റഷ്യയുടെ ഡിസ്‌കൗണ്ട് എണ്ണ തുണച്ചു; ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവില്‍ വന്‍ കുറവ്

വെനസ്വേലന്‍ എണ്ണയ്ക്ക് പൂട്ടിടാന്‍ അമേരിക്ക; ഇറാനെതിരെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍

Update:2024-04-18 15:40 IST

Image : Canva

റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ വന്‍തോതില്‍ എണ്ണയൊഴുകിയെത്തിയതോടെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍ച്ചെലവിലുണ്ടായത് വന്‍ നേട്ടം. 2022-23ല്‍ 15,750 കോടി ഡോളറാണ് (ഏകദേശം 13 ലക്ഷം കോടി രൂപ) ചെലവായതെങ്കില്‍ കഴിഞ്ഞവര്‍ഷം (2023-24) അത് 16 ശതമാനം താഴ്ന്ന് 13,240 കോടി ഡോളറില്‍ (11 ലക്ഷം കോടി രൂപ) എത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ (PPAC) വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം 232.5 മില്യണ്‍ മെട്രിക് ടണ്‍ (mmt) അസംസ്‌കൃത എണ്ണയാണ് (ക്രൂഡോയില്‍) ഇന്ത്യ ആകെ ഇറക്കുമതി ചെയ്തത്. 2022-23ലും ഏതാണ്ട് ഇതേ അളവിലായിരുന്നു ഇറക്കുമതി. എന്നാല്‍, കഴിഞ്ഞവര്‍ഷം റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഡിസ്‌കൗണ്ട് ലഭിച്ചത് വാങ്ങല്‍ച്ചെലവ് കുറയാന്‍ സഹായിക്കുകയായിരുന്നു.
ക്രൂഡോയിലിന് വേണ്ടിയാണ് ഇന്ത്യ വിദേശനാണ്യത്തിന്റെ മുഖ്യപങ്കും ചെലവിടുന്നത്. ഇത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ ഉയര്‍ന്നുനില്‍ക്കാന്‍ ഇടയാക്കുന്നുമുണ്ട്. എന്നാല്‍, കഴിഞ്ഞവര്‍ഷം ക്രൂഡോയില്‍ ഇറക്കുമതിക്കുള്ള ചെലവ് കുറഞ്ഞുവെന്നത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളില്‍ വലിയ ആശ്വാസവും ഇന്ത്യക്ക് നല്‍കുന്നുണ്ട്.
ഇറക്കുമതിയാണ് ആശ്രയം
ലോകത്ത് ഏറ്റവുമധികം ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള 87.7 ശതമാനം ക്രൂഡോയിലും ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇറക്കുമതി ചെയ്യുകയായിരുന്നു.
2022-23ല്‍ ഇത് 87.4 ശതമാനവും 2021-22ല്‍ 85.5 ശതമാനവുമായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലെ മാത്രം ഉപഭോഗം കണക്കിലെടുത്താല്‍ ഇറക്കുമതി ആശ്രയത്വം (import dependency) 88 ശതമാനമാണ്.

ഏറ്റവും പുതിയ ധനംഓൺലൈൻ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം

ഇന്ത്യയിലെ ക്രൂഡോയില്‍ ഉത്പാദനം കഴിഞ്ഞ സാമ്പത്തികവര്‍ഷം 29.4 എം.എം.ടിയായിരുന്നു. 2022-23ലെ 29.2 എം.എം.ടിയെ അപേക്ഷിച്ച് നേരിയ വര്‍ധന. കഴിഞ്ഞവര്‍ഷം 18.1 എം.എം.ടിയും ഉത്പാദിപ്പിച്ചത് ഒ.എന്‍.ജി.സിയാണ്.
വെനസ്വേലയ്ക്ക് അമേരിക്കന്‍ വിലക്ക്?
ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും ക്രൂഡോയില്‍ ഉത്പാദക രംഗത്തെ പ്രമുഖരുമായ വെനസ്വേലയ്‌ക്കെതിരെ കടുത്ത നടപടിക്ക് അമേരിക്ക. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ തുടര്‍ച്ചയായി അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നീക്കം.
അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയാല്‍ വെനസ്വേലന്‍ ക്രൂഡോയിലിന്റെ രാജ്യാന്തര വിപണിയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടും. ഇന്ത്യക്കും ഇത് തിരിച്ചടിയാകും. കാരണം, റഷ്യയെ പോലെ ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്ത്യക്ക് വെനസ്വേലന്‍ എണ്ണ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഇസ്രായേലിന് നേര്‍ക്ക് മിസൈല്‍വര്‍ഷം ചൊരിഞ്ഞ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലയ്ക്കും ഇറാനുമെതിരെ ഉപരോധം വന്നാല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കൂടാനും അതിടയാക്കും.
Tags:    

Similar News