കേരളവുമായി വ്യാപാര കരാറുകളിലേര്‍പ്പെട്ട് ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറി; അവസരങ്ങള്‍ നിരവധി

വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം

Update:2023-10-17 21:33 IST

Image Courtesy:witter.com/Aus Consulate Chennai

കേരളവുമായി വിവിധ വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ട് ഓസ്‌ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി. കേരളത്തിന് പ്രയോജനപ്പെടുത്താവുന്ന  നിക്ഷേപ അവസരങ്ങൾ  ഏറെയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയനുമായി  കൂടിക്കാഴ്ച നടത്തിയ ഓസ്‌ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി, ഉപ മുഖ്യമന്ത്രി നിക്കോള്‍ മാനിസണ്‍ വിശദമാക്കി. വിവിധ മേഖലയിലുള്ള നിക്ഷേപ ചര്‍ച്ചകള്‍ക്കായി കേരള സന്ദര്‍ശനത്തിലാണ് നിക്കോള്‍ മാനിസണ്‍ നേതൃത്വം നൽകുന്ന നോര്‍ത്തേണ്‍ ടെറിട്ടറിയുടെ വിവിധ വിഭാഗ തലവന്മാരടങ്ങുന്ന പതിനാറംഗ സംഘം. 

വ്യവസായ മന്ത്രി പി. രാജീവും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേമ്പറിൽ നടന്ന വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. കെ.എസ്.ഐ.ഡി.സി എം.ഡി ഹരി കിഷോര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു  വിവിധ വ്യവസായ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍.  വ്യവസായ വാണിജ്യ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെ വെളിച്ചത്തില്‍ പല പദ്ധതികളുടെയും കരാറുകളിൽ സംഘം ഒപ്പുവച്ചിട്ടുമുണ്ട്. 

അവസരങ്ങൾ 

വിദ്യാഭ്യാസം, തൊഴിൽ ശക്തി പരിശീലനം, വ്യാപാരം, ആരോഗ്യം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണ സാധ്യതയുണ്ടാകും. ഈ മേഖലകളിലുള്ള  കേരളത്തിന്റെ വൈദഗ്ധ്യം എടുത്തു പറയേണ്ടതാണെന്നും അതില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഓസ്‌ട്രേലിയൻ  സംഘം വ്യക്തമാക്കി.

വികസനം, സാങ്കേതിക- വോക്കേഷണൽ പരിശീലനമടക്കമുള്ള വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ടുള്ള സഹകരണവും ചർച്ചയിൽ ഉയർന്നു. 

ഓസ്‌ട്രേലിയയിൽ കസ്റ്റംസ് തീരുവയിലുണ്ടായ കുറവ് കയറ്റുമതി മേഖലയ്ക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കും. റബ്ബർ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ഉണർവേകും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള ക്രിയാത്മക സഹകരണവും പരിശോധിക്കും. ക്രിട്ടിക്കൽ മിനറൽസ് മേഖലയിലെ സഹകരണ സാധ്യതയും  ചർച്ച ചെയ്തു.

വ്യാപാരവുമായി ബന്ധപ്പെട്ട് സഹകരിച്ച് മുന്നോട്ട് പോകാനായി വിവിധ രാഷ്ട്രങ്ങളുമായി വ്യത്യസ്ത പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയുടെ നോർത്തേൺ ടെറിറ്ററി ഇപ്പോൾ. ഇതിന്റെ ഭാഗമായി കേരളത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നതെന്നും നിക്കോള്‍ പറഞ്ഞു. 

കേരളവും ഓസ്‌ട്രേലിയയുടെ  നോർത്തേൺ ടെറിറ്ററിയുമായി  ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കെമിക്കല്‍, മിനറല്‍, പുനരുപയോഗ ഊര്‍ജ മേഖലയില്‍ വ്യവസായ പങ്കാളിത്തത്തിന് വഴിയൊരുക്കും. 

ആരോഗ്യ മേഖല 

2,50,000 പേര്‍ താമസിക്കുന്ന വടക്കന്‍ ഓസ്‌ട്രേലിയയിൽ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഏറ്റവും മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളെയാണ് ഇവിടം വാര്‍ത്തെടുക്കുന്നത്.  ഈ മേഖലയിലും കേരളത്തിന് അവസരങ്ങളുണ്ടാകും. 

കേരളവുമായുള്ള  ഉഭയ കക്ഷി കരാറുകൾ  എം.എസ്.എം.ഇ മേഖലയ്ക്കും ഗുണകരമാകുമെന്ന് ചെന്നൈ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ്, കൗണ്‍സല്‍ ജനറല്‍ സാറ കിര്‍ല്യൂ അഭിപ്രായപ്പെട്ടു. 2017 മുതല്‍ ഓസ്‌ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയുമായി കേരളം വിവിധ പദ്ധതികളുമായി സഹകരിച്ച് മുന്നോട്ട് പോകുകയാണെന്നും അവര്‍ പറഞ്ഞു.


Tags:    

Similar News