നിയന്ത്രണവുമായി കാനഡയും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍

യു.കെയും ഓസ്‌ട്രേലിയയും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു

Update:2024-01-16 18:00 IST

രാജ്യത്തേക്ക് ഒരു വര്‍ഷം പ്രവേശിപ്പിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്താനൊരുങ്ങി കാനഡ. വിദേശ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും താമസിക്കാന്‍ ആവശ്യത്തിന് പാര്‍പ്പിടങ്ങളില്ലാത്തതാണ് ഈ നീക്കത്തിന് കാരണമെന്ന് കുടിയേറ്റ മന്ത്രി മാര്‍ക്ക് മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ പരിധി എത്രയെന്ന് പുറത്തു വിട്ടിട്ടില്ല.

കാനഡയിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം 4.85 ലക്ഷം പേരെയും 2025ലും 26ലും അഞ്ചുലക്ഷം പേരെ വീതവും എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ പാര്‍പ്പിട സൗകര്യങ്ങളില്ലാത്തത് തിരിച്ചടിയായി. 2023 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലുണ്ട്. ഇതില്‍ തന്നെ നല്ലൊരു പങ്ക് മലയാളികളുമുണ്ട്.
എണ്ണം കുറയുന്നു
അതേസമയം, കാനഡയിലെ സുരക്ഷാ പ്രശ്‌നങ്ങളും ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള വാക്‌പോരുകളുമൊക്കെ ഇന്ത്യക്കാര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതു മൂലം കാനഡയിലേക്കുള്ള വീസ അപേക്ഷകളില്‍ ജൂലൈ-ഒക്ടോബര്‍ പാദത്തില്‍ വലിയ കുറവുണ്ടായതായും കണക്കുകള്‍ കാണിക്കുന്നു.
കാനഡയില്‍ പഠിക്കാനാഗ്രിക്കുന്ന വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട തുക 10,000 കനേഡിയന്‍ ഡോളറില്‍ (ഏകദേശം 6.13 ലക്ഷം രൂപ) നിന്ന് 20,635 ഡോളാറായും (ഏകദേശം 12.66 ലക്ഷം രൂപ)ജനുവരി മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കാനഡയില്‍ നിന്ന് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം.
ഓസ്‌ട്രേലിയയും യു.കെയും
കാനഡയ്ക്ക് ഒപ്പം തന്നെ ഓസ്‌ട്രേലിയയും യു.കെയും വിദേശ വിദ്യാര്‍ത്ഥികളുടെ വരവിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങിയിട്ടുണ്ട്
വിദ്യാര്‍ത്ഥികള്‍ക്കും വൈദഗ്ദ്യം കുറഞ്ഞ തൊഴിലാളികള്‍ക്കുമുള്ള വീസ രണ്ടുവര്‍ഷത്തിനകം പകുതിയാക്കി കുറയ്ക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ കൂടിയ മാര്‍ക്കുള്‍പ്പെടെ കര്‍ശന നിയമങ്ങളും കൊണ്ടു വരുന്നുണ്ട്.
യു.കെയാകട്ടെ വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം വരുത്തി. ബിരുദാനന്തര ബിരുദ റിസര്‍ച്ച് കോഴ്‌സുകളോ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകളോ പഠിക്കാനെത്തുന്നവര്‍ക്ക് മാത്രമേ കുടുംബത്തെ കൊണ്ടുപോകാനാകൂ.
കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പല വിദേശ രാജ്യങ്ങളും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാൽ വിദേശ പഠനം ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാണ്.
Tags:    

Similar News