സി.ഡി റേഷ്യോ ഒരു പതിറ്റാണ്ട് പിന്നിലേക്ക്,  വാണിജ്യ ബാങ്കുകള്‍ കേരളത്തെ അവഗണിക്കുന്നോ?

Update:2018-10-29 11:38 IST

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കുകള്‍ ഇവിടെ നിന്നും ഭീമമായ തോതില്‍ നിക്ഷേപം സമാഹരിക്കുകയും എന്നാല്‍ കേരളത്തിലെ വായ്പാ വിതരണത്തില്‍ വന്‍ അലംഭാവം കാണിക്കുന്നതായായും സൂചന.

വാണിജ്യ ബാങ്കുകളിലെ സി.ഡി റേഷ്യോയാണ് (വായ്പാ- നിക്ഷേപാനുപാതം) ഇതിന് അടിസ്ഥാനം. കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ സി.ഡി റേഷ്യോ 2018ല്‍ മാര്‍ച്ചില്‍ 64.38 ശതമാനമായിരുന്നെങ്കില്‍ 2018 ജൂണില്‍ അത് 62.99 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ 12 വര്‍ഷത്തെ സി.ഡി റേഷ്യോ പരിശോധിച്ചാല്‍ 2013ല്‍ അത് 76.41 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയിരുന്നതായി കാണാം. എന്നാല്‍ 2018 ജൂണിലെ 62.99 ശതമാനമെന്ന സി.ഡി റേഷ്യോ 2009ലെ 63 ശതമാനമെന്ന നിലവാരത്തിലേക്ക് പിന്നോക്കം പോയിരിക്കുകയാണെന്ന് ഇതോടൊപ്പമുള്ള ചാര്‍ട്ട് വ്യക്തമാക്കുന്നു.

2013മായി താരതമ്യം ചെയ്യുമ്പോള്‍ സി.ഡി റേഷ്യോയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഇടിവ് 12 ശതമാനത്തിലധികമാണ്. കേരളത്തിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകള്‍ക്ക് വാണിജ്യ ബാങ്കുകളുടെ ഫണ്ടിംഗ് തുച്ഛമാണെന്ന് ഇത് തെളിയിക്കുന്നു. കേരളം ആസ്ഥാനമാക്കി പുതുതായി രൂപീകരിക്കപ്പെടുന്ന കേരള ബാങ്കിന്റെ പശ്ഛാത്തലത്തിലാണ് വാണിജ്യ ബാങ്കുകളുടെ സി.ഡി റേഷ്യോ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.

വര്‍ഷം(മാര്‍ച്ച് മാസത്തില്‍) - സി.ഡി റേഷ്യോ(%)

______________________________ ___________________

2007 - 70.09

2008 - 71.39

2009 - 63.54

2010 - 67.63

2011 - 75.50

2012 - 75.57

2013 - 76.41

2014 - 68.66

2015 - 68.37

2016 - 64.28

2017 - 62.38

2018 - 64.38

'വാണിജ്യ ബാങ്കുകളിലെ ഉപഭോക്തൃ വായ്പകളെ ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ ഉല്‍പാദന മേഖലകളിലേക്കുള്ള വായ്പാ- നിക്ഷേപാനുപാതം നാമമാത്രമായി ചുരുങ്ങിയിരിക്കുകയാണ്. വാണിജ്യ ബാങ്കുകള്‍ ഇവിടെ നിന്നും സമാഹരിക്കുന്ന നിക്ഷേപത്തില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റ് മേഖലക്കാണ് വായ്പയായി നല്‍കുന്നത്. തികച്ചും അപകടകരമായൊരു പ്രവണതയാണ്' ബാങ്കിംഗ് വിദഗ്ധനായ വി.കെ.പ്രസാദ് അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് നിന്നും സമാഹരിക്കപ്പെടുന്ന പണം അന്യസംസ്ഥാനങ്ങളില്‍ ചെലവഴിക്കപ്പെടുന്നുവെന്ന ആരോപണം മുന്‍പും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിലെ ചെറുകിട ഇടത്തരം വ്യവസായ വാണിജ്യ മേഖലകളിലേക്കുള്ള വായ്പാ വിതരണം കുറയുന്നുവെന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒട്ടുംതന്നെ ഗുണകരമല്ല.

