നഷ്ടം അസഹനീയം! എം.ടി.എന്‍.എല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍

ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കും; ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും കനത്ത നഷ്ടത്തില്‍

Update: 2023-06-06 05:24 GMT

Image : Canva and MTNL

കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന്റെ (എം.ടി.എന്‍.എല്‍) പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. എം.ടി.എന്‍.എല്ലിനെ മറ്റൊരു പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലുമായി ലയിപ്പിക്കാനുള്ള തീരുമാനവും ഇതോടെ അസാധുവാകും.

അടച്ചുപൂട്ടുന്ന എം.ടി.എന്‍.എല്ലിലെ ജീവനക്കാരെ ബി.എസ്.എന്‍.എല്ലിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചനകള്‍. 18,000ഓളം ജീവനക്കാരാണ് എം.ടി.എന്‍.എല്ലിനുള്ളത്.
കുമിഞ്ഞുകൂടുന്ന നഷ്ടം
മുംബയിലും ഡല്‍ഹിയിലും ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് എം.ടി.എന്‍.എല്‍. പ്രവര്‍ത്തന നഷ്ടത്തിന്റെയും ലയനനീക്കത്തിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബയ് സര്‍ക്കിളുകളില്‍ എം.ടി.എന്‍.എല്ലിന്റെ പ്രവര്‍ത്തനം നേരത്തേ തന്നെ ബി.എസ്.എന്‍.എല്‍ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) എം.ടി.എന്‍.എല്‍ നേരിട്ട നഷ്ടം 2,910 കോടി രൂപയാണ്. 2021-22ലെ 2,602 കോടി രൂപയെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തന വരുമാനമാകട്ടെ 1,069 കോടി രൂപയില്‍ നിന്ന് 861 കോടി രൂപയായി ഇടിഞ്ഞു. പ്രവര്‍ത്തനച്ചെലവ് 4,299 കോടി രൂപയില്‍ നിന്ന് 4,384 കോടി രൂപയായി വര്‍ദ്ധിച്ചതും തിരിച്ചടിയായി. എം.ടി.എന്‍.എല്ലിന്റെ നിലവിലെ കടബാദ്ധ്യത 19,661 കോടി രൂപയില്‍ നിന്ന് 23,500 കോടി രൂപയായും ഉയര്‍ന്നു.
ബി.എസ്.എന്‍.എല്ലിനും കനത്ത നഷ്ടം
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അഥവാ ബി.എസ്.എന്‍.എല്ലിന്റെയും നഷ്ടം കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) കുത്തനെ കൂടി. 2021-22ലെ 6,982 കോടി രൂപയില്‍ നിന്ന് 8,161 കോടി രൂപയായാണ് കൂടിയത്.
കമ്പനിയുടെ ചെലവ് 5.1 ശതമാനം വര്‍ദ്ധിച്ച് 27,364 കോടി രൂപയായി. അതേസമയം, പ്രവര്‍ത്തന വരുമാനം 16,811 കോടി രൂപയില്‍ നിന്ന് 19,130 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.
കേരളത്തിലും ക്ഷീണം
ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനമുള്ള സര്‍ക്കിളുകളിലൊന്നാണ് കേരളം. എന്നാല്‍, കഴിഞ്ഞവര്‍ഷം (2022-23) കേരളത്തില്‍ നിന്നുള്ള വരുമാനം രണ്ട് ശതമാനം താഴ്ന്ന് 1,656 കോടി രൂപയായി. കര്‍ണാടക, പഞ്ചാബ്, ആന്‍ഡമാന്‍ നിക്കോബാര്‍, ജമ്മു ആന്‍ഡ് കാശ്മീര്‍, ഉത്തര്‍പ്രദേശ് (വെസ്റ്റ്), ഗുജറാത്ത്, ചെന്നൈ, തെലങ്കാന സര്‍ക്കിളുകളിലും വരുമാനം കുറഞ്ഞു.
നിലവില്‍ 4ജി സേവനത്തിന്റെ പരീക്ഷണം നടത്തുകയാണ് ബി.എസ്.എന്‍.എല്‍. ഈ വര്‍ഷം തന്നെ കേരളത്തിലടക്കം 4ജി സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.
Tags:    

Similar News