കേന്ദ്രം വിറ്റൊഴിയുന്ന എച്ച്.എല്‍.എല്ലിനെ ഏറ്റെടുക്കാന്‍ മലയാളി വ്യവസായികളും രംഗത്ത്‌

എച്ച്.എല്‍.എല്ലിനായി അദാനി ഗ്രൂപ്പ്, പിരാമല്‍ ഗ്രൂപ്പ്, അപ്പോളോ ഗ്രൂപ്പ് എന്നിവയും രംഗത്തുണ്ട്

Update: 2023-08-31 08:52 GMT

Image : lifecarehll.com

തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ്‌കെയറിനെ (HLL Lifecare Limited) ഏറ്റെടുക്കാന്‍ മലയാളി വ്യവസായികളും രംഗത്ത്. മെഡിമിക്‌സ്, മേളം മസാല, സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നിവയുടെ മാതൃകമ്പനിയായ എ.വി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ.എ.വി. അനൂപും എന്‍.ആര്‍. പണിക്കര്‍ നയിക്കുന്ന ആക്‌സല്‍ ഗ്രൂപ്പും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചാണ് എച്ച്.എല്‍.എല്‍ ലൈഫ്‌കെയറിനെ സ്വന്തമാക്കാനുള്ള താത്പര്യപത്രം (Expression of Interest/EoI) സമര്‍പ്പിച്ചത്.

അദാനി ഗ്രൂപ്പ്, പിരാമല്‍ ഗ്രൂപ്പ്, അപ്പോളോ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് (Meil) എന്നിവയും താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കമ്പനികളോടെല്ലാം അടുത്തമാസം ധനകാര്യ വിവരങ്ങളടങ്ങിയ അപേക്ഷയും (financial bid) സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മന്റെ് (ദിപം/DIPAM) നിര്‍ദേശിച്ചിട്ടുണ്ട്.
പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി ഡോ.എ.വി. അനൂപ് നയിക്കുന്ന എ.വി.എ ഗ്രൂപ്പ്, പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ നീല്‍ഗിരീസിനെ ഫ്യൂച്ചര്‍ കണ്‍സ്യൂമറില്‍ നിന്ന് ഏറ്റെടുക്കുന്ന നടപടികളിലേക്ക് (Click here) കടന്നിട്ടുണ്ട്. ഇതിന് പുറമേയാണ് ഇപ്പോള്‍ കണ്‍സോര്‍ഷ്യം മുഖേന എച്ച്.എല്‍.എല്ലിനെയും ഏറ്റെടുക്കാനുള്ള ശ്രമം.
കേരളത്തിന്റെ എതിര്‍പ്പിനിടയിലും സ്വകാര്യവത്കരണം
എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ സ്വകാര്യവത്കരിക്കുന്നതിനെ കമ്പനിയിലെ ജീവനക്കാരും കേരള സര്‍ക്കാരും ശക്തമായി എതിര്‍ക്കുന്നുണ്ട്. കൂടുതല്‍ നിക്ഷേപവും വളര്‍ച്ചയും ഉറപ്പാക്കാനാണ് സ്വകാര്യവത്കരണമെന്നും ഓഹരി വില്‍പന നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യവത്കരണം ഉത്പാദനക്ഷമത, ലാഭക്ഷമത എന്നിവ മെച്ചപ്പെടാന്‍ സഹായിക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് ഓഹരി വില്‍പന തടസ്സമാകില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ പാളിയ നീക്കം
എച്ച്.എല്‍.എല്‍ ലൈഫ്‌കെയറിനായി താത്പര്യപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (KSIDC) വഴി സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്ഥാപനങ്ങള്‍ക്കോ ഓഹരി വില്‍പന നടപടികളില്‍ പങ്കെടുക്കാനാവില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തതിനാലാണിത്.
എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍
മിനിരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ (HLL). മൂഡ്‌സ് ബ്രാന്‍ഡ് ഗര്‍ഭനിരോധന ഉറ (കോണ്ടം), ആശുപത്രി ഉപകരണങ്ങള്‍, പ്രഗ്നന്‍സി കിറ്റുകള്‍, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങിയ നിര്‍മ്മിക്കുന്ന എച്ച്.എച്ച്.എല്ലിന് കീഴില്‍ അമൃത് ദീന്‍ദയാല്‍ റീട്ടെയില്‍ ഫാര്‍മസി, ഹിന്ദ്‌ലാബ്‌സ് ഡയഗ്നോസ്റ്റിക് സെന്റര്‍, ലൈഫ് സ്പ്രിംഗ് മാതൃ-ശിശു ആശുപത്രി, ഹൈറ്റ്‌സ് ഇന്‍ഫ്രാടെക് സര്‍വീസ്, ഗോവ ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മ കമ്പനി തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നു.
Tags:    

Similar News