സംസ്ഥാനത്തെ പദ്ധതികള്‍ വാണിജ്യ ബാങ്കുകളുടെ നിബന്ധനകളുമായി യോജിക്കാത്തതിനാലും അവയുടെ തീരുമാനങ്ങള്‍ എടുക്കുന്നത് കേരളത്തിന് പുറത്തായതിനാലും സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് അവ ഉപകരിക്കാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. 'കൊച്ചിയിലെ ഗോശ്രീ പാലവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുമൊക്കെ ഇതിനുദാഹരണമാണ്. ഇത്തരം പദ്ധതികള്‍ക്കൊക്കെ ജില്ലാ സഹകരണ ബാങ്കുകളും ഫെഡറല്‍ ബാങ്കുമൊക്കെയാണ് സാമ്പത്തിക പിന്തുണയേകിയത്' ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ സി.ജെ.നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ കുറഞ്ഞ സി.ഡി റേഷ്യോ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയില്‍ നിര്‍ദേശങ്ങളുണ്ടായിട്ടുണ്ടെങ് കിലും അക്കാര്യത്തില്‍ കാര്യമായൊരു പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

നിക്ഷേപത്തിലെ വര്‍ദ്ധനവ് നിരക്ക് കുറക്കും

വായ്പയും നിക്ഷേപവും തമ്മിലുള്ള അനുപാതമാണ് സി.ഡി റേഷ്യോ. അതിനാല്‍ ബാങ്കുകളിലെ നിക്ഷേപം ഉയര്‍ന്നാല്‍ സി.ഡി റേഷ്യോ കുറയുന്നതാണ്. സമീപകാലത്തായി രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് വിദേശമലയാളികള്‍ ധാരാളം പണം ബാങ്കുകളിലേക്ക് അയച്ചിരുന്നു. കൂടാതെ ആഭ്യന്തര നിക്ഷേപത്തിലും ക്രമാനുഗതമായ വളര്‍ച്ച ഉണ്ടാകുന്നുണ്ട്. വായ്പാ വിതരണത്തിലെ കുറവിന് പുറമേ ഇതും സി.ഡി റേഷ്യോ കുറയാനുള്ള ഒരു കാരണമാണ്. എന്നാല്‍ നിക്ഷേപത്തിലെ വര്‍ദ്ധനവിന് അനുസരണമായി വായ്പാ വിതരണം ഉയരുന്നില്ലെന്നതും ഇത് വ്യക്തമാകുന്നു.

സി.ഡി റേഷ്യോ മാത്രം കണക്കിലെടുത്ത് കേരളത്തിലെ ബാങ്കുകള്‍ വായ്പ ലഭ്യമാക്കുന്നില്ലെന്നത് തെറ്റായൊരു കണക്കുകൂട്ടലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. 'നിക്ഷേപത്തിന് അനുസരിച്ച് വായ്പ വര്‍ദ്ധിക്കണമെങ്കില്‍ മീഡിയം ആന്റ് ലാര്‍ജ് ഇന്‍ഡസ്ട്രീസ് ഇവിടെ ധാരളമായി വേണം. അതിവിടെ ഇല്ലായെന്നത് ഒരു പരമാര്‍ത്ഥമാണ്. ചെറുകിട വായ്പകള്‍ മാത്രം കൊടുത്തുകൊണ്ട് കേരളത്തിലെ സി.ഡി റേഷ്യോ വര്‍ദ്ധിപ്പിക്കാനാകില്ല' ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായ എബ്രഹാം ഷാജി ജോണ്‍ ചൂണ്ടിക്കാട്ടി. ശക്തമായൊരു വ്യവസായ മേഖല കേരളത്തില്‍ ഇല്ലെന്ന വസ്തുത കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് സി.ഡി റേഷ്യോയുടെ പേരില്‍ ബാങ്കുകളെ പഴിചാരുന്നതെന്നും ആരോപണമുണ്ട്്.

വന്‍കിട വ്യവസായങ്ങള്‍ ഇല്ലെന്നതോ പോകട്ടെ നിലവിലുള്ള ചെറുകിട വ്യവസായ മേഖലയും വന്‍ മുരടിപ്പിലാണ്. ഇടത്തരം, വന്‍കിട വ്യവസായങ്ങള്‍ ഇവിടേക്ക് വരുന്നതിന് കേരളത്തിന്റേതായ ചില പരിമിതികളുമുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവ്, അതിന്റെ ഉയര്‍ന്നവില, തൊഴില്‍ പ്രശ്‌നങ്ങളുണ്ടെന്ന മോശമായ പ്രതിച്ഛായ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, ഉയര്‍ന്ന കൂലി, ഉയര്‍ന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് എന്നിവയൊക്കെ സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിനുള്ള തടസങ്ങളാണ്.

അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അനേകം കാര്‍ മാനുഫാക്ചറിംഗ് പ്ലാന്റുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ അതൊന്നുപോലും ഇല്ലെന്നത് ഇതിനുദാഹരണമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രതിസന്ധികള്‍ എന്തൊക്കെയാണെങ്കിലും സംസ്ഥാനത്തെ സി.ഡി റേഷ്യോ 62 ശതമാനത്തില്‍ നിന്നും കുത്തനെ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നതില്‍ സംശയമില്ല.

Similar News