വോഡഫോണിന് തിരിച്ചു വരവ് കടുപ്പം, കോടതി വിധിയിലുടക്കി കടമെടുപ്പ്; ഉപയോക്താക്കള്‍ക്കും കൈപൊള്ളും
താരിഫ് നിരക്ക് കൂട്ടാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍
കടപ്രതിസന്ധിയിൽ അകപ്പെട്ട വോഡഫോണ്‍ ഐഡിയയ്ക്ക് മുന്നില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. 25,000 കോടി രൂപയുടെ കടമെടുപ്പ് പദ്ധതിയില്‍ കാലതാമസമുണ്ടാകുന്നത് തിരിച്ചു വരവ് പ്രതിസന്ധിയിലാക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു (എ.ജി.ആര്‍) കുടിശികയില്‍ ഇളവ് തേടി ടെലികോം കമ്പനികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയതാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. എ.ജി.ആര്‍ കുടിശികയില്‍ ആശ്വാസമുണ്ടാകുമോയെന്നും ബാങ്ക് ഗ്യാരന്റി ഒഴിവാക്കുമോ എന്നുമുള്ള കാര്യത്തില്‍ വ്യക്തത ലഭിക്കുന്നതു വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുമെന്നാണ് വോഡഫോണ്‍ അധികൃതര്‍ പറയുന്നത്. 2022ന് മുമ്പ് വാങ്ങിയ സ്‌പെക്ട്രത്തിന് ബാങ്ക് ഗ്യാരന്റി നല്‍കണമെന്നുള്ളത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു.
ആശ്വാസം അകലെ
വോഡഫോണ്‍ ഐഡിയയുടെ കുടിശിക ഓഹരിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അതുവഴി കടപ്രതിസന്ധിക്ക് അയവ് വരുമെന്നുമായിരുന്നു വോഡഫോണ്‍ കണക്കുകൂട്ടിയിരുന്നത്. വി.ഐയ്ക്ക് 70,320 കോടി രൂപയാണ് എ.ജി.ആറുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ളത്. 2025 സെപ്റ്റംബറില്‍ മോറട്ടോറിയം അവസാനിക്കുന്നതിനാല്‍ 2026 മാര്‍ച്ചോടെ സര്‍ക്കാരിന് 29,000 കോടി രൂപ അടയ്ക്കണം. 2027 ആകുമ്പോള്‍ മറ്റൊരു 43,000 കോടിയും അടയ്‌ക്കേണ്ടതുണ്ട്.
നവംബര്‍ അവസാനത്തോടെ ഫണ്ട് സമാഹരിക്കാനാകുമെന്നായിരുന്നു വോഡഫോണ്‍ ഐഡിയയുടെ പ്രതീക്ഷ. ഇതുപയോഗിച്ച് പ്രവര്‍ത്തനം ശക്തമാക്കി തിരിച്ചു വരാമെന്നും കണക്കുകൂട്ടി. എന്നാൽ കോടതി വിധി കാര്യങ്ങൾ തകിടം മറിച്ചു. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയുമായി കടുത്ത മത്സരം നിലനില്‍ക്കുന്നതിനിടെയാണ് ഈ ബാധ്യതകള്‍ കമ്പനിയെ വരിഞ്ഞു മുറുക്കുന്നത്.
അടുത്ത രണ്ട് മൂന്ന് വര്‍ഷത്തെ മൂലധന ചെലവഴിക്കലുകള്‍ക്കായി 50,000-55,000 കോടി രൂപ കമ്പനിക്ക് ആവശ്യമുണ്ട്. 4 ജി കവറേജ് കൂട്ടാനും സുപ്രധാന വിപണികളില്‍ 5 ജി സേവനം നടപ്പാക്കാനുമാണ് വോഡഫോണ്‍ ഈ തുക വിനിയോഗിക്കുക. നിലവിലെ മത്സരം നേരിടണമെങ്കില്‍ ഇത് നിര്‍ണായകമാണ്. ഫണ്ട് നേടാന്‍ കാലതാമസമെടുക്കുന്നത് ഈ പദ്ധതികതികളെ ബാധിക്കുമെന്ന ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്.
വോഡഫോൺ ഐഡിയയിൽ സർക്കാറിന് 23.15 ശതമാനം പങ്കാളിത്തമുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പും (14.76 ശതമാനം), വോഡഫോണ്‍ ഗ്രൂപ്പുമാണ് (22.56 ശതമാനം) മറ്റ് ഉടമസ്ഥര്‍.
ബില്ല് കൂടും, മുണ്ട് മുറുക്കിക്കോ
വോഡഫോണ്‍ ഐഡിയ കസ്റ്റമേഴ്‌സിന് എന്തായാലും ഇത് നല്ല കാലമായിരിക്കില്ല. വീണ്ടും നിരക്കുകള്‍ ഉയര്‍ത്താന്‍ കമ്പനി നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവര്‍ ഇനി അതിനനുസരിച്ച് ഉയർന്ന നിരക്ക് നല്‍കേണ്ടി വരും. നിരക്ക് വര്‍ധനയിലൂടെ നിലവിലെ പ്രതിസന്ധികള്‍ക്ക് ചെറിയ പരിഹാരം കാണാനാകുമെന്നാണ് വോഡഫോണ്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ വയര്‍ലെസ് മേഖല മൊത്തത്തില്‍ നിര്‍ണായക സാഹചര്യങ്ങളൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ജൂലൈ 14 മുതല്‍ വോഡഫോണ്‍ നിരക്കുകള്‍ 11-24 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. ഈ വില വര്‍ദ്ധനയെത്തുടര്‍ന്ന് കമ്പനിയുടെ മൊത്തം ഉപഭോക്താക്കളുടെയും 4G വരിക്കാരുടെയും എണ്ണത്തില്‍ ഇടിവുണ്ടായി. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ ഉപഭോക്താക്കളുടെ എണ്ണം 21 കോടിയില്‍ നിന്ന് 20.5 കോടിയായി കുറഞ്ഞു, 4G ഉപഭോക്താക്കളുടെ എണ്ണം 12.67 കോടിയില്‍ നിന്ന് 12.59 കോടിയായി കുറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കുന്നത് ഉപയോക്തൃ അടിത്തറയില്‍ ഇളക്കം തട്ടാൻ ഇടയാക്കുമെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. വോഡഫോണിന്റെ കസ്റ്റമേഴ്‌സ് ഉള്‍പ്പെടെ പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്ലിലേക്കാണ് അടുത്തിടെയായി ചുവടു മാറുന്നത്.