കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം

നിലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സര്‍ക്കാരിന് 72.86% ഓഹരിയുണ്ട്

Update: 2023-08-11 08:13 GMT

image:@https://cochinshipyard.in/

പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ 3% ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ (OFS) വഴിയായിരിക്കും വില്‍പ്പനയെന്ന് പ്രമുഖ ബിസിനസ് വാര്‍ത്താ പോര്‍ട്ടലായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓഹരി വില്‍പ്പനയിലൂടെ 500-600 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലിവല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സര്‍ക്കാരിന് 72.86% ഓഹരികളുണ്ട്.
മികവിന്റെ കപ്പല്‍ശാല
രാജ്യത്തെ മുന്‍നിര കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപണിശാലയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാന വാഹിനിക്കപ്പലായ 'ഐ.എന്‍.എസ് വിക്രാന്ത്ര്' നിര്‍മിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാവികസേനയ്ക്ക് കൈമാറിയത് പ്രവര്‍ത്തന ചരിത്രത്തിലെ നിര്‍ണായക നാഴികക്കല്ലാണ്.
അടുത്തിടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് കേന്ദ്ര കപ്പല്‍, തുറമുഖ, ജലഗതാഗത മന്ത്രാലയം ഷെഡ്യൂള്‍-എ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനമികവാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. അടുത്ത നാല് വര്‍ഷം പ്രവര്‍ത്തന ലാഭത്തിലും വരുമാനത്തിലും സ്ഥിരതയാര്‍ന്നതും മികച്ചതുമായ വളര്‍ച്ച നിലനിര്‍ത്താനായാല്‍ നിലവില്‍ മിനി രത്‌ന (Mini Ratna) കമ്പനിയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് നവരത്‌ന (Nava Ratna)കമ്പനി എന്ന പദവി സ്വന്തമാക്കാനാകും.
ഓഹരിയില്‍ ഇടിവ്
ഓഹരി വില്‍പ്പന വാര്‍ത്തകള്‍ക്ക് പിന്നാലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരിവില ഇന്ന് 3.07 % ഇടിഞ്ഞു. ഇന്ന് 659.95 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി ഒരുവേള 661.8 രൂപ വരെ ഉയര്‍ന്നെങ്കിലും നിലവില്‍ 638.85 രൂപയിലാണ് (12.30 )വ്യാപാരം നടത്തുന്നത്.
തുടരുന്ന ഓഹരി വില്‍പ്പന
2023-24 ലെ കേന്ദ്ര ബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 51,000 കോടി രൂപ സമാഹരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ റെയില്‍വേയ്ക്ക് കീഴിലുള്ള റയല്‍ വികാസ് നിഗം ലിമിറ്റഡിന്റെ 5.36% ഓഹരികള്‍ ഒ.എഫ്.എസ് വഴി വിറ്റഴിച്ചിരുന്നു. ഇതുകൂടാതെ ഈ വര്‍ഷത്തിന്റെ തുടക്കത്തിൽ കോള്‍ ഇന്ത്യയുടെ 3% ഓഹരികളും ഒ.എഫ്.എസ് വഴി വിറ്റഴിച്ചു.
ഈ സാമ്പത്തിക വര്‍ഷം തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ദീപം) പൊതുമേഖലാ സ്ഥാപനമായ റൈറ്റ്‌സിന്റെയും (RITES) ഖനനമന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെയും ഓഹരി വിറ്റഴിക്കാന്‍ പദ്ധയിടുന്നതായും വാര്‍ത്തികളുണ്ട്.
Tags:    

Similar News