മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് മുന്നിലുണ്ട് ഈ അവസരങ്ങള്‍

Update: 2020-05-16 09:44 GMT

കൊവിഡ് ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുക നാലു ലക്ഷത്തോളം പ്രവാസികളാണ്. അതില്‍ ഒരു ലക്ഷം പേരും എത്തുന്നത് ജോലി നഷ്ടപ്പെട്ടാണെന്നാണ് കണക്ക്. തിരികെ പോകാന്‍ നിവൃത്തിയില്ലാത്ത ഇവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക അവരുടെ കുടുംബത്തിന് മാത്രമല്ല കേരളത്തിന് ആകെയുണ്ട്. എന്നാല്‍ ഒരല്‍പ്പം മനസ്സു വെച്ചാല്‍ പ്രവാസിയായി നേടിയതിനേക്കാള്‍ മികച്ച സമ്പാദ്യം ഇവിടെ തന്നെ നേടാനുള്ള സാഹചര്യങ്ങള്‍ ഇന്ന് കേരളത്തിലുണ്ടെന്നതാണ് സത്യം.

നൈപുണ്യം പ്രയോജനപ്പെടുത്താം

തിരിച്ചു വരുന്നവരെല്ലാം വിവിധ നൈപുണ്യമുള്ളവരാണെന്നതാണ് ഏറ്റവും അനുകൂലമായ ഘടകം. പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, സെയ്ല്‍സ്മാന്‍, മാര്‍ക്കറ്റിംഗ് വിദഗ്ധര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരാണവര്‍. കേരളത്തില്‍ തൊഴില്‍ ലഭിക്കുന്നതിന് രാജ്യാന്തര നിലവാരത്തിലുള്ള ഇവരുടെ സ്‌കില്‍ സഹായിക്കും. മികച്ച വേതനവും ലഭ്യമാകും. കേരളത്തില്‍ ഈ മേഖലകളിലെല്ലാം മിടുക്കരായ ജീവനക്കാരെ ആവശ്യമുള്ള സമയമാണിത്.

സംരംഭം തുടങ്ങാനും മികച്ച സമയം

സംരംഭം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. സംരംഭകനെ വലയ്ക്കുന്ന പല നിയമങ്ങളും മാറിയിട്ടുണ്ട്. പണവുമായി എത്തുന്നവരായാലും വെറും കയ്യോടെ മടങ്ങുന്നവരായാലും ഇവിടെയൊരു സംരംഭം തുടങ്ങുന്നതിന് പല വിധത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുമുണ്ട്. അഞ്ച് എച്ച് പി വരെയുള്ള സൂക്ഷ്മ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആയുഷ്‌കാലത്തേക്ക് തദ്ദേശ സ്ഥാപനങ്ങളുടെ യാതൊരു വിധത്തിലുള്ള അനുമതിയും വേണ്ടതില്ല എന്നതാണ് പ്രധാന കാര്യം.

ഈ വര്‍ഷം ജനുവരി 21ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലാണ് ഇത് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, പത്തു കോടി രൂപ വരെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം വരെ മുന്‍കൂര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാനാകും. മൂന്നു വര്‍ഷം കഴിഞ്ഞ വിവിധ ലൈസന്‍സുകളെ കുറിച്ച് ആലോചിച്ചാല്‍ മതി. അതിനു ശേഷം കെ സ്വിഫ്റ്റ് എന്ന വെബ്‌സൈറ്റിലൂടെ ലൈസന്‍സിന് അപേക്ഷിക്കാം. 30 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ തീരുമാനമാകുകയും ചെയ്യും. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി അനുകൂല നടപടികള്‍ ഉണ്ടായിട്ടുണ്ട്.

വായ്പ ലഭ്യമാക്കാനും പദ്ധതികള്‍

സംരംഭം തുടങ്ങുന്നതിന് പണം കണ്ടെത്താന്‍ നിരവധി പദ്ധതികളാണ് നിലവിലുള്ളത്. പിഎംഇജിപി പദ്ധതിയാണ് അതിലൊന്ന്. ഉല്‍പ്പാദന യൂണിറ്റിന് 25 ലക്ഷം രൂപയും സേവന യൂണിറ്റിന് പത്തു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. 35 ശതമാനം സബ്‌സിഡിയും ലഭ്യമാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനു വേണ്ട സഹായം ലഭിക്കും. എംപ്ലോയ്‌മെന്റ് വകുപ്പും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വായ്പ നല്‍കുന്നുണ്ട്. കെസ്‌റോ പദ്ധതി പ്രകാരം 20 ശതമാനം സബ്‌സിഡിയോടെ ഒരു ലക്ഷം രൂപയും മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് പ്രകാരം 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഇതിന് 25 ശതമാനം സബ്‌സിഡി ലഭ്യമാകും.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ആവശ്യമുള്ള ഇതിന് രണ്ടു പേര്‍ക്ക് ചേര്‍ന്ന് അപേക്ഷിക്കാം. ഖാദി ബോര്‍ഡും അഞ്ചു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നുണ്ട്. 40 ശതമാനം സബ്‌സിഡിയും ഇതിനായി ലഭിക്കും. കൂടാതെ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, എസ് സി/ എസ്ടി കോര്‍പറേഷന്‍, ന്യൂനപക്ഷ കോര്‍പറേഷന്‍, ഒബിസി ക്ഷേമ കോര്‍പറേഷന്‍ തുടങ്ങിയവയെല്ലാം വിവിധ തരത്തിലുള്ള വായ്പകള്‍ ലഭ്യമാക്കുന്നു. ഇതിനെല്ലാം പുറമേ വിദേശത്ത് രണ്ടു വര്‍ഷം ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നവര്‍ക്ക് നോര്‍ക്ക 30 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 15 ശതമാനം സബ്‌സിഡിയും ഇതിന് നല്‍കും.

മികച്ചൊരു ബിസിനസ് ആശയം കണ്ടെത്തുക എന്നതു മാത്രമാണ് സംരംഭകന്‍ ചെയ്യേണ്ടത്.
പ്രവാസികള്‍ തിരിച്ചെത്തുന്നതിലൂടെ കേരളത്തിന്റെ ഭാവിയെ മോശമായി ബാധിക്കില്ലെന്നു തന്നെയാണ് കരുതേണ്ടത്. അവരെ ഉള്‍ക്കൊള്ളാനും എല്ലാവര്‍ക്കും വളരാനുമുള്ള സാഹചര്യം കേരളത്തിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News