നാലാംപാദ ലാഭത്തില്‍ കുതിച്ച് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, വരുമാനത്തിലും വൻ വർധന
ഓഹരി ഇന്ന് എക്കാലത്തെയും പുതിയ ഉയരം തൊട്ടു
കൊച്ചി ആസ്ഥാനമായ പ്രമുഖ പൊതുമേഖലാ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 2023-24 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ സംയോജിത ലാഭത്തില്‍ 558 ശതമാനം വളര്‍ച്ച. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 39.33 കോടി രൂപയില്‍ നിന്ന് ലാഭം 258 കോടി രൂപയായി കുതിച്ചുയര്‍ന്നു. എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 244.37 കോടി രൂപയില്‍ നിന്ന് ലാഭം 5.6 ശതമാനത്തിന്റെ മിതമായ വളർച്ചയെ നേടിയുള്ളു .
ഇക്കാലയളവില്‍ സംയോജിത വരുമാനം മുന്‍ വര്‍ഷത്തെ 671.32 കോടി രൂപയില്‍ നിന്ന് 1,366.16 കോടി രൂപയായി. ഡിസംബര്‍ പാദത്തിലിത് 1,114.11 കോടി രൂപയായിരുന്നു. മൊത്ത വരുമാനത്തില്‍ 985.15 കോടി രൂപയും കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ളതാണ്. 300.89 കോടി രൂപ കപ്പല്‍ അറ്റകുറ്റപ്പണികളില്‍ നിന്നുമാണ്.
സാമ്പത്തിക വർഷത്തെ ലാഭം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,571 കോടി രൂപയില്‍ നിന്ന് 4,140 കോടി രൂപയായി. 61 ശതമാന വര്‍ധനയുണ്ട്. ഇക്കാലയളവില്‍ ലാഭം മുന്‍ വര്‍ഷത്തെ 304.70 കോടി രൂപയില്‍ നിന്ന് 157 ശതമാനം വര്‍ച്ചയോടെ 783.27 കോടി രൂപയായി.
2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഹരിയൊന്നിന് 2.25 രൂപ നിരക്കില്‍ അന്തിമ ലാഭ വിഹിതത്തിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ശിപാർശ ചെയ്തിട്ടുണ്ട്.
പണമായും പണത്തിന് തുല്യമായ ആസ്തിയായും 3,864 കോടി രൂപ കൈവശമുള്ള കൊച്ചിൻ ഷിപ് യാർഡ് കടമില്ലാത്ത കമ്പനിയായി തുടരുകയാണ്.
ഓഹരി മുന്നേറ്റത്തിൽ
ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ശേഷമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചത്. ഇന്ന് രാവിലത്തെ വ്യാപാര സെഷനില്‍ ഫലപ്രഖ്യാപന പ്രതീക്ഷകളില്‍ ഓഹരി ഏഴ് ശതമാനം ഉയര്‍ന്ന് പുതിയ റെക്കോഡിട്ടിരുന്നു. 7.38 ശതമാനം ഉയര്‍ന്ന് 2,034 രൂപയിലെത്തിയ ഓഹരി 0.82 ശതമാനം നേട്ടത്തോടെ 1,905.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി അനുദിനം റെക്കോഡ് തകര്‍ത്താണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളുടെ മുന്നേറ്റം.
Also Read: തരംഗമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്; ഓഹരി കത്തിക്കയറി, വിപണിമൂല്യത്തില്‍ കല്യാണിനും ഫാക്ടിനും മുന്നിൽ
മികച്ച ഓര്‍ഡറുകള്‍ നേടാനാകുന്നതാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ കരുത്ത് കൂട്ടുന്നത്. ഒരു വര്‍ഷക്കാലയളവില്‍ 706 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഉയര്‍ച്ച 122.73 ശതമാനവും.
50,000 കോടി കടന്ന് വിപണി മൂല്യം
ഇന്നത്തെ ഓഹരി വിലയനുസരിച്ച് 50,136.62 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ വിപണി മൂല്യം. നിലവില്‍ 68,670 കോടി രൂപ മൂല്യമുള്ള മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് മുന്നിലുള്ളത്.