യുദ്ധകപ്പല്‍ അറ്റകുറ്റപ്പണി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ₹488 കോടിയുടെ പ്രതിരോധ കരാര്‍

അടുത്ത സാമ്പത്തിക വര്‍ഷം പണി പൂര്‍ത്തിയാകും;

Update:2023-12-21 11:22 IST
Cochin Shipyard

image:@https://cochinshipyard.in/

  • whatsapp icon

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും (സി.എസ്.എല്‍) പ്രതിരോധമന്ത്രാലയവും 488.25 കോടി രൂപയുടെ കരാര്‍ ഒപ്പു വച്ചു. ചെറിയ കാലയളവിലേക്കുള്ള കപ്പല്‍ അറ്റകുറ്റപ്പണികള്‍ (short refit) ചെയ്യുന്നതിനാണ് ഓര്‍ഡര്‍. അതായത് നിലവില്‍ സര്‍വീസ് നടത്തുന്ന കപ്പലുകളിലെ ഉപകരണങ്ങളും ആയുധങ്ങളുമുള്‍പ്പെടെയുള്ളവ മാറ്റി പുതിയവ സ്ഥാപിക്കും.

പ്രതിരോധമന്ത്രാലയത്തിന്റെ ആവശ്യപ്രകാരം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ തന്നെ ഇതിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കി കപ്പല്‍ കൈമാറും.
ഓര്‍ഡറുകളുടെ കരുത്തില്‍
വാണിജ്യ, പ്രതിരോധ കപ്പലുകളുടെ നിര്‍മാണത്തിലും അറ്റകുറ്റപ്പണിയിലും രാജ്യത്തെ തന്നെ മുന്‍നിര കമ്പനിയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌.
 2023 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 22,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കൊച്ചി കപ്പല്‍ശാലയുടെ കൈവശമുള്ളത്. ഇതുകൂടാത 13,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ കൂടി ലഭിക്കുമെന്ന് ഉറപ്പായിട്ടുമുണ്ട്.
ഇന്ത്യയുടെ ആദ്യ തദ്ദേശ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മിച്ച് നേവിക്ക് കൈമാറിയത് കൊച്ചി കപ്പല്‍ശാലയാണ്. നേവിക്കായുള്ള മൂന്ന് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ ഈ മാസമാദ്യം കപ്പല്‍ശാല നീറ്റിലിറക്കിയിരുന്നു.
ലാഭവും വരുമാനവും
2023 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ കൊച്ചി കപ്പല്‍ശാലയുടെ ലാഭം 60.93 ശതമാനം ഉയര്‍ന്ന് 181.52 കോടി രൂപയിലെത്തിയിട്ടുണ്ട്. സംയോജിത വരുമാനം 1,100.40 കോടി രൂപയിലേക്കും ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 304.7 കോടി രൂപയായിരുന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ലാഭം.
ഓഹരിയില്‍ മുന്നേറ്റം
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ഓഹരികള്‍ ഇന്ന് മൂന്ന് ശതമാനത്തോളം ഉയര്‍ന്ന് 1,257 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 260 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണിത്. ഒരു വര്‍ഷക്കാലയളവില്‍ 111 ശതമാനവും ഒരു മാസക്കാലയളവില്‍ 15 ശതമാനവും ഓഹരി ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ ഓഹരി വില പ്രകാരം 16,500 കോടി രൂപയാണ് കൊച്ചി കപ്പല്‍ശാലയുടെ വിപണി മൂല്യം.
Tags:    

Similar News