വരുമാനം ഈ വര്‍ഷം 10000 കോടിയാകുമെന്ന് ബൈജു രവീന്ദ്രന്‍
ലോകത്തെ ഏറ്റവും വലിയ എഡ്യുടെക് കമ്പനിയായ ബൈജൂസ് മൂന്നു വര്‍ഷം കൊണ്ട് 5 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനുള്ള ശ്രമത്തിലാണ്
ഐപിഒയ്ക്ക് തയാറെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ എഡ്യുക്കേഷണല്‍ ടെക്‌നോളജി കമ്പനിയായ ബൈജൂസ് ഈ വര്‍ഷം 10,000 കോടി രൂപ വരുമാനം നേടുമെന്ന് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍. ഇതോടെ ലാഭം 20-23 ശതമാനം എന്ന നിരക്കില്‍ 2000 മുതല്‍ 2300 കോടി രൂപവരെ ആകുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു രവീന്ദ്രന്‍ പറയുന്നു.
ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ ഏറ്റെടുത്തതിലൂടെ അടുത്ത വര്‍ഷം വരുമാനം ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറയുന്നു. കോവിഡ് അടക്കമുള്ളവ കാര്യമായി ബാധിച്ചില്ലെന്നും ബൈജൂസിന്റെ കോര്‍ ബിസിനസില്‍ നിന്നും 17 ശതമാനം മാര്‍ജിന്‍ നേടാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചിട്ടുണ്ടെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.
ആകാശിനെ ഏറ്റെടുത്തതോടെ പരീക്ഷയ്ക്കുള്ള തയാറെടുപ്പുമായി ബന്ധപ്പെട്ട മേഖലയില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ബൈജൂസിന് സാധിക്കുന്നുണ്ടെന്നും അടുത്ത മൂന്നു നാലു വര്‍ഷം കൊണ്ട് വളര്‍ച്ചാ നിരക്ക് 50-60 ശതമാനമായി ഉയരുമെന്നും അദ്ദേഹം പറയുന്നു. യുഎസില്‍ ബൈജൂസ് വളരെ വേഗത്തില്‍ പ്രചാരം നേടി വരികയാണെന്നും അവിടെ നിന്ന് ബില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ തയാറെടുക്കുകയാണെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.
അതിനിടെബൈജൂസിന്റെ ഐപിഒ ഈ വര്‍ഷം ഉണ്ടാവില്ലെന്നാണ് ബൈജു രവീന്ദ്രന്‍ അറിയിച്ചത്. അടുത്ത 15-18 മാസത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ബൈജീസിന്റെ നീക്കം.
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ഈ വര്‍ഷം മാത്രം നേടിയത് 660 ദശലക്ഷം ഡോളര്‍ മൂലധനമാണ്. 16.5 ശതകോടി ഡോളറാണ് കമ്പനിയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. 2023-24 ഓടെ 5 ശതകോടി ഡോളര്‍ വരുമാനം ലക്ഷ്യമിട്ടാണ് ബൈജൂസ് കുതിക്കുന്നത്.