കഫെ കോഫീ ഡേ പ്രതിസന്ധി രൂക്ഷം; 280 ഔട്ട്‌ലെറ്റ് പൂട്ടി

Update: 2020-07-20 12:05 GMT

പ്രൊമോട്ടറായിരുന്ന വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തെത്തുടര്‍ന്ന് താളം തെറ്റിയ രാജ്യത്തെ പ്രമുഖ കോഫീ ഷോപ്പ് ശൃംഖലയായ കഫെ കോഫീ ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം ലോക്ഡൗണ്‍ മൂലം കൂടുതല്‍ ക്‌ളേശത്തിലായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 280ലേറെ കോഫീ ഡെ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ഔട്ട്‌ലെറ്റുകളിലുമായുള്ള ശരാശരി പ്രതിദിന വില്പന 15,739ല്‍ നിന്ന് 15,445 ആയി കുറഞ്ഞിരുന്നു.അതേസമയം, വെന്‍ഡിംഗ് മെഷീനുകളുടെ എണ്ണം ഒന്നാം പാദത്തില്‍ 59,115 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 49,397 ആയിരുന്നു. പ്രവര്‍ത്തന ചെലവിലുണ്ടായ അന്തരം മൂലം ലാഭം വര്‍ധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതെന്ന് കമ്പനി അറിയിച്ചു.കോഫീ ഡെ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവില്‍ 1480 കോഫീ ഷോപ്പുകളാണുള്ളത്.

സിദ്ധാര്‍ത്ഥ മരിച്ച ശേഷം കമ്പനിയുടെ ആസ്തികള്‍ വിറ്റ് കോഫീ ഡെ എന്റര്‍പ്രൈസസ് കടം വീട്ടിവരികയാണ്. 13 വായ്പാദാതാക്കള്‍ക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനല്‍കി. 90 ഏക്കറിലായി പരന്നുകിടക്കുന്ന ബെംഗളുരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിനും റിയല്‍റ്റി കമ്പനിയായ സലാര്‍പുരിയ സത്വയ്ക്കും കൈമാറിയിരുന്നു. 2,700 കോടി രൂപയുടേതായിരുന്നു ഇടപാട്. ഐടി കമ്പനിയായ മൈന്‍ഡ് ട്രീയിലെ കമ്പനിയുടെ ഓഹരികള്‍ എല്‍ആന്‍ഡ്ടിയ്ക്കും കൈമാറി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News