കൊറോണ വൈറസ് മൂലം ഐഫോണ്‍ ബിസിനസ് മോശമായെന്ന് ആപ്പിള്‍

Update: 2020-02-19 09:44 GMT

ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആഗോള തലത്തില്‍ ഐഫോണ്‍ വിതരണം തകരാറിലായതിനാല്‍ 2020 ലെ ആദ്യ ത്രൈമാസം ആപ്പിള്‍ കമ്പനിയുടെ വിറ്റുവരവും ലാഭവും കുറയുമെന്ന് കമ്പനി മുന്‍കൂട്ടി പ്രഖ്യാപിച്ചു.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആപ്പിള്‍ 91.8 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു. 2020 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 63-67 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിക്കുന്നതിനിടെയാണ് പുതിയ നിഗമനം പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ ഫാക്ടറികള്‍ വീണ്ടും തുറക്കുന്നുണ്ടെങ്കിലും ഐഫോണ്‍ ഉത്പാദനം പ്രതീക്ഷിച്ചതിലും വളരെ സാവധാനത്തിലാണ്. ആഗോള വിതരണത്തില്‍ കുറവുണ്ടായതിനു പുറമെ, ചൈനയില്‍ ആപ്പിള്‍ ഉപകരണങ്ങളുടെ ആവശ്യം കുറഞ്ഞത് ഐഫോണ്‍ വില്‍പ്പനയെ ബാധിച്ചു.

ഐഫോണ്‍ നിര്‍മ്മിക്കുന്ന എല്ലാ ഫാക്ടറികളും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹ്യൂബി പ്രവിശ്യയ്ക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഈ ഫാക്ടറികള്‍ പോലും സാവധാനത്തില്‍ വൈറസിന്റെ പിടിയിലേക്കു വളരുകയാണെ ആശങ്കയും കമ്പനിക്കുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രാദേശിക അധികാരികള്‍ അവധി കൂടുതല്‍ നല്‍കിയതിനാല്‍ ഫാക്ടറികള്‍ കൂടുതലും ജനുവരിയില്‍ അടച്ചിരുന്നു.

തങ്ങളുടെ ബിസിനസിനെ തടസ്സപ്പെടുത്തുന്നത് താല്‍ക്കാലികമാണെന്ന് വിശ്വസിക്കുന്നതായും ആപ്പിള്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യമാണ് പ്രഥമ പരിഗണനയെന്നും വരുമാനമല്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ ജീവനക്കാര്‍, സപ്ലൈ ചെയിന്‍ പങ്കാളികള്‍, ഉപഭോക്താക്കള്‍, ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയുമാണ് ആദ്യത്തെ മുന്‍ഗണനാ വിഷയങ്ങള്‍. ഈ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെ നേരിടാന്‍ മുന്‍നിരയിലുള്ളവരോട്് അഗാധമായ നന്ദിയുണ്ട്, 'കമ്പനി പറയുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള സാമ്പത്തിക തകര്‍ച്ചയ്ക്ക് ആപ്പിളിന്റെ പ്രഖ്യാപനം ആക്കം കൂട്ടി. 2009 ന് ശേഷം ആദ്യമായി ആഗോള സമ്പദ് വ്യവസ്ഥ ഈ പാദത്തില്‍ ചുരുങ്ങുമെന്ന് വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News