കഫേ കോഫി ഡേ: 2000 കോടി രൂപ അപ്രത്യക്ഷമായി

Update: 2020-03-17 07:45 GMT

കഫേ കോഫി ഡേ എന്റര്‍പ്രൈസസ് സ്ഥാപകന്‍ വിജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് പിന്നാലെ നടന്ന ബോര്‍ഡ് അന്വേഷണത്തില്‍ 270 മില്യന്‍ ഡോളറിന്റെ (ഏകദേശം രണ്ടായിരം കോടിയോളം ഇന്ത്യന്‍ രൂപ)യുടെ കുറവ് കമ്പനി അക്കൗണ്ടില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് അവസാന ഘട്ടത്തിലാണെന്നും പൂര്‍ണ്ണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറങ്ങുമെന്നുമാണ് സൂചന.

കഴിഞ്ഞ വര്‍ഷം ജുലൈയിലായിരുന്നു മംഗളൂരുവിന് സമീപം നേത്രാവതി നദിയിയില്‍ ചാടി വിജി 59 കാരനായ സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. കാണാതായി രണ്ട് ദിവസം തിരച്ചില്‍ നടത്തിയതിന് ശേഷമായിരുന്നു മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥ ജീവനക്കാര്‍ക്ക് കത്ത് എഴുതി വെച്ചിരുന്നു.

രാജ്യത്തും വിദേശത്തും 3000 ത്തിലേറെ ശാഖകളുള്ള ബിസിനസ് സംരഭത്തിന്റെ തലവനായി വളര്‍ന്ന സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. തികച്ചും അപ്രതീക്ഷിതമായി സിദ്ധാര്‍ത്ഥ പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
1992 ലാണ് സിദ്ധാര്‍ത്ഥ കോഫി ബിസിനസിലേക്ക് കടന്നു വന്നത്. അമാല്‍ഗമേറ്റഡ് ബീന്‍ കമ്പനി ട്രേഡിംഗ് എന്നായിരുന്നു ഇപ്പോള്‍ കോഫി ഡേ ഗ്ലോബല്‍ എന്ന് അറിയപ്പെടുന്ന സ്ഥാപനത്തിന്റെ തുടക്ക കാലത്തെ പേര്.

കോഫി സംരഭം വിജയകരമാണെന്ന് കണ്ട സിദ്ധാര്‍ത്ഥ 1996 ലാണ് ബെംഗളൂരിവിലെ ബ്രിഗേഡ് റോഡില്‍ ഇന്ത്യയിലെ ആദ്യത്തെ കോഫി കഫെയായ കഫെ കോഫി ഡേ ആരംഭിച്ചത്. ഇന്ത്യക്ക് പുറമെ വിയന്ന, ചെക്ക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്ത് എന്നിവിടങ്ങളാലായി ഇന്ന് രണ്ടായിരത്തിന് അടുത്ത് സിസിഡി ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. 2020 മാര്‍ച്ചോടെ 2250 കോടി രൂപയുടെ ബിസിനസായിരുന്നു കമ്പനി ലക്ഷ്യം വെച്ചിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News