗഹാര്‍ദ പദ്ധതികള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക്ക് പെട്ടി ഓട്ടോ ഡെലിവറി ഇന്ത്യക്കായി തയ്യാറാക്കിയിരിക്കുന്നത്. 'പുതിയ ഇലക്ട്രിക് ഡെലിവറി റിക്ഷകള്‍ ഞങ്ങള്‍ പുറത്തിറക്കുന്നു. പൂര്‍ണ്ണമായും ഇലക്ട്രിക്, സീറോ കാര്‍ബണ്‍,' ബെസോസ് വിഡിയോയ്ക്കൊപ്പം കുറിച്ചു.

പാരീസ് കാലാവസ്ഥ ഉടമ്പടിക്കനുസരിച്ച് ആമസോണ്‍ കൂടുതല്‍ പരിസ്ഥതി സൗഹാര്‍ദ സ്ഥാപനമാകുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറിക്കായി ആമസോണ്‍ സജ്ജമാകുന്നത്. ആമസോണിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ 40 ശതമാനത്തോളം ഊര്‍ജം ഇപ്പോള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണ് കണ്ടെത്തുന്നത്. 2024 ആവുമ്പോഴേക്കും 80 ശതമാനവും, 2030 ആവുമ്പോഴേക്കും പൂര്‍ണമായും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ ആശ്രയിക്കാനുമാണ് ആമസോണ്‍ പദ്ധതിയിടുന്നതെന്ന് ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഡെലിവറി മൂലം ഏകദേശം 4 മില്യണ്‍ മെട്രിക് ടണ്‍ വാഹനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണം കുറക്കാം എന്ന് ആമസോണ്‍ കണക്കു കൂട്ടുന്നു.

2040-ഓടെ തങ്ങളാല്‍ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണ തോത് പരമാവധി കുറക്കുക എന്നുള്ള ലക്ഷ്യത്തിന്റെ ഭാഗമായി സ്വന്തം രാജ്യമായ അമേരിക്കയില്‍ ഡെലിവെറിക്കായി ഒരു ലക്ഷം ഇലക്ട്രിക്ക് വാനുകള്‍ ഇ-കോമേഴ്സ് ഭീമന്‍ തയ്യാറാക്കുന്നുണ്ട്. 2019 ഫെബ്രുവരിയില്‍ ആമസോണ്‍ 700 മില്യണ്‍ യുഎസ് നിക്ഷേപം നടത്തിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് റിവിയന്‍ ഓട്ടോമോട്ടീവിന്റെ ഇലക്ട്രിക് വാനുകള്‍ ആണ് ഡെലിവെറിക്ക് തയ്യാറാകുന്നത്.

ഏകദേശം 10,000 ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍ ആണ് ഡെലവെറിക്കായി ആമസോണ്‍ ഇന്ത്യയില്‍ തയ്യാറാക്കുന്നത്. ഈ വര്‍ഷം ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ, നാഗ്പൂര്‍, കോയമ്പത്തൂര്‍ എന്നിവയടക്കം 20-ഓളം നഗരങ്ങളിലാണ് ഇ-പെട്ടി ഓട്ടോയില്‍ ആമസോണ്‍ ഡെലിവറി നടത്തുക. ഘട്ടം ഘട്ടമായി മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News