മെറ്റാവേഴ്‌സില്‍ ചികിത്സ ഒരുക്കാന്‍ അപ്പോളോ
രോഗികള്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ മെറ്റാവേഴ്‌സിലൂടെ നല്‍കുകയാണ് ലക്ഷ്യം
മെഡിക്കല്‍ രംഗത്തെ മെറ്റാവേഴ്‌സ് സാധ്യതകള്‍ ഉപയോഗിക്കാനൊരുങ്ങി അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ്. അമേരിക്കന്‍ ടെക്ക് സ്റ്റാര്‍ട്ടപ്പ് 8ചിലിയുമായി ചേര്‍ന്നാണ് അപ്പോളോ പുതിയ സേവനം പരീക്ഷിക്കുന്നത്. ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ തന്നെ ആദ്യമായാണ് ഒരു പ്രമുഖ ഗ്രൂപ്പ,് മെറ്റാവേഴ്‌സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത്. ശസ്ത്രക്രിയകള്‍ക്ക് മുന്‍പ് രോഗികള്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗിനാവും പ്രധാനമായും മെറ്റാവേഴ്‌സ് ഉപയോഗിക്കുക.
വിര്‍ച്വല്‍ റിയാലിറ്റി, ഹെല്‍ത്ത് കെയര്‍ കമ്മ്യൂണിറ്റിയില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നും രോഗികള്‍ക്ക് മികച്ച സേവനാനുഭവം നല്‍കുമെന്നും അപ്പോളോ ഹോസ്പ്റ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതാപ് സി റെഡി പറഞ്ഞു. യാഥാര്‍ത്ഥ ലോകത്തിന്റെ വിര്‍ച്വല്‍ പതിപ്പാണ് മെറ്റാവേഴ്സ്. ഇതില്‍ ഓരോരുത്തര്‍ക്കും സ്വന്തം ത്രിഡി വെര്‍ച്വല്‍ അവതാറുകളുണ്ടാവും. സാധാരണ ജിവിതത്തിലെന്ന പോലെ പരസ്പരം കാണാനും സംസാരിക്കാനും മേറ്റാവേഴ്സില്‍ സാധിക്കും. വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റ് റിയാലിറ്റി, ത്രിഡി എന്നിവയുടെ സംയോജനമാണ് മെറ്റാവേഴ്സ്. വിആര്‍ ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചാണ് മെറ്റ്ാവേഴ്‌സ് അനുഭവം സാധ്യമാക്കുക. നിലവില്‍ രാജ്യത്ത് ലിമോവേഴ്‌സ് എന്ന പേരില്‍ ഒരു മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോം ഹെല്‍ത്ത്‌കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 175 കോടി രൂപയായിരുന്നു അപ്പോളോ ഹോസ്പിറ്റല്‍സിന്റെ അറ്റാദായം. 20.7 ശതമാനം വര്‍ധനവാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അപ്പോളോയുടെ വരുമാനത്തില്‍ ഉണ്ടായത്. അടുത്ത രണ്ടു വര്‍ഷത്തില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 1000 കോടിയിലധികം രൂപയാണ് അപ്പോളോ ചെലവഴിക്കുക.