ഡെക്കറേറ്റീവ് പെയിന്റ്, സ്വര്‍ണാഭരണ ബിസിനസുകള്‍ ഈ വര്‍ഷം ആരംഭിക്കും: കുമാര്‍ മംഗളം ബിര്‍ള
സ്വര്‍ണാഭരണ ബിസിനസിനായി പ്രഖ്യാപിച്ച 5,000 കോടി രൂപ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടന്‍ നിക്ഷേപിക്കും
രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പുത്തന്‍ ഡെക്കറേറ്റീവ് പെയിന്റ്, സ്വര്‍ണാഭരണ ബിസിനസുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഗ്രൂപ്പിന്റെ പെയിന്റ്‌സ് ബിസിനസ് ഗ്രാസിം ഇന്‍ഡസ്ട്രീസിന് കീഴിലായിരിക്കും. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ നോവല്‍ ജുവല്‍സ് ലിമിറ്റഡ് എന്ന ബ്രാന്‍ഡില്‍ അവതരിപ്പിച്ചുകൊണ്ട് വമ്പന്‍ ജുവലറി റീറ്റെയ്ല്‍ ശൃംഖലയൊരുക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.
സ്വര്‍ണാഭരണ ബിസിനസിനായി ഉടന്‍ 5,000 കോടി രൂപ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ആഭരണ ശൃംഖലയായ തനിഷ്‌കിന് എതിരാളിയായിരിക്കും പുതിയ കമ്പനി. നോവല്‍ ജുവല്‍സിന്റെ റീറ്റെയ്ല്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ഉടനീളം ഉടനെത്തും. രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 7 ശതമാനം സംഭാവന ചെയ്യുന്ന രത്‌ന, ആഭരണ വ്യവസായം 2025-ഓടെ 5.8 ലക്ഷം കോടിയിലെത്തുമെന്ന് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷം ഡെക്കറേറ്റീവ് പെയിന്റ്, സ്വര്‍ണാഭരണ വില്‍പ്പന എന്നീ രണ്ട് പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതോടെ കമ്പനിയുടെ ശക്തിയും വ്യാപ്തിയും വര്‍ധിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വിപണി മൂലധനം മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധിച്ച് ഏകദേശം 7.5 ലക്ഷം കോടി രൂപയായി. മാനുഫാക്ചറിംഗ് ബിസിനസുകളാണ് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചത്. പിന്നാലെ ഗ്രൂപ്പിന്റെ ഉപഭോക്തൃ ബിസിനസുകളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.