ലക്ഷദ്വീപ്-ബേപ്പൂര്‍ യാത്രാക്കപ്പല്‍ ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യം; സാഗര്‍മാലയില്‍ ബേപ്പൂര്‍ തുറമുഖത്തെയും ഉള്‍പ്പെടുത്തണം
ആവശ്യമുന്നയിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി
ലക്ഷദ്വീപുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ബേപ്പൂര്‍-ലക്ഷദ്വീപ് യാത്രാക്കപ്പല്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണമെന്നും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. ഏറെ വര്‍ഷങ്ങളായി ആഴ്ചയില്‍ രണ്ടെന്നവിധമുണ്ടായിരുന്ന കപ്പല്‍ സര്‍വീസാണ് 4 വര്‍ഷം മുമ്പ് നിറുത്തിയത്. വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്ക് കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ലക്ഷദ്വീപുകാര്‍ക്ക് ഇത് വലിയ തിരിച്ചടിയായെന്ന് ചേംബര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോടിന്റെ വ്യാപാരമേഖലയ്ക്കും ഇത് നല്‍കിയത് വലിയ നഷ്ടമാണ്.
അനുമതി നല്‍കാതെ ഭരണകൂടം
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി കിട്ടാത്തതാണ് യാത്രക്കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന് തടസ്സമാകുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണി ചെയ്ത വലിയപാനി, ചെറിയപാനി എന്നീ ഹൈസ്പീഡ് പാസഞ്ചര്‍ വെസ്സലുകള്‍ കഴിഞ്ഞമാസം സര്‍വീസിനായി വിട്ടുനല്‍കിയിരുന്നു. എന്നാല്‍, ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് ഇതുവരെ അനുമതി കിട്ടിയിട്ടില്ല.
നിലവില്‍ അറേബ്യന്‍ സീ, എം.വി ലഗൂണ്‍സ്, എം.വി കവരത്തി, ലക്ഷദ്വീപ് സീ എന്നീ കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലുണ്ട്. ഇവയും അടിയന്തരമായി അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സര്‍വീസ് നടത്താനുപയോഗിക്കണമെന്ന് ചേംബര്‍ ആവശ്യപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് ചേംബര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്, സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, സംസ്ഥാന ടൂറിസം മന്ത്രി, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നും ആയിട്ടില്ലെന്ന് ചേംബര്‍ പ്രസിഡന്റ് അര്‍ബന്‍ ടൗണ്‍ പ്ലാനര്‍ വിനീഷ് വിദ്യാധരന്‍, ഓണററി സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി, വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, ട്രഷറര്‍ വിശോഭ് പനങ്ങാട്, ഫൗണ്ടര്‍ പ്രസിഡന്റ് എം. മുസമ്മില്‍, മുന്‍ പ്രസിഡന്റുമാരായ സുബൈര്‍ കൊളക്കാടന്‍, റാഫി പി. ദേവസി, കമ്മിറ്റി അംഗം ബോബിഷ് കുന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബേപ്പൂര്‍ തുറമുഖ വികസനം ഉടന്‍ വേണം
മലബാറിന്റെ കുതിപ്പിന് കരുത്തേകുന്ന ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനം അടിയന്തരമായി ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ചേംബര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ സാഗര്‍മാല പദ്ധതിയില്‍ ബേപ്പൂരിനെയും ഉള്‍പ്പെടുത്തണം.
ബേപ്പൂര്‍ വാര്‍ഫിന്റെ നീളം നിലവിലെ 314 മീറ്ററില്‍ നിന്ന് 514 മീറ്ററാക്കണം, വലിയ കപ്പലുകള്‍ക്കും അടുക്കാനാംകുംവിധം ആഴം കൂട്ടണം, അടിസ്ഥാന സൗകര്യം വികസിപ്പിക്കണം, റെയില്‍-റോഡ് കണക്റ്റിവിറ്റി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ചേംബര്‍ മുന്നോട്ടുവച്ചു.