വസ്ത്ര വ്യാപാര മേഖലയ്ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ നീക്കം 

Update: 2018-07-18 07:34 GMT

രാജ്യത്തെ വസ്ത്ര വ്യാപാര മേഖലയ്ക്ക് ആശ്വസിക്കാം. അന്‍പതോളം വസ്‌ത്രോല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്‌സസ് ആന്‍ഡ് കസ്റ്റം പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് കോട്ടുകള്‍, പാന്റ്‌സ്, ജാക്കറ്റ്, സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങള്‍ എന്നിവയുടെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂട്ട്, കാര്‍പെറ്റുകള്‍, ലാമിനേറ്റഡ് ഫൈബര്‍, ഫൈബര്‍ ഷീറ്റുകള്‍ എന്നിവയ്ക്കും ഈ നിരക്കുകള്‍ ബാധകമാണ്.

പുതിയ നിരക്ക് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും നോട്ടിഫിക്കേഷന്‍ ഇറങ്ങിയ തീയതി (ജൂലൈ 16) മുതല്‍ മാറ്റം ബാധകമായിരിക്കും എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

കയറ്റുമതി തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം വസ്ത്ര വ്യാപാര രംഗത്തെ കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ നീക്കം ആഭ്യന്തര വസ്ത്ര നിര്‍മാതാക്കള്‍ക്ക് നേട്ടം കൊണ്ടുവരുമെന്ന് മാത്രമല്ല, ഇന്ത്യയില്‍ വസ്ത്ര നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ വിദേശ കമ്പനികളെ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, കമ്പോഡിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വസ്‌ത്രോല്‍പന്ന ഇറക്കുമതി ഗണ്യമായി വര്‍ധിച്ചത് രാജ്യത്തെ വസ്ത്ര വ്യാപാരികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.

Similar News