വിദ്യാര്‍ത്ഥി വീസകളുടെ എണ്ണം വെട്ടിച്ചുരുക്കി കാനഡ; മലയാളികള്‍ക്കടക്കം തിരിച്ചടി

ഈ വര്‍ഷം അനുവദിക്കുന്നതില്‍ 35 ശതമാനത്തോളം കുറവ്

Update: 2024-01-23 09:32 GMT

Image : Canva

മലയാളി വിദ്യാര്‍ത്ഥികളുടെയടക്കം സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് പഠന വീസയില്‍ കടുത്ത നിയന്ത്രണവുമായി കാനഡ. അടുത്ത രണ്ട് വര്‍ഷത്തേക്ക് കാനഡയിലേക്കുള്ള വിദേശ വിദ്യാര്‍ത്ഥി വീസയില്‍ വന്‍കുറവാണ് കാനഡ വരുത്തിയിരിക്കുന്നത്. രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാനും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചൂഷണത്തിന് കടിഞ്ഞാണിടാനുമാണ് പുതിയ നീക്കം.

ഈ വര്‍ഷം അനുവദിക്കുന്ന വീസകളുടെ എണ്ണത്തില്‍ 35 ശതമാനം കുറവുണ്ടാകുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു. മൊത്തം 3,64,000 പുതിയ വീസകളായിരിക്കും ഇക്കൊല്ലം അനുവദിക്കുക. 2023ല്‍ 5,60,000ത്തോളം പഠന വീസകള്‍ അനുവദിച്ച സ്ഥാനത്താണിത്. 2025ലും നിയന്ത്രണമുണ്ടാകുമെങ്കിലും അതിന്റെ കണക്കുകള്‍ ഈ വര്‍ഷം അവസാനത്തേടെയേ പ്രഖ്യാപിക്കൂ.
പാര്‍പ്പിടം ഒരുക്കണം
കാനഡയില്‍ എത്തുന്നവര്‍ക്ക് പാര്‍പ്പിട ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് 2024 മുതല്‍ രണ്ട് വര്‍ഷത്തേക്ക് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് മാര്‍ക്ക് മില്ലര്‍ പറഞ്ഞു.
സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നതു മൂലം താമസസൗകര്യം ഇല്ലാതെ വരുന്നത് വിവിധ പ്രവിശ്യകളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു.
2022ല്‍ 8 ലക്ഷത്തിലധികം വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് താത്കാലിക പഠന വീസ ലഭ്യമാക്കിയത്. അതോടെ രാജ്യത്ത് വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നു. കഴിഞ്ഞ 10 വര്‍ഷം മുമ്പ് അനുവദിച്ചിരുന്നതിന്റെ മൂന്ന് മടങ്ങ് വീസയാണ് 2023ല്‍ നല്‍കിയതെന്ന് മില്ലര്‍ പറഞ്ഞിരുന്നു.
നിരാശയിൽ ഇന്ത്യൻ യുവാക്കൾ 
വിദേശ പഠനം  ലക്ഷ്യമിടുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ തീരുമാനം ദോഷകരമായി ബാധിക്കും. രാജ്യത്തു നിന്ന് കൂടുതൽപേരും വിദേശ പഠനത്തിനായി ആശ്രയിക്കുന്നത് കാനഡയെയാണ്. 2022ലെ കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. ഓരോ വര്‍ഷവും എണ്ണത്തിൽ  ക്രാമനുഗതമായ വര്‍ധനയുണ്ടാകുന്നുമുണ്ട്. പുതിയ നിയപ്രകാരം ചില പ്രവശ്യകളില്‍ വിദേശ വിദ്യാര്‍ത്ഥി വീസയില്‍ 50 ശതമാനത്തോളം കുറവ് വരുത്തിയിട്ടുണ്ട്. ഓരോ പ്രവശ്യകളും നിശ്ചയിക്കുന്ന പ്രകാരമായിരിക്കും ഇനി വീസകള്‍ അനുവദിക്കുക.
നേരത്തെ കാനഡ ലക്ഷ്യമിട്ടിരുന്നത് ഈ വര്‍ഷം 4.85 ലക്ഷം പേരെയും 2025ലും 2026ലും അഞ്ചു ലക്ഷം പേരെ വീതവും കാനഡയിലേക്ക് എത്തിക്കാനായിരുന്നു. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാനും കൂടിയാണ് നീക്കം. ഉയര്‍ന്ന ട്യൂഷന്‍ ഫീസും മറ്റും ചുമത്തി ഉള്‍ക്കൊള്ളാവുന്നതിലധിക വിദ്യാര്‍ത്ഥികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടു വരുന്നതായി കണ്ടിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മില്ലര്‍ പറഞ്ഞു.
മറ്റ് ചില മാറ്റങ്ങളും
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മറ്റ് ചില മാറ്റങ്ങളും കാനഡ വരുത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട തുക 10,000 കനേഡിയന്‍ ഡോളറില്‍ നിന്ന് 20,635 ഡോളറായി ഉയര്‍ത്തിയതാണ് ഇതിലൊന്ന്. കൂടാതെ ബിരുദാനന്തര ബിരുദത്തിനുശേഷമുള്ള വര്‍ക്ക് വീസയിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Tags:    

Similar News