കോവിഡല്ല: കാരണം 5ജി, യു.എസില്‍ വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ 5ജി കാരണമാകുന്നതിങ്ങനെ

5ജി നടപ്പിലാക്കുന്നതിന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത് എന്തിനാണ്? യു.എസില്‍ നടക്കുന്ന ടെക് യുദ്ധം...

Update:2022-01-25 17:03 IST

'യു.എസിലേക്കുള്ള എമിറേറ്റ്്, എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി'- കഴിഞ്ഞയാഴ്ചയിലെ ബിഗ് ബ്രേക്കിംഗ് വാര്‍ത്തയാണിത്. നിര്‍ത്തിവെച്ചത് പക്ഷേ, കോവിഡ് കാരണമല്ല. 5ജി കാരണമാണ്. എങ്ങനെയാണ് പുത്തന്‍ ടെക്‌നോളജിയായ 5ജി നടപ്പിലാക്കുന്നത് വിമാനക്കമ്പനികളെ പ്രതിഷേധത്തിലാക്കുന്നത്?

പല വികസിത രാജ്യങ്ങളിലും 5ജിക്ക് വേണ്ടിയുള്ള ഫൈബര്‍ കേബിളുകളും ടവറുകളും സ്ഥാപിക്കുമ്പോള്‍ തന്നെ, 5ജിയേക്കാള്‍ വേഗത്തില്‍ അതിനെതിരായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. കാന്‍സര്‍, ട്യൂമര്‍, വന്ധ്യത... അങ്ങനെ നമ്മുടെ നാട്ടില്‍ പണ്ട് ടവറുകള്‍ക്കെതിരെ ഉയര്‍ന്ന തരത്തിലുള്ള ആരോപണങ്ങള്‍ തന്നെ. ഒരു പടി കൂടി കടന്ന്, കൊറോണ പരത്തുന്നത് 5ജി ടവറുകളാണെന്ന് പറഞ്ഞ്, ടവറുകള്‍ക്ക് തീവെക്കുന്ന സംഭവം വരെയുണ്ടായി. എന്നാല്‍ വിമാനക്കമ്പനികളുടെ പ്രതിഷേധം ഒരു ടെക് യുദ്ധത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ഇപ്പോള്‍ 5ജി നടപ്പിലാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവന്ന പല കമ്പനികളും യു.എസിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കുക വരെ ചെയ്തു.
യു.എസില്‍ ഇപ്പോള്‍ തന്നെ 5ജി സേവനം തുടങ്ങിക്കഴിഞ്ഞെങ്കിലും ചിക്കാഗോ, ഓര്‍ലന്‍ഡോ, ലോസാഞ്ചല്‍സ്, ഡല്ലാസ്, സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ വിമാനത്താവളങ്ങള്‍ക്ക് ചുറ്റും ടവറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് വിമാനക്കമ്പനികള്‍ രംഗത്തെത്തിയത്.
എയര്‍ലൈനുകള്‍ ഉപയോഗിച്ചുവരുന്ന സി-ബാന്‍ഡ്, 5ജി നെറ്റ്‌വര്‍ക്കുകള്‍ക്കു വേണ്ടിയും കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ വിട്ടുകൊടുത്തതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. വിമാനത്താവളങ്ങള്‍ക്ക് സമീപം തന്നെ ടവറുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ തരംഗങ്ങളുടെ കൂട്ടിമുട്ടല്‍ കാരണം, വിമാനങ്ങളുടെ നിയന്ത്രണത്തിനായുള്ള ഓള്‍ട്ടീമീറ്റര്‍ ഉപകരണങ്ങളെ ബാധിക്കും. ഇത് വിമാന സര്‍വീസുകളെ അപകടത്തിലാക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ ടെക്‌നോളജി മാറുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി അറിവുള്ളതല്ലേയെന്നും പരമാവധി സമയം നല്‍കിക്കഴിഞ്ഞുവെന്നുമാണ് ടെലികോം കമ്പനികളുടെ വാദം. അതായത്, യു.എസിലിപ്പോള്‍ നടക്കുന്നത് ടെക് യുദ്ധമാണ്.
എന്താണ് സി ബാന്‍ഡ്?
വായു തരംഗങ്ങളുടെ സ്‌പെക്ട്രത്തിന്റെ ഭാഗമാണ് സി ബാന്‍ഡ്. യു.എസില്‍ വിമാനക്കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത് സി ബാന്‍ഡാണ്. ഇതിപ്പോള്‍ 5ജി പോലുള്ള സംവിധാനങ്ങള്‍ക്കും നല്‍കി. 67 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് എടി&ടി, വെറൈസണ്‍ എന്നീ കമ്പനികള്‍ സി ബാന്‍ഡ് ലേലത്തിനു വിളിച്ചത്. 3.7 മുതല്‍ 3.98 വരെ ഫ്രീക്വന്‍സിയുള്ള ഈ സ്‌പെക്ട്രമാണ് പ്രശ്‌നത്തിന്റെ കാതല്‍.
എന്താണ് ഓള്‍ട്ടീമീറ്റര്‍?
വിമാനം പറക്കുമ്പോള്‍ പ്രതലവുമായുള്ള ഉയരം കണക്കാക്കുന്നതിനായി വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളാണ് ഓള്‍ട്ടീമീറ്റര്‍. മലകള്‍ക്കു മുകളിലൂടെയും മറ്റു തടസ്സങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ ഇതിന്റെ ഉപയോഗം സുപ്രധാനമാണ്. ഓള്‍ട്ടീമീറ്ററുകള്‍ തരംഗങ്ങള്‍ പുറപ്പെടുവിക്കുകയും പ്രതലത്തില്‍ തട്ടി തിരിച്ചെത്തി സൂചന നല്‍കുകയുമാണ് ചെയ്യുക. അപകടനിലയിലാണോ പറക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാവും.
തരംഗങ്ങളുടെ കൂട്ടിമുട്ടല്‍?
ഓള്‍ട്ടീമീറ്ററിലെ തരംഗങ്ങളും 5ജി ടവറുകളിലെ തരംഗങ്ങളും കൂടിക്കലരുമെന്നതാണ് ആശങ്ക. 3.7 മുതല്‍ 3.98 ഗിഗാഹെര്‍ട്‌സ് വരെ ഫ്രീക്വന്‍സിയുള്ള 5ജി സ്‌പെക്ട്രവും 4.2 മുതല്‍ 4.4 ഗിഗാഹെര്‍ട്‌സ് വരെ ഫ്രീക്വന്‍സിയുള്ള ഓള്‍ട്ടീമീറ്റര്‍ സ്‌പെക്ട്രവും കൂട്ടിയിടിക്കാന്‍ സാധ്യതയേറെയെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ വന്നാല്‍ ഭൂമിയില്‍ നിന്ന് എത്ര ഉയരത്തിലാണ് വിമാനമെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയാതെ വരികയും പറക്കലും ലാന്‍ഡിംഗും ബുദ്ധിമുട്ടിലാവുകയും ചെയ്യും.
വിസിബിലിറ്റി കുറഞ്ഞ ഘട്ടങ്ങളില്‍ ലാന്‍ഡിംഗ് നടത്താനും വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഇല്ലാതെയാക്കാനും ഓള്‍ട്ടീമീറ്റര്‍ സെന്‍സറുകളെയാണ് ആശ്രയിക്കുന്നത്. വിമാനക്കമ്പനികള്‍ ടെക്‌നോളജി മാറ്റണമെന്ന വാദമാണ് ടെലികോം കമ്പനികള്‍ ഉന്നയിക്കുന്നത്. താല്‍ക്കാലികമായി 5ജി സേവനം നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍ ടെലികോം കമ്പനികള്‍. പക്ഷേ, എത്രകാലം?


Tags:    

Similar